സ്ത്രീകള്‍ക്ക് ലൈസന്‍സ്; സൗദി വാഹനവിപണിയില്‍ തിരക്കേറുന്നു

Published : Oct 12, 2017, 04:01 PM ISTUpdated : Oct 05, 2018, 02:32 AM IST
സ്ത്രീകള്‍ക്ക് ലൈസന്‍സ്; സൗദി വാഹനവിപണിയില്‍ തിരക്കേറുന്നു

Synopsis

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ വാഹന വില്‍പന കേന്ദ്രങ്ങളില്‍ തിരക്കേറിയെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡല്‍ വാഹനങ്ങള്‍ തേടിയെത്തുന്നവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ജൂണ്‍ മുതലാണ് ലൈസന്‍സ് അനുവദിക്കുകയെങ്കിലും പലരും കൗതുകത്തോടെ ഷോറൂമുകളെത്തുന്നുണ്ടെന്നും പുതുതായിറക്കുന്ന കാറിന്റെ ഫീച്ചറുകള്‍ തേടിയെത്തുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്നും കാര്‍ ഡീലര്‍മാരും പ്രതീക്ഷയിലാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ശരാശരി സൗദി കുടുംബത്തിന് രണ്ടു വാഹനങ്ങളുണ്ടാകും. ഒന്നു കുടുംബനാഥന്‍ ഉപയോഗിക്കുമ്പോള്‍ മറ്റൊന്ന് സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാരത്തിനായി ഹൗസ് ഡ്രൈവറെ വെച്ചുള്ളതാണ്. പുതിയ ഉത്തരവോടെ സൗദി കുടുംബങ്ങളിലുണ്ടാകുന്ന മാറ്റം ബിസിനസിലും പ്രഥിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ ഡീലര്‍ഡമാര്‍.

അതേസമയം സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്നല്ലാതെ സ്ത്രീകള്‍ പരിശീലനം നെടുന്നതിനെതിരെ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി.

 സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം അടുത്ത ജൂണ്‍ മാസത്തിലാണ് പ്രാബല്യത്തില്‍ വരുന്നത്. അപ്പോഴേക്കും വനിതാ ഡ്രൈവിംഗ് സ്കൂള്‍, ട്രാഫിക് പോലീസ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍. വനിതാ ഡ്രൈവിംഗ് പരിശീലകരെ ആവശ്യപ്പെട്ടു വ്യാപകമായ പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വന്നു കൊണ്ടിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ പല ഭാഗങ്ങളിലും സ്ത്രീകള്‍ വാഹനമോടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇതിനിടെ സ്ത്രീകള്‍ ഓടിച്ച വാഹനങ്ങള്‍ പല സ്ഥലങ്ങളിലും അപകടങ്ങളില്‍ പെട്ടു. ഇതുകാരണം രണ്ട് പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിലും റോഡുകളിലും വെച്ച് സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതും നിയമവിരുദ്ധമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാല്‍ ഡ്രൈവിങ്ങിനെ കുറിച്ചുള്ള ക്ലാസുകള്‍ പല ഭാഗങ്ങളിലും തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ട്രാഫിക് നിയമങ്ങളെ കുറിച്ചും, സുരക്ഷിതമായ ഡ്രൈവിങ്ങിനെ കുറിച്ചുമൊക്കെയുള്ള ക്ലാസുകളാണ് നടക്കുന്നത്. അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്ന് മാത്രമേ സ്ത്രീകള്‍ ഡ്രൈവിംഗ് പഠിക്കാവൂ എന്ന് ട്രാഫിക് വിഭാഗം നിര്‍ദേശിച്ചു. അംഗീകൃത സ്കൂളുകളുടെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. കിഴക്കന്‍ പ്രവിശ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന ചില അനധികൃത സ്ഥാപനങ്ങള്‍ പിടിയിലായിട്ടുണ്ട്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള രാജാവിന്‍റെ ചരിത്രപരമായ ഉത്തരവ് നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രത്യേക സമിതി പഠിച്ചു വരികയാണ്. ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ട്രാഫിക് വിഭാഗം വക്താവ് താരിഖ് അല്‍ റുബിയാന്‍ അറിയിച്ചു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്ടിവ തരംഗം; രഹസ്യമെന്ത്?
വിൽപ്പനയിൽ സ്പ്ലെൻഡർ തരംഗം; പിന്നാലെ ആരൊക്കെ?