
ധാരാളം വാഹനങ്ങള്‍ ചീറിപ്പായുന്ന ഹൈവേയിലൂടെ പോകുകയാണ് ഒരു ഇരുചക്രവാഹനം. ഒന്നുകൂടെ ആവര്‍ത്തിച്ചു നോക്കുമ്പോള്‍ കൗതുകം തോന്നും. നോക്കി നോക്കി നില്‍ക്കുമ്പോള്‍ കൗതുകം ഭയത്തിനു വഴിമാറും. കാരണം റൈഡറില്ലാതെ ഒറ്റയ്‍ക്കാണ് ആ ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നത്. തനിയെ ഓടുന്നൊരു മോട്ടോർ സൈക്കിളിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുകയാണ്. ഒരു അപകടത്തിന്‍റെ ബാക്കിപത്രമായിട്ടാണ് ആ ബൈക്ക് ഒറ്റയ്ക്ക് ഓടുന്നതെന്നു കൂടി കേള്‍ക്കുമ്പോള്‍ ഭയം ഇരട്ടിക്കും.
ഫ്രാൻസിലെ പാരീസിലെ ഹൈവേയിൽ നിന്നാണ് ഒറ്റയ്‍ക്ക് ഓടുന്ന ബൈക്കിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. റൈഡറില്ലാതെ ഹൈവേയിലൂടെയോടുന്ന ബൈക്കു കണ്ട് അമ്പരന്നെന്നാണ് വിഡിയോ പകർത്തിയയാൾ പറയുന്നത്. കൂടാതെ അടുത്തെങ്ങും അപകടം നടന്നതിന്റെ തെളിവുമുണ്ടായിരുന്നില്ല എന്നും വിഡിയോയിൽ പറയുന്നു. എന്നാൽ ഒരു അപകടത്തിന്റെ ബാക്കിപത്രമാണ് തനിയെ സഞ്ചരിക്കുന്ന ബൈക്ക് എന്നാണ് പോലീസ് പറയുന്നത്.
ഹൈവേയിലൂടെ ക്രൂസ് കൺട്രോളിൽ വരികയായിരുന്ന റൈഡർ കാറിടിച്ച് മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണിട്ടും മോട്ടോര്‍സൈക്കിള്‍ ഒറ്റക്ക് യാത്ര തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ യാത്രക്കാരനും കാറ്‍ർ ഡ്രൈവറും ബൈക്കിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നും തുടർന്ന് ഇയാൾ നൽകിയ പരാതിയെത്തുടർന്ന് അന്വേഷിച്ചപ്പോള്‍ ഏകദേശം രണ്ടു കിലോമീറ്റർ അകലെ മോട്ടോർസൈക്കിളിനെ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. എന്തായാലും തനിയെ സഞ്ചരിച്ച് ഈ ഇരുചക്രവാഹനം വാര്‍ത്താ താരമായിരിക്കുന്നു.
യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് കീഴെ നിരവധി കമന്‍റുകളാണ് വരുന്നത്. നമുക്കിടയില്‍ ഒരു ഗോസ്റ്റ് റൈഡര്‍ ഉണ്ടെന്നതുള്‍പ്പെടെ പേടിപ്പെടുത്തുന്ന കമന്‍റുകളാണ് അവയില്‍ പലതും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.