ആഡംബര എസ്‍യുവി സ്വന്തമാക്കി സൗബിന്‍ സാഹിര്‍

By Web TeamFirst Published Jan 24, 2019, 12:55 PM IST
Highlights

സൗബിന്‍റെ ഇനിയുള്ള യാത്രകള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന ബ്രാന്‍ഡായ വോള്‍വോയിലായിരിക്കുമെന്നതാണ് സിനിമാ ലോകത്തെയും വാഹന ലോകത്തെയും കൗതുക വാര്‍ത്ത. 

അഭിനയമികവിലൂടെ മലയാളികളെ ഏറെച്ചിരിപ്പിക്കുകയും പറവ എന്ന സിനിമയുടെ സംവിധാനത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും ചെയ്‍ത കലാകാരനാണ് സൗബിന്‍ സാഹിര്‍. പ്രേമം, മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലെ സൗബിന്‍റെ പ്രകടനം മറക്കാനാവില്ല. 

സൗബിന്‍റെ ഇനിയുള്ള യാത്രകള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന ബ്രാന്‍ഡായ വോള്‍വോയിലായിരിക്കുമെന്നതാണ് സിനിമാ ലോകത്തെയും വാഹന ലോകത്തെയും കൗതുക വാര്‍ത്ത. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ വാഹനങ്ങള്‍ യാത്രക്കാർക്കു പുറമെ റോഡിലെ മറ്റു യാത്രികർക്കു വരെ സംരക്ഷണം നൽകുന്ന പെഡൽസ്ട്രിയൽ എയർബാഗുകളോടു കൂടിയതാണ്. വോൾവോ കാറുകൾ ആഡംബരവും സുരക്ഷയും ഡ്രൈവും ഒരുപോലെ ഒത്തിണങ്ങുന്ന വാഹനങ്ങളാണെന്ന് ചുരുക്കം.

വോൾവോയുടെ എക്‌സ്‌സി 90 ആണ് സൗബിന്‍ സ്വന്തമാക്കിയത്.  ഏകദേശം 77 ലക്ഷം മുതൽ 1.30 കോടി രൂപവരെയാണ് വോൾവോയുടെ വിവിധ മോഡലുകളുടെ വില. എക്സ്‌സി 90ന് ഇന്ത്യയിൽ ഡീസൽ എൻജിനും പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പുമുണ്ട് . 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കും സൃഷ്ടിക്കാനാകും. എക്‌സ്‌സി90  പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവിയുടെ 2.0 ലീറ്റർ പെട്രോൾ എൻജിന് 320 എച്ച് പി യും  ഇലക്ട്രിക് മോട്ടോറിന് 87 എച്ച് പിയുമാണു കരുത്ത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.6 സെക്കൻഡ് മാത്രം മതി. 

സെഡാനുകളായ എസ്. 60, എസ് 80, ക്രോസ് കണ്‍ട്രി മോഡലായ വി 40, ക്രോസ്‌കണ്‍ട്രി ഹാച്ച്ബായ്ക്കായ വി. 40, എസ്.യുവികളായ എക്‌സ്. സി. 60, എക്‌സ് സി 90 എന്നിവയാണ് വോള്‍വോയുടെ ഇന്ത്യയിലെ പ്രധാന മോഡലുകള്‍. 7 സീറ്റര്‍ എസ്.യു.വി.യാണ് എക്‌സ് സി. 90. 2002ലാണ് വോള്‍വോ ആദ്യമായി എക്സ് സി 90 വിപണിയിലെത്തിക്കുന്നത്. മലയാളികളുടെ പ്രിയ സംവിധായകനും നടനുമായ ദിലീഷ് പോത്തനും അടുത്തിടെ വോള്‍വോ എക്സ് സി 90 സ്വന്തമാക്കിയിരുന്നു.

click me!