'കോബ്ര'യില്‍ കുടുങ്ങി തലസ്ഥാനത്തെ ട്രാഫിക്ക് നിയമ ലംഘകര്‍

By Web TeamFirst Published Jan 22, 2019, 4:21 PM IST
Highlights

 'ഓപ്പറേഷന്‍ കോബ്ര' എന്ന പേരില്‍ സിറ്റി പോലീസ് തലസ്ഥാനഗരിയില്‍ നടത്തുന്ന വാഹന പരിശോധന ട്രാഫിക്ക് നിയമ ലംഘകര്‍ക്ക് പേടി സ്വപന്മാകുന്നു. 

തിരുവനന്തപുരം:  'ഓപ്പറേഷന്‍ കോബ്ര' എന്ന പേരില്‍ സിറ്റി പോലീസ് തലസ്ഥാനഗരിയില്‍ നടത്തുന്ന വാഹന പരിശോധന ട്രാഫിക്ക് നിയമ ലംഘകര്‍ക്ക് പേടി സ്വപന്മാകുന്നു. കഴിഞ്ഞ ദിവസം മാത്രം ഈ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരും കുട്ടിഡ്രൈവര്‍മാരെയും ഉള്‍പ്പെടെ 180 പേരെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിറ്റി പോലീസ് കമ്മിഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍  മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച് എഴുപതു പേരും അമിതവേഗതയില്‍ വാഹനമോടിച്ച നാല്‍പത് പേരും പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച ഇരുപത് പേരും വാഹനം രൂപമാറ്റം വരുത്തിയ അന്‍പത് പേരുമാണ് ഓപ്പറേഷന്‍ കോബ്രയുടെ ആദ്യദിവസം പിടിയിലായത്. 

മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാരും അനുവദനീയമായതിലും അധികം വിദ്യാര്‍ഥികളെ കയറ്റിയ സ്‌കൂള്‍ വാഹനങ്ങള്‍, കൊച്ചുകുട്ടികള്‍ കയറുന്ന ഹെല്‍പ്പര്‍മാര്‍ ഇല്ലാത്ത സ്‌കൂള്‍വാഹനങ്ങള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓടിയ വാഹനങ്ങള്‍ എന്നിവ പിടികൂടി. യൂണിഫോം ഇല്ലാതെ വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെയും വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയ ആഡംബര കാറുള്‍പ്പെടെയുള്ള വാഹനങ്ങളും പൊലീസിന്‍റെ വലയിലായി.

രൂപമാറ്റം വരുത്തിയ 50 ഓളം വാഹനങ്ങളാണ് പിടിയിലായത്. പെട്ടെന്നു വായിക്കാന്‍ പറ്റാത്ത നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനങ്ങളും പിടികൂടി. ഇത്തരത്തില്‍ പിടികൂടിയ വാഹനങ്ങള്‍ മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമേ വിട്ടു കൊടുക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.  പ്രായപൂര്‍ത്തിയാകാതെ ഇരുചക്രവാഹനമോടിച്ചവരെയും പോലീസ് കണ്ടെത്തി.  തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ ഉണ്ടാകും.  പരിശോധനയില്‍ സിറ്റി പോലീസിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തു. 

click me!