മാരുതി അള്‍ട്ടോയെ പിന്തള്ളി പുത്തന്‍ ഡിസയര്‍ ഒന്നാമന്‍

By Web DeskFirst Published Sep 25, 2017, 4:53 PM IST
Highlights

രാജ്യത്തെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന പേര് ഇനി മാരുതി ഡിസയറിന് സ്വന്തം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം)  2017 ആഗസ്തിലെ വില്‍പ്പന കണക്കനുസരിച്ചാണ് മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ പുത്തന്‍ ഡിസയര്‍ ഒന്നാംസ്ഥാനത്തെത്തിയത്. മാരുതിയുടെ തന്നെ ആള്‍ട്ടോയെ കടത്തിവെട്ടിയാണ് ഡിസയര്‍ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ചുകൊണ്ടിരുന്ന മോഡലായ ആള്‍ട്ടോ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ ഓഗസ്റ്റില്‍ 26,140 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം 21,521 യൂണിറ്റായിരുന്ന ആല്‍ട്ടോയുടെ വില്‍പന. 2017 മേയിലാണ് മാരുതി പുത്തന്‍ ഡിസയറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പഴയ ഡിസയര്‍ 15,766 യൂണിറ്റുകള്‍ മാത്രമായിരുന്നു വിറ്റുപോയത്. ആള്‍ട്ടോ 20,919 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.

സിയാമിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഓഗസ്റ്റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പത്ത് കാര്‍ മോഡലുകളില്‍ ഏഴും മാരുതി സുസുക്കിയുടെതാണ്. ശേഷിച്ച മൂന്നെണ്ണം ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെതുമാണ്.  മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബെലേനോയാണ് മൂന്നാം സ്ഥാനത്ത്. ബെലേനോയുടെ 17,190 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്.

കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസ 14,396 യൂണിറ്റുകള്‍ വിറ്റ് നാലാം സ്ഥാനത്തുണ്ട്. 13,907 യൂണിറ്റുകളുമായി വാഗണ്‍ ആര്‍ അഞ്ചാമതാണ്.

2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഏറ്റവും പുതിയ മോഡലിൽ സംഭവിച്ചിരിക്കുന്നത്.

1.2 ലിറ്റർ, 4 സിലിണ്ടർ 83 ബിഎച്ച്പി പെട്രോൾ, 1.3 ലിറ്റർ 4 സിലിണ്ടർ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിനുകൾ. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 5 സ്പീഡ് മാനുവൽ എഎംടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുകളുണ്ട്. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വർദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്.  എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലുമുണ്ട്

 

click me!