ജർമ്മൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു, തങ്ങളുടെ 2027 7 സീരീസ് ഫേസ്‍ലിഫ്റ്റ് പതിപ്പിന്റെ ടീസർ പുറത്തുവിട്ടു. പുതിയ ഡിസൈൻ ഭാഷ, പ്രകാശിക്കുന്ന കിഡ്നി ഗ്രിൽ, പനോരമക്കി ഐഡ്രൈവ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളോടെ എത്തുന്ന ഈ മോഡൽ 2026-ൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ തുടരാനാണ് സാധ്യത.

ർമ്മൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ പ്രമുഖ ലക്ഷ്വറി സെഡാൻ ആയ ബിഎംഡബ്ല്യു 7 സീരീസിന്റെ 2027 ഫേസ്‍ലിഫ്റ്റ് പതിപ്പിന്റെ ടീസർ ചിത്രം ഔദ്യോഗികമായി പുറത്തുവിട്ടു. 2023 മുതൽ വിപണിയിൽ ഉള്ള ഏഴാം തലമുറ (G70) മോഡലിന് മിഡ്-സൈക്കിൾ അപ്‌ഡേറ്റ് നൽകുന്നതിനായാണ് പുതിയ പതിപ്പ് ഒരുക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച ടീസർ ചിത്രം കാറിന്റെ മുഴുവൻ രൂപം വ്യക്തമാക്കുന്നില്ലെങ്കിലും, ചില പ്രധാന ഡിസൈൻ സൂചനകൾ ഇതിലൂടെ ലഭിക്കുന്നു.

ടീസർ ചിത്രത്തിൽ പ്രധാനമായും കാണുന്നത് കാറിന്റെ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പ്രകാശിതമായ കിഡ്‍നി ഗ്രില്ലുമാണ്. ബിഎംഡബ്ല്യുവിന്‍റെ പുതിയ ഡിസൈൻ ഭാഷയ്ക്ക് അനുയോജ്യമായി ഫ്രണ്ട് ഫേഷ്യയിൽ മാറ്റങ്ങൾ വരാനിടയുണ്ടെന്ന് ഇതിലൂടെ സൂചന ലഭിക്കുന്നു. നിലവിലെ മോഡലിലെ സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈൻ തുടരുമെങ്കിലും അത് കൂടുതൽ സ്ലീക്കും ലളിതവുമായ രൂപത്തിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. വലിയ കിഡ്‍നി ഗ്രില്ലും അതിലെ ഐക്കണിക്ക് ഗ്ലോ ലൈറ്റിംഗ് ഫീച്ചറും ഫേസ്ലിഫ്റ്റ് പതിപ്പിലും തുടരുമെന്നാണ് പ്രതീക്ഷ. കാറിന്റെ സൈഡ് സിലൌറ്റിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. കുറവ് ക്രീസുകളുള്ള ബോഡി ഡിസൈൻ നിലനിൽക്കും. ബിഎംഡബ്ല്യു കാറുകളുടെ പ്രത്യേകതയായ കിങ്ക് ഡിസൈൻ എലമെന്റും തുടരും. പിന്നിലെ ടെയിൽലൈറ്റുകൾക്ക് പുതുക്കൽ വരാനും മുന്നിലും പിന്നിലും ബമ്പറുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ഇന്‍റീരിയറിന്റെ കാര്യത്തിൽ, പുതിയ മോഡൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യകളോടെയായിരിക്കും എത്തുക. ബിഎംഡബ്ല്യുവിന്‍റെ പുതിയ പനോരമക്കി ഐഡ്രൈവ് സിസ്റ്റം ഈ കാറിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഡാഷ്ബോർഡിന്റെ മുഴുവൻ ഭാഗത്തും നീളുന്ന വലിയ പാനോരാമിക് ഡിസ്പ്ലേയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഡ്രൈവറുടെ കാഴ്ചപ്പാടിൽ വിൻഡ്ഷീൽഡിൽ തന്നെ വാഹന വിവരങ്ങൾ പ്രൊജക്റ്റ് ചെയ്യുന്ന 3 ഡി ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ ഓപ്ഷനും ലഭിക്കാം. പുതുക്കിയ സെന്റർ കോൺസോൾ ലേ ഔട്ട്, മെച്ചപ്പെടുത്തിയ സീറ്റുകൾ, പിന്നിലെ യാത്രക്കാരുടെ സൗകര്യങ്ങൾ എന്നിവയും പുതിയ പതിപ്പിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പുതുക്കലുകൾ മുഖ്യ എതിരാളിയായ മെഴ്സിഡസ് ബെൻസ് എസ് ക്ലാസിനോട് മത്സരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

എൻജിൻ ഓപ്ഷനുകളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലെ 3.0 ലിറ്റർ ഇൻലൈൻ-സിക്‌സ് മൈൽഡ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുകൾ തുടരുമെന്നാണ് സൂചന. ഇവ പരമാവധി 483 bhp വരെ കരുത്ത് നൽകും. കൂടാതെ 4.4 ലിറ്റർ V8 എൻജിൻ ഏകദേശം 536 bhp കരുത്തോടെ ലഭ്യമായേക്കും. ഉയർന്ന പ്രകടന ശേഷിയുള്ള എം-സ്പെക് പതിപ്പും തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2027 ബിഎംഡബ്ല്യു 7 സീരീസ് ഫേസ്‍ലിഫ്റ്റ് പതിപ്പ് 2026 ഏപ്രിലിൽ നടക്കുന്ന ബീജിംഗ് ഓട്ടോ ഷോയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് മുമ്പായി ഓൺലൈൻ അവതരണം നടക്കാനും സാധ്യതയുണ്ട്.