12000 രൂപയുടെ കാറുണ്ടാക്കിയ ആ ഏഴാം ക്ലാസുകാരനോട് അന്ന് നമ്മള്‍ ചെയ്‍തത്!

By Web TeamFirst Published Feb 3, 2019, 10:41 AM IST
Highlights

രത്തന്‍ ടാറ്റ നാനോ കിനാവു കാണുന്നതിനും ഏറെ മുമ്പ് കേവലം 12000 രൂപയ്ക്ക് ഒരു ചെറുകാര്‍ ഉണ്ടാക്കിയ ഒരു ഇന്ത്യക്കാരനെ നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? സ്‍കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാവാത്ത ഒരു പാവം എഞ്ചിനീയറായിരുന്നു മീര മിനി എന്ന ആ കുഞ്ഞന്‍ കാറിന്‍റെയും ശങ്കർ റാവു കുൽക്കർണി എന്ന ആ മനുഷ്യന്‍റെയും കഥ.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുമായെത്തിയ ടാറ്റയുടെ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന്​ വിടപറയാനൊരുങ്ങുകയാണ്. 2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്‍റെ വില ഒരുലക്ഷം രൂപയായിരുന്നു. ഇത്രയും ചുരുങ്ങിയ വിലയില്‍ ടാറ്റ നാനോയെ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍ വാഹന ലോകം ശരിക്കും അമ്പരന്നിരുന്നു. എന്നാല്‍ അതിനൊക്കെ ഏറെ മുമ്പ് കേവലം 12000 രൂപയ്ക്ക് ഒരു ചെറുകാര്‍ ഉണ്ടാക്കിയ ഒരു ഇന്ത്യക്കാരനെ നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? സ്‍കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാവാത്ത ഒരു പാവം എഞ്ചിനീയറായിരുന്നു മീര മിനി എന്ന ആ കുഞ്ഞന്‍ കാറിന്‍റെ ശില്‍പ്പി. ശങ്കർ റാവു കുൽക്കർണി എന്ന ആ മനുഷ്യന്‍റെയും മീര മിനി എന്ന കുഞ്ഞന്‍ കാറിന്‍റെയും കഥ.

മഹാരാഷ്ട്രക്കാരനായ ശങ്കർ റാവു കുൽക്കർണിക്ക് ഏഴാം ക്ലാസില്‍ വച്ച് സ്കൂള്‍ വിദ്യാഭാസം അവസാനിപ്പിക്കേണ്ടി വന്നു. പക്ഷേ അദ്ദേഹത്തിന്‍റ സ്വപ്‍നങ്ങള്‍ക്കും എൻജിനീയറിങ് കഴിവുകള്‍ക്കും അന്തമുണ്ടായിരുന്നില്ല. സാധാരണ ജനങ്ങൾക്ക് വാങ്ങാനാകുന്ന ഒരു കാർ നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്‍നം.  ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു അന്ന്. 1945 ൽ കാറിന്‍റെ നിര്‍മ്മാണം തുടങ്ങിയ കുല്‍ക്കര്‍ണി 1949 ഓടെ കാറിന്റെ ആദ്യരൂപം അദ്ദേഹം നിർമ്മിച്ചു. ഈ പ്രോട്ടോടൈപ്പ് വാഹനം മഹാരാഷ്ട്ര വാഹന വകുപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. MHK 1906 എന്ന ഈ പ്രോട്ടോ ടൈപ്പ് കാര്‍ 2 പേര്‍ക്ക് സഞ്ചരിക്കാവുന്നതായിരുന്നു.

രണ്ട് വർഷങ്ങൾക്കു ശേഷം 1951 ൽ അദ്ദേഹം  മൂന്ന് സീറ്റുകളോട് കൂടി കാർ പുനർനിർമ്മിച്ചു. ശേഷം 1960 ൽ വീണ്ടും നവീകരിച്ച് രൂപകൽപന ചെയ്തു. എയർ കൂളിങ് എഞ്ചിൻ, റിവേഴ്സ് ഗിയറടക്കം അഞ്ചു ഗിയറുകള്‍, ലഘുവായ ഭാരം തുടങ്ങിയവ കാറിന്റെ പ്രത്യേകതകൾ ആയിരുന്നു. 6 മുതല്‍ 11 ഇഞ്ച് വരെയായിരുന്നു വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ചെലവ് കുറയ്ക്കാനായി റബര്‍ സസ്പെന്‍ഷനായിരുന്നു കാറില്‍. ഇതിലൂടെ കുൽക്കർണി വാഹനത്തില്‍ നിന്നു ഒഴിവാക്കിയത് നൂറോളം സ്പെയര്‍ പാര്‍ട്ടുകളാണ്. ഒരു ടയറിലുണ്ടാകുന്ന ആഘാതം മറ്റു ടയറുകളെ പോലും ബാധിക്കാത്ത വിധം മികച്ചതായിരുന്നു വാഹനത്തിന്‍റെ റബര്‍ സസ്പെന്‍ഷന്‍. റബർ നിര്‍മ്മിതമായ സ്പെയര്‍ പാര്‍ട്യുകളും സസ്പെന്‍ഷനുകളും കാറിന്റെ ചെലവ് ചുരുക്കുന്നതിൽ സഹായകമായിട്ടുണ്ടെന്നായിരുന്നു കുൽക്കർണിയുടെ വാദം. 

