ആ കാറിന്‍റെ ഡോര്‍ തുറക്കും മുമ്പൊന്നു പിന്നോട്ടു നോക്കിയിരുന്നെങ്കില്‍..!

By Web TeamFirst Published Dec 19, 2018, 12:24 PM IST
Highlights

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡോര്‍ പെട്ടെന്ന് തുറക്കുന്നതുമൂലമുള്ള അപകടമരണങ്ങള്‍ അടുത്തകാലത്ത് പതിവാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത്. ഇത്തരമൊരു ദാരുണ സംഭവം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു.
 

തിരുവനന്തപുരം: നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡോര്‍ പെട്ടെന്ന് തുറക്കുന്നതുമൂലമുള്ള അപകടമരണങ്ങള്‍ അടുത്തകാലത്ത് പതിവാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത്. ഇത്തരമൊരു ദാരുണ സംഭവം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു.

പേട്ടയിലെ ഇന്ത്യന്‍ കോഫി ഹൗസ് മാനേജരും മലയിന്‍കീഴ് സ്വദേശിയുമായ അശോക് കുമാര്‍ എന്ന് 54കാരനാണ് അലക്ഷ്യമായി തുറന്ന കാറിന്‍റെ ഡോറില്‍ തട്ടി ബൈക്ക് മറിഞ്ഞ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കരമന പിആര്‍എസിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന അശോക് കുമാര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. 

ബൈക്കിനു മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ പെട്ടെന്ന് നിര്‍ത്തിയ ഡ്രൈവര്‍ ഡോര്‍ തുറക്കുകയായിരുന്നു. ഇതോടെ ഡോറില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി അശോകിനെ ഇടിച്ചു തെറിപ്പിക്കുകയും ചെയതു. തുടര്‍ന്ന് ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.  നേമം ഭാഗത്തേക്ക് പോയ കാര്‍ റോഡില്‍ നിന്നും ഒതുക്കാതെ പെട്ടെന്ന് നിര്‍ത്തുകയും ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ തുറക്കുകയും ചെയ്തതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. 

അശ്രദ്ധ മാത്രമാണ് ഇത്തരം അപകടങ്ങളുടെ പ്രധാനംകാരണം. 

നിങ്ങള്‍ ഡോര്‍ തുറക്കുമ്പോള്‍ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മള്‍ അത് മറന്നു പോകുകയാണ് പതിവ്. എന്നാല്‍ ഇത് അപകടങ്ങള്‍ വിളിച്ച് വരുത്തുകയാണ്. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.

ദിനംപ്രതി ഏകദേശം നൂറോളം വാഹനാപകടങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്.

അതിനാല്‍ വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് നിരപരാധിയായ ഒരു മനുഷ്യന്‍റെ ജീവിതമാകും. അനേകരുടെ അത്താണിയാവും.

click me!