ബസ് ഡ്രൈവറുടെ വേഷത്തില്‍ പി സി ജോര്‍ജ്ജ്

By Web DeskFirst Published Aug 26, 2017, 7:58 PM IST
Highlights

വിവാദങ്ങളുടെ തോഴനാണ്  പി സി ജോർജ് എംഎൽഎ. ഇദ്ദേഹം ബസ് ഡ്രൈവറായതാണ് പുതിയ വിശേഷം. ഒരു റോഡിന്‍റെ  ഉദ്ഘാടനം വ്യത്യസ്തമാക്കുന്നതിനാണ് എംഎല്‍എ ബസ് ഡ്രൈവറായത്. ബസ് സ്വയം ഓടിച്ചാണ് എംഎൽഎ പുതിയ റോഡ് ഉദ്ഘാടനം ചെയ്തത്. സ്വന്തം മണ്ഡലത്തിൽ എരുമേലി എട്ടാം വാർഡിലാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് നിർമ്മിച്ചത്. റോഡ് നിർമ്മിച്ചയുടൻ ബസ് റൂട്ടും അനുവദിച്ചു.

ബസ് റൂട്ടിന്റെ ഉദ്ഘാടനം കൊടിവീശി നടത്തുന്നതൊക്കെ പഴഞ്ചൻ ശൈലിയാണെന്ന പക്ഷക്കാരനായ പി സി ജോര്‍ജ്ജ് ഉദ്ഘാടനം സ്വന്തം ശൈലിയിലാക്കി. നേരെ ബസിൽ ചാടിക്കയറി. എം എൽഎ ബസ് സ്റ്റാർട്ട് ചെയ്തതും സൂക്ഷിച്ച് നിൽക്കണമെന്ന് അനൗസ്മെന്റും എത്തി. പി സിയെ അറിയാവുന്നവരായതിനാൽ എല്ലാവരും റോഡിൽ നിന്നും മാറി.

ഉദ്ഘാടനത്തിന് ശേഷമാണ് അടുത്ത പ്രശ്നം. ഡ്രൈവര്‍ സീറ്റില്‍ നിന്നും താഴെ ഇറങ്ങാന്‍ പി സിക്കു കഴിയുന്നില്ല. ഇതിനേക്കാൾ വലുത് ചാടിക്കടന്നവനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒടുവിൽ കസേര വച്ചാണ് പി സി ജോര്‍ജ്ജിനെ ബസില്‍ നിന്നും പുറത്തിറക്കിയത്. വാക് പ്രയോഗങ്ങള്‍ പോലെ അത്ര എളുപ്പമല്ല ബസ് ഓടിക്കുന്ന ജോലിയെന്ന് പി സി ജോര്‍ജ്ജിന് ഒരുപക്ഷേ മനസിലായിട്ടുണ്ടാകും.

 


 

click me!