ജാഗ്രത; ഈ വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടി വരുന്നു

By Web TeamFirst Published Feb 3, 2019, 11:41 AM IST
Highlights

അമിതവേഗതയ്ക്ക് ക്യാമറയില്‍ കുടുങ്ങി നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്‍ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  

തിരുവനന്തപുരം: അമിതവേഗതയ്ക്ക് ക്യാമറയില്‍ കുടുങ്ങി നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്‍ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാനാണ് നീക്കം. അഞ്ചു തവണ അമിതവേഗത്തിനു പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.  അമിത വേ​ഗതയ്ക്ക് കഴിഞ്ഞ വര്‍ഷം മാത്രം 4.6 ലക്ഷം വാഹനയുടമകള്‍ കുടുങ്ങിയിട്ടും ഇതില്‍ 15 % പേര്‍ പിഴയടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ​കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തു വരുന്നത്. 

2017ല്‍ 4287 പേരാണ് റോഡപകടത്തില്‍ മരിച്ചത്. അതിലേറെയും അമിത വേ​ഗം കൊണ്ടുണ്ടായ അപകടങ്ങളാണ്. ഒരു തവണ ക്യാമറയില്‍ കുടുങ്ങിയാല്‍ 400 രൂപയാണ് പിഴ. നോട്ടീസ് തപാല്‍ വഴി ലഭിച്ചിട്ടില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാനാകും.

48,000 വാഹനങ്ങളാണ് 2017- 2018 കാലത്ത് അമിതവേഗത്തില്‍ അഞ്ചു തവണയും അതിലേറെ തവണയും കുടുങ്ങിയത് . അഞ്ചു തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേര്‍ക്കാണ് ആദ്യം നോട്ടിസ് അയയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം10 തവണയില്‍ കുടുതല്‍ കുടുങ്ങിയ 2500 പേര്‍ പണമടയ്ക്കാനുണ്ട്. രണ്ടു മാസത്തിനിടെ 50 തവണ അമിത വേഗത്തിനു പിഴയടച്ച വാഹനയുടമകളുണ്ട്. ഒറ്റ യാത്രയില്‍ തന്നെ 7 തവണ അമിത വേഗത്തിനു കുടുങ്ങിയവരുമുണ്ട്. 25 തവണയില്‍ കുടുതല്‍ കുടുങ്ങിയിട്ടും പണമടയ്ക്കാത്ത 497 പേരുണ്ട്. 10നും 25നും ഇടയില്‍ തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാത്തവര്‍ 25,825 പേരാണെന്നുമാണ് കണക്കുകള്‍.

ദേശീയ പാതകളില്‍ വേഗ പരിധി കൂട്ടി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ നിലവിലുള്ള വേഗ പരിധി ഉയര്‍ത്തിയിട്ടില്ല. കേരളത്തിലെ ദേശീയപാതകളുടെ അവസ്ഥ പരിഗണിച്ചാണിത്. നാലുവരി പാതയില്‍  100 കിലോമീറ്ററും നഗരപരിധിയില്‍ 70 കിലോമീറ്ററുമാണ് കാറുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പറയുന്ന വേഗം. 

എന്നാല്‍ കേരളത്തില്‍ ദേശീയ പാതയില്‍ 85 കിലോമീറ്ററും സംസ്ഥാന പാതയില്‍ 80 കി.മീറ്ററും നാലുവരിപ്പാതയില്‍ 90 കിലോമീറ്ററും മറ്റു റോഡുകളില്‍ 70 കിമീ നഗരപരിധിയില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് കണക്ക്.

click me!