
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‍കൂൾ വാഹനങ്ങളിലും ഓണം അവധിക്ക് ശേഷം ജിപിഎസ് നിർബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ. സെപ്ററംബറിനു ശേഷം ജിപിഎസ് ഇല്ലാതെ വാഹനങ്ങൾ റോഡിലിറങ്ങിയാൽ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്‍കൂൾ വാഹനങ്ങൾ അപടകത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഈ അധ്യയന വർഷം മുതൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഉപകരണത്തിൻറെ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഇക്കാരണത്താലാണ് ഓണാവധി വരെ സമയം നീട്ടിയത്.
ഇപ്പോൾ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണ് ജിപിഎസ് നിർബന്ധമാക്കുന്നതെങ്കിലും അടുത്ത ഘട്ടമായി കരാർ വാഹനങ്ങളിലും ഇത് നിർബന്ധമാക്കും. കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ജിപിഎസിലുണ്ടാകും.
സ്‍കൂൾ തുറക്കുന്നതിന മുന്നോടിയായി വാഹനങ്ങളുടെ പരിശോധന സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. ഡ്രൈവർമാർക്കും ആയമാർക്കും പരിശീലവും പൂർത്തിയാക്കി. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ പതിക്കും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.