
രാജ്യത്തെ ചൈനീസ് ടയര്‍ ഇറക്കുമതിക്ക് വന്‍തിരിച്ചടി. രാജ്യത്തെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ ടി എം എ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂല്യമേറിയ നോട്ടുകൾ നിരോധിച്ചതും ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാക്കിയതും ആന്റി ഡംപിങ് നികുതി ഘടന പരിഷ്കരിച്ചതുമൊക്കെയാണിതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതി മുമ്പത്തെ അപേക്ഷിച്ച് പകുതിയോളമായി കുറഞ്ഞെന്നാണ് അസോസിയേഷൻ ചെയർമാൻ സതീഷ് ശർമ വ്യക്തമാക്കിയത്. നോട്ട്നിരോധനം നിലവിൽ വന്ന 2016 നവംബറിൽ ചൈനീസ് ടയർ ഇറക്കുമതി 20% ഇടിഞ്ഞിരുന്നു. പിന്നാലെ ജി എസ് ടിയും ആന്റി ഡംപിങ് ഡ്യൂട്ടിയുമൊക്കെ വന്നതോടെ ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതിക്കാർക്കു പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണെന്നും ശർമ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം മേയിൽ ഒന്നര ലക്ഷത്തോളം ടയറുകളാണ് ചൈനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇപ്പോഴത്തെ പ്രതിമാസ ഇറക്കുമതിയാവട്ടെ അരലക്ഷത്തോളമായി കുറഞ്ഞിട്ടുണ്ട്. പോരെങ്കിൽ ചൈനീസ് ഇറക്കുമതിയിൽ നേരിടുന്ന ഇടിവ് മാസം തോറും വർധിച്ചുവരികയാണെന്നും ശർമ വിശദീകരിച്ചു.
ലാഭക്ഷമത കുറഞ്ഞതോടെ ഇറക്കുമതി ചെയ്ത ചൈനീസ് ടയറുകളോട് വ്യാപാരികൾക്കും താൽപര്യമില്ലാതായി. നഷ്ട സാധ്യത വർധിച്ചതോടെ ഇത്തരം ടയറുകളുടെ വ്യാപാരത്തിൽ അധികമാർക്കും താൽപര്യമില്ലാതായെന്നും ശർമ വിശദീകരിക്കുന്നു. അതേസമയം ആഭ്യന്തര ടയർ വിപണി ഇക്കൊല്ലവും 10 ശതമാനത്തോടടുത്ത് വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2018 — 19ലും ഇതേ വളർച്ചാ നിരക്ക് നിലനിർത്താനാവുമെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ.
ചൈനയിൽനിന്ന് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുന്ന ചിലയിനം റേഡിയൽ ടയറുകൾക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. ബസിലും ലോറിയിലും ഉപയോഗിക്കുന്ന ഇത്തരം ചൈനീസ് ടയറുകൾ വിലകുറച്ചു വിൽക്കുന്നതിനെതിരെ ഇന്ത്യൻ ടയർ കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ആന്റി–ഡംപിങ് തീരുവ എന്ന അധിക നികുതി ഏർപ്പെടുത്തുന്നത്. ടണ്ണിന് 452 ഡോളർ വരെ നികുതി ഇങ്ങനെ ഈടാക്കാനാണു നീക്കം.
ആഭ്യന്തര വ്യവസായത്തിന് ഭീഷണിയാകും വിധം ഇറക്കുമതി ഉൽപന്നങ്ങൾ വില താഴ്ത്തി വിൽക്കുന്നത് തടയാന്‍ ഇതു കൊണ്ട് കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെ നിലനിൽപിനെ ബാധിക്കും വിധം ആ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു വിലകുറച്ചു വിപണിയിൽ വിൽക്കുന്നതു തടയാൻ രാജ്യം ഇറക്കുമതി ഉൽപ്പന്നങ്ങൾക്കു ചുമത്തുന്ന നികുതിയാണ് ആന്റി ഡംപിങ് നികുതി. ഈ നികുതി നടപ്പിലായാല്‍ തദ്ദേശ കമ്പനികൾ വിൽക്കുന്ന വിലയ്ക്കു മാത്രമേ ഇറക്കുമതിചെയ്യുന്ന സാധനങ്ങളും വിൽക്കാൻ സാധിക്കൂ.
ലോകത്തു തന്നെ ഏറ്റവും കൂടുതൽ ടയർ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനീസ് ടയറിന് അധിക നികുതിയുമായി അമേരിക്കൻ പ്രസിഡന്റെ ട്രംപും എത്തിയതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കവും. ചൈനയിൽനിന്നുള്ള വില കുറഞ്ഞ ടയറിനു തടയിടാൻ അധിക നികുതി ചുമത്തുന്നതിനു യുഎസിന്റെ ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനാണ് തീരുമാനിച്ചത്. അമേരിക്കയ്ക്ക് പുറമേ ഇന്ത്യയും ചൈനീസ് ടയറുകൾക്ക് അധിക നികുതി ഈടാക്കുന്നതോടെ ലോകത്ത് ഏറ്റവും വിലകുറഞ്ഞ ടയർ കയറ്റുമതി നടത്തി മുൻനിരയിൽ നിൽക്കുന്ന ചൈനയ്ക്ക് വൻതിരിച്ചടി വന്നേക്കും. ചൈനയിൽനിന്നുള്ള ടയറിന് അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്ന 19% കൗണ്ടർ വെയിലിങ് നികുതിയ്ക്കു പുറമേയാണ് ആന്റി ഡംപിങ് നികുതിയായി 24% കൂടി അധികം ചുമത്തുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.