
ലഡാക്കിലെ ജീപ്പ് വീട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഴയൊരു മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ട് പണിതിരിക്കുന്ന ഈ അദ്ഭുത വീട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ ആ വീടിന്‍റെ രഹസ്യവും പുറത്തായിരിക്കുകയാണ്. വീടുണ്ടാക്കിയ ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകനും എൻജിനീയറുമായ സോനം വാങ്‍ചുക്ക് തന്നെയാണ് വീടിന്‍റെ കഥ വെളിപ്പെടുത്തിയത്.
ഇത് വെറും ജീപ്പല്ല ലഡാക്കിലെ കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിച്ച വാഹനമാണെന്നായിരുന്നു ആനന്ദ് മഹീന്ദ്രയ്ക്ക് സോനം വാങ്ചുക്കിന്റെ മറുപടി. ക്രീയേറ്റിവിറ്റി എന്നാൽ ഇതാണെന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനുള്ള മറുപടിയായിട്ടാണ് സോനത്തിന്‍റെ ട്വീറ്റ്. 1997 മുതൽ 2007 വരെ ലഡാക്കിന്റെ ഉൾഗ്രാമങ്ങളിൽ വിദ്യാഭ്യാസ പ്രചരണങ്ങളിൽ ആ ജീപ്പ് പ്രധാന പങ്കുവഹിച്ചെന്നും അതിന്റെ ഫലമായി ലഡാക്കിലെ മെട്രിക്കുലേഷൻ റിസൽട്ട് 5 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർന്നുവെന്നും ട്വീറ്റില്‍ സോനം വാങ്‍ചുക്ക് വെളിപ്പെടുത്തുന്നു.
രസകരവും കൗതുകകരവുമായ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ വാർത്തകളിൽ നിറയുന്നയാളാണ് സോനം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ആമിർ ഖാന്‍റെ കഥാപാത്രത്തെ സൃഷ്‍ടിച്ചത് അദ്ദേഹത്തെ മുന്നില്‍ക്കണ്ടാണെന്നും കഥകളുണ്ട്.
മഹീന്ദ്ര അര്‍മ്മദയാണ് വീടിന്‍റെ മേല്‍ക്കൂര. വാഹനത്തിന്‍റെ ബോഡി തന്നെയാണ് വീടിന്‍റെ കിടപ്പുമുറി. ഹിമാലയത്തിന്റ മനോഹരമായ കാഴ്ചയുമായി വലിയ ജനാലകളുമുണ്ട് കിടപ്പുമുറിക്ക്. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. ന്റെയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതെന്നും പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിൾ ചെയ്തിരിക്കുന്നു എന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ പറഞ്ഞിരുന്നു. സോനം തന്‍റെ മറുപടിക്കൊപ്പം അര്‍മ്മദയുടെ പഴയ ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.