മാന്ദ്യകാലത്ത് ഇന്ത്യയില്‍ നിന്നും കടല്‍കടത്തിയത് ഇത്രയും ലക്ഷം വണ്ടികള്‍!

By Web TeamFirst Published Jan 22, 2020, 9:22 AM IST
Highlights

ആഭ്യന്തര വാഹന വിപണിയില്‍ കനത്ത ഇടിവ് നിലനിന്ന സമയത്താണ് കയറ്റുമതിയിലെ ഈ കുതിപ്പ്

രാജ്യത്തു നിന്നുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ 5.89 ശതമാനം വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തിനിടയിലെ അതായത് 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  കാലയളവിലെ കണക്കാണിത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‍സിന്‍റെ റിപ്പോര്‍ട്ടിലാണ് പാസഞ്ചര്‍ വാഹന വിപണിയിലെ ഈ കയറ്റുമതി കുതിപ്പിനെക്കുറിച്ചുള്ള കണക്കുകളുള്ളത്. 

ഇക്കാലയളവില്‍ 5.4 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് കയറ്റുമതി ചെയ്‍തതെന്നാണ് സിയാമിന്റെ കണക്കുകള്‍.  2018-ല്‍  5.10 ലക്ഷം യൂണിറ്റായിരുന്നു ഇക്കാലയളവിലെ കയറ്റുമതി. ആഭ്യന്തര വാഹന വിപണിയില്‍ കനത്ത ഇടിവ് നിലനിന്ന സമയത്താണ് കയറ്റുമതിയില്‍ കുതിപ്പുണ്ടായതെന്നത് ശ്രദ്ധേയമാണ്.

കാറിന്റെ കയറ്റുമതി 4.44 ശതമാനം വര്‍ധിച്ച് 4.04 ലക്ഷം യൂണിറ്റിലെത്തിയപ്പോള്‍ . ഇതേ കാലയളവില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 11.14% ഉയര്‍ന്ന് 1,33,511 യൂണിറ്റായി. എന്നാല്‍, വാനുകളുടെ കയറ്റുമതി ഇക്കാലയളവില്‍ 17.4 ശതമാനം ഇടിഞ്ഞു. 2018-ലെ 2,810 യൂണിറ്റുകളുടെ സ്ഥാനത്ത് 2019-ല്‍ 2,321 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയാണ് കയറ്റുമതിയില്‍ ഒന്നാമന്‍. 1.44 ലക്ഷം യൂണിറ്റുകളാണ് ഹ്യുണ്ടായി കടല്‍ കടത്തിയത്. കയറ്റുമതിയില്‍ 15.17% വളര്‍ച്ച. കയറ്റുമതിയില്‍ 1.06 ലക്ഷം യൂണിറ്റുകളുമായി ഫോര്‍ഡ് ഇന്ത്യ രണ്ടാമതും 75,948 യൂണിറ്റുകളുമായി മാരുതി സുസുക്കി ഇന്ത്യ മൂന്നാമതുമാണ്.

നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, കിയാ മോട്ടോര്‍സ് ഇന്ത്യ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. നിസാന്‍ മോട്ടോഴ്‌സ് 60,739 യൂണിറ്റ്, ഫോക്‌സ്‌വാഗണ്‍ 47,021, കിയ മോട്ടോഴ്‌സ് 12,496 യൂണിറ്റ്, റെനോ 12,096 യൂണിറ്റ്, മഹീന്ദ്ര 10,017 യൂണിറ്റ്, ടൊയോട്ട 8422 യൂണിറ്റ്,  ഹോണ്ട കാര്‍സ് 3316 യൂണിറ്റ് എന്നിങ്ങനെയാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. എഫ്‌സിഎ, ടാറ്റ മോട്ടോഴ്‌സ് എന്നിവര്‍ യഥാക്രമം 2391 യൂണിറ്റും 1842 യൂണിറ്റും കയറ്റുമതി ചെയ്തു. ഇന്ത്യയില്‍ വ്യാപാരം അവസാനിപ്പിച്ച ജനറല്‍ മോട്ടോഴ്‌സ് 54,863 വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായാണ് റിപ്പോര്‍ട്ട്. 

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി ഏകദേശം 90 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 

click me!