ജർമൻ ഫുട്ബോൾ ടീമും മെഴ്സിഡീസും സഖ്യം അവസാനിപ്പിച്ചു

By Web TeamFirst Published Nov 24, 2018, 12:29 PM IST
Highlights

നാലര പതിറ്റാണ്ടിലേറെയായി ജർമ്മൻ ഫുട്ബോൾ അസോസിയേഷനുമായി തുടരുന്ന സഖ്യം ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് അവസാനിപ്പിച്ചു.

നാലര പതിറ്റാണ്ടിലേറെയായി ജർമ്മൻ ഫുട്ബോൾ അസോസിയേഷനുമായി തുടരുന്ന സഖ്യം ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് അവസാനിപ്പിച്ചു. അടുത്ത വർഷം മുതൽ ഡി എഫ് ബിക്കുള്ള സ്പോൺസർഷിപ്പിൽ നിന്നു പിൻമാറാനാണു മെഴ്സിഡീസ് ഒരുങ്ങുന്നത്. 

കമ്പനിയുമായി ദശാബ്ദങ്ങൾ നീണ്ട പങ്കാളിത്തത്തിനിടെ അസാധാരണ നേട്ടങ്ങളാണു ജർമൻ ഫുട്ബോൾ ടീം കൈവരിച്ചതെന്ന് ഡെയ്മ്‌ലർ എ ജി ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ഡീറ്റർ സെച് അഭിപ്രായപ്പെട്ടു. മെഴ്സിഡീസ് ബെൻസിലൂടെ ടീമിന്റെ പങ്കാളിയാവാൻ കഴിഞ്ഞത് ഉജ്വല അനുഭവമായിരുന്നു. പങ്കാളിത്തം പിരിയുന്നോടെ പുതിയ സാധ്യതകൾ തേടാനുള്ള അവസരമാണു കമ്പനിക്കു ലഭിക്കുന്നത്. സ്പോൺസർഷിപ് ഉപേക്ഷിച്ചാലും ദേശീയ ഫുട്ബോൾ ടീമിന്റെ ആരാധകരായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ വെൽറ്റിൻസ് അരീനയിൽ കഴിഞ്ഞ ദിവസം നടന്ന ജർമനി — നെതർലൻഡ്സ് മത്സരം ജർമൻ ദേശീയ ടീമിനു മെഴ്സീഡിസ് ബെൻസ് ജഴ്സിയിലുള്ള അവസാന പോരാട്ടവുമായി. ‘ദ് ജേണി’ എന്നു പേരിട്ട പുതിയ പരസ്യവുമായാണ് മെഴ്സിഡീസ് ബെൻസ് ദേശീയ ഫുട്ബോൾ ടീമുമായുള്ള സുദീർഘമായ ബന്ധത്തിന് അന്ത്യം കുറിച്ചത്. ജർമനിയുടെ ഫുട്ബോൾ ചരിത്രം ആസ്പദമാക്കി കഴിഞ്ഞ 46 വർഷത്തിനിടെയുള്ള വ്യത്യസ്ത ഓർമകളാണു പരസ്യം പങ്കുവയ്ക്കുന്നത്. 

click me!