കുൽക്കർണി നിർമ്മിച്ച എല്ലാ വകഭേദങ്ങളും ഇന്ധനക്ഷമത ഉള്ളവയായിരുന്നു. 1951 മോഡൽ ലിറ്ററിന് 21 കിലോമീറ്ററും മണിക്കൂറിൽ 90 കിലോമീറ്റർ വേഗവും നൽകിയിരുന്നു. 1960 മോഡലിന് ശേഷം മീരയുടെ അവസാന വകഭേദം 1970 ൽ കുൽക്കർണി നിർമ്മിച്ചു. മുമ്പുള്ള വകഭേദങ്ങളെക്കാളും ഏറ്റവും ചെറുതായിരുന്നു ഇത്. മൂന്ന് ഡോറുകളോടുള്ള കാറിന് പിറകിലായിരുന്നു എഞ്ചിൻ. 14 bhp കരുത്ത് നൽകുന്ന വാട്ടർ കൂളിങ്ങ് എഞ്ചിനും ഇതിനോട് ഘടിപ്പിച്ചിരുന്നു. അങ്ങനെ 1975ല്‍ നാല് സീറ്റോട് കൂടിയ മീര കാറിന്റെ അവസാന പതിപ്പ് പൂർത്തിയാക്കിയ കുൽക്കർണി, അത് അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചു.  14 ബിഎച്ച്പി കരുത്തും 21 കിലോമീറ്റര്‍ മൈലേജും, 4 സ്പീഡ് ട്രാന്‍സ്മിഷനും ഉണ്ടായിരുന്ന ഈ കാര്‍ 12000 രൂപയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി. അന്ന് മുംബൈയിലൂടെ ഒരു പ്രദർശന ഓട്ടം കുൽക്കർണി നടത്തിയതായും കാർ ഫാക്ടറി നിർമ്മിക്കുന്നതിനായി ജയ് സിങ്പൂർ മുനിസിപ്പാലിറ്റി സ്ഥലം വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹത്തിന്റെ ചെറുമകൻ ഹേമന്ത് കുൽക്കർണി പറയുന്നു. 

പക്ഷേ  ഉദ്യോഗസ്ഥരും ചുവപ്പു നാടകളുടെ കുരുക്കുകളും കുല്‍ക്കര്‍ണിയുടെ സ്വപ്‍നങ്ങളെ തല്ലിക്കെടുത്തി. ഇതിനകം 50 ലക്ഷത്തോളം രൂപ കാറിന്‍റെ നിര്‍മാണ പരീക്ഷണങ്ങള്‍ക്കായി കുല്‍ക്കര്‍ണി ചിലവഴിച്ചിരുന്നു. അഞ്ച് കാറുകള്‍ കൂടി ഇതിനിടെ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ ഈ കാറുകള്‍ക്കൊന്നും റോഡിലിറക്കാനുള്ള അനുമതിയോ പേറ്റന്‍റോ ലഭിച്ചില്ല. ഒടുവില്‍ മീര എന്ന കാറിന്‍റെ പദ്ധതി തന്നെ അദ്ദേഹം ഉപേക്ഷിച്ചു.  

ഇതിനിടെ മാരുതിയും സുസുക്കിയുടെ ആദ്യ സംരംഭം മാരുതി 800 ഇന്ത്യൻ നിരത്തിലിറക്കി. അതോടെ ഇന്ത്യൻ കാർ വിപണി അടിമുടി മാറിമറിഞ്ഞു. പക്ഷേ കുൽക്കർണിയുടെ മീര കാർ വിപണിയിലെത്തിയിരുന്നെയെങ്കിൽ ഇന്ത്യൻ വാഹന വ്യവസായ രംഗത്ത് വളരെ നേരത്തെ തന്നെ ഒരു വിപ്ലവത്തിന് തുടക്കം കുറിക്കലാകുമായിരുന്നു. 

എന്തായാലും കുല്‍ക്കര്‍ണിയുടെ സ്വപ്‍നം 2008ല്‍ രത്തന്‍ ടാറ്റ നടപ്പിലാക്കിയത് ഇന്ത്യന്‍ വാഹന ലോകം കണ്ടു. എന്നാല്‍ തുടക്കത്തിൽ ഒന്നര ലക്ഷത്തിൽ താഴെയേ വിലയുണ്ടായിരുന്നെങ്കിലും ഗുണമേൻമയില്ലാത്ത വണ്ടി ജനം തള്ളക്കളഞ്ഞു. വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി അനുദിനം വളരുകയാണ്. സ്വന്തമായിട്ടൊരു കാര്‍ എന്നത് സാധാരണക്കാരന്‍റെ എക്കാലത്തെയും സ്വപ്നങ്ങലിലൊന്നായി അവശേഷിക്കുകയും ചെയ്യുന്നു. എഅപ്പോള്‍ ശങ്കര്‍ റാവു കുല്‍ക്കര്‍ണി എന്ന ഏഴാം ക്ലാസുകാരന്‍റെ സ്വപ്‍നങ്ങള്‍ എങ്ങനെ മരിക്കാനാണ്?

Photos And Content Courtesy: Cartoq dot com

click me!