ഏറ്റവും കുറഞ്ഞ വിലയില്‍ ബ്രൂട്ടെയ്ൽ 800 വിപണിയില്‍

By Web DeskFirst Published Jul 24, 2017, 10:13 AM IST
Highlights

ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ എം വി അഗസ്റ്റയുടെ ബ്രൂട്ടെയ്ൽ 800 ഇന്ത്യന്‍വിപണിയിലെത്തി. ഇന്ത്യൻ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലെന്ന പ്രത്യേകതയുമായിട്ടാണ് ബ്രൂട്ടെയ്ൽ 800 എത്തിയിരിക്കുന്നത്. 15.59 ലക്ഷം രൂപയാണു ബൈക്കിന്‍റെ എക്സ് ഷോറൂം വില.

ബൈക്കിന്‍റെ 798 സി സി എൻജിന്‍ 109 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കും. മണിക്കൂറിൽ 267 കിലോമീറ്ററാണു പരമാവധി വേഗം. പൂർണമായും പുനര്‍രൂപകൽപ്പന ചെയ്ത ബ്രൂട്ടെയ്ൽ 800 കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിയത്. എം വി അഗസ്റ്റ ശ്രേണിയിലെ ഏറ്റവും വിൽപ്പനയുള്ള മോഡലും ബ്രൂട്ടെയ്ലാണ്. കൈനറ്റിക്കിന്റെ ഉടമസ്ഥതയിലുള്ള മോട്ടോറോയാലിന്റെ സഹകരണത്തോടെയാണ് ബ്രൂട്ടെയില്‍ വിപണിയിലെത്തുന്നത്. ഒരു വർഷം മുമ്പ് ഇന്ത്യൻ വിപണിയിലെത്തിയ എം വി അഗസ്റ്റയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 100 യൂണിറ്റോളമാണ്. ബ്രൂട്ടെയ്ൽ 800’ എത്തുന്നതോടെ അടുത്ത വർഷത്തിനകം വിൽപ്പന 400 യൂണിറ്റായി ഉയരുമെന്ന പ്രതീക്ഷയിലാണു മോട്ടോറോയാൽ.

നിലവിൽ പത്തോളം ബുക്കിങ്ങുകളാണു ബ്രൂട്ടെയ്ൽ 800 നേടിയെന്നു മോട്ടോറോയാൽ അവകാശപ്പെടുന്നു. ഇരുചക്രവാഹന വിഭാഗത്തെ 2008ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കു വിറ്റൊഴിഞ്ഞാണു കൈനറ്റിക് ഈ വിപണിയോടു വിട പറഞ്ഞത്. മഹീന്ദ്രയുമായുള്ള കരാറിലെ വ്യവസ്ഥകൾ പ്രകാരം 2018 വരെ കൈനറ്റിക്കിനു സ്വന്തം ബ്രാൻഡിൽ ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കാനാവില്ല.

അതേസമയം മോട്ടോറോയലിലൂടെ ഇരുചക്രവാഹന വിഭാഗത്തിൽ തിരിച്ചെത്തിയ കൈനറ്റിക് ലാഭക്ഷമതയേറിയ പ്രീമിയം ബ്രാൻഡുകളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു മോട്ടോറോയാൽ — എം വി അഗസ്റ്റ ഇന്ത്യ മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ യുടെ അഭിപ്രായം.

click me!