വാഹനനികുതി വെട്ടിപ്പിന് സഡന്‍ ബ്രേക്ക്

Published : Dec 02, 2017, 09:23 AM ISTUpdated : Oct 05, 2018, 12:29 AM IST
വാഹനനികുതി വെട്ടിപ്പിന് സഡന്‍ ബ്രേക്ക്

Synopsis

തിരുവനന്തപുരം: ആഢംബരക്കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത് കേരളത്തിലോടി നികുതിവെട്ടിക്കുന്ന പ്രവണതക്ക് അറുതിയാവുന്നതായി സൂചന. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്തവര്‍ കഴിഞ്ഞദിവസങ്ങളില്‍ കൂട്ടത്തോടെയെത്തി അത് റദ്ദാക്കുകയാണെന്നും പലരും കേരളത്തില്‍ തന്നെ രജിസ്ട്രേഷന് തയ്യാറാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോട്ടോര്‍വാഹനവകുപ്പ് കര്‍ശനനടപടിയുമായി രംഗത്തിറങ്ങിയതിനൊപ്പം വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നേരിടേണ്ടിവരുന്നതിനാലാണിത്. വാഹന നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്‌ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്‌ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യും. ഇങ്ങനെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തവര്‍ അത് റദ്ദാക്കിക്കിട്ടാനാണ് മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുന്നത്. ഇത്തരം നൂറിലധികം അപേക്ഷകള്‍ പ്രധാന നഗരങ്ങളില്‍ നിന്നുമാത്രമായി കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍വാഹനവകുപ്പ് കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച 12/2016 സര്‍ക്കുലറിന്റെ ചുവടുപിടിച്ചാണ് താത്കാലിക രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുന്നത്. ഗുരുതരമായതോ സാങ്കേതികമായി തെറ്റുള്ളതോ ആയ വിവരങ്ങള്‍ താത്കാലിക രജിസ്ട്രഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തിരുത്താമെന്നാണ് ഈ സര്‍ക്കുലറിലുള്ളത്. വാഹനഡീലറാണ് അപേക്ഷിക്കേണ്ടത്. ഡീലറുടെ പ്രതിനിധി, ഉടമ, വായ്പ നല്‍കിയവര്‍ എന്നിവരുമായി ജോ. ആര്‍.ടി.ഒ. നേരില്‍ സംസാരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തുകയുംവേണം. ഇതിന്റെ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും. തുടര്‍ന്ന് കമ്മിഷണറാണ് തീരുമാനമെടുക്കേണ്ടത്. ഇത്രയും കടമ്പകടന്നാല്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി എടുത്ത താത്കാലിക രജിസ്ട്രഷന്‍ റദ്ദാക്കാം. തുടര്‍ന്ന് കേരളത്തില്‍ രജിസ്‌ട്രേഷനുള്ള നടപടികള്‍ സ്വീകരിക്കും.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 18.75 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരമുണ്ട്.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത താരങ്ങള്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