എട്ടാം വയസിലെ ബെന്‍സെന്ന സ്വപ്നം 88 ആം വയസില്‍ സ്വന്തമാക്കി ഒരു കര്‍ഷകന്‍!

By Web DeskFirst Published Jul 8, 2018, 12:51 AM IST
Highlights
  • എട്ടാം വയസിലെ ബെന്‍സെന്ന സ്വപ്നം 88 ആം വയസില്‍ സ്വന്തമാക്കി ഒരു കര്‍ഷകന്‍!

എട്ടു വയസ്സുള്ളപ്പോഴാണ് ദേവരാജനെന്ന കുട്ടി ആ കാര്‍ കാണുന്നത്. മുന്‍വശത്തെ ഗ്രില്ലില്‍ ത്രികോണ നക്ഷത്രമുള്ള വാഹനം ആ ബാലന്‍റെ നെഞ്ചിലാണ് പതിഞ്ഞത്. വാഹനത്തിന്‍റെ പേരോ അതിന്‍റെ വിലയോ അറിയില്ല. പക്ഷേ അന്നുമുതല്‍ അവനൊരൊറ്റ സ്വപ്നം മാത്രം. ആ വാഹനം സ്വന്തമാക്കണം. അതിനായി അവന്‍ പാടം ഉഴുതുമറിച്ചു കൊണ്ടിരുന്നു. അവന്‍റെ വിയര്‍പ്പ് വീണ് പതിറ്റാണ്ടുകളായി പാടം പച്ചപിടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം എണ്‍പതിയെട്ടാമത്തെ വയസില്‍ ആ കുട്ടി ആ സ്വപനം യാതാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മെഴ്സിഡസ് ബെന്‍സ് കാര്‍ എന്ന സ്വപനം.

തമിഴ്നാട് സ്വദേശിയായ ദേവരാജന്‍ എന്ന കര്‍ഷകന്‍ ബെന്‍സ് കാര്‍ സ്വന്തമാക്കിയ കഥയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയം. ചെന്നൈയിലെ ബെന്‍സ് ഷോറൂം ജീവനക്കാരാണ് ദേവരാജന്‍റെ മധുരസ്വപ്നത്തിന്‍റെ കഥ പുറത്തുവിട്ടത്.

തന്‍റെ എട്ടാം വയസിലാണ് ദേവരാജന്‍ ആദ്യമായി മെര്‍സിഡീസ് ബെന്‍സ് കാര്‍ കാണുന്നത്. എന്നാല്‍ കാറിനെ ആദ്യം കണ്ടപ്പോള്‍ വാഹനമേതെന്നോ, വിലയയെന്തെന്നോ ദേവരാജന് അറിയില്ലായിരുന്നു. എങ്കിലും മോഹം ഉള്ളില്‍ കടുത്തു. എന്നാല്‍ ഒരു സാധാരണക്കാരന് ഇത് സ്വന്തമാക്കുക അത്ര എളുപ്പമല്ലെന്ന് അറിയുമായിരുന്ന ദേവരാജന്‍ അതിനായി കഠിനാധ്വാനം ചെയ്തു.  ഒടുവില്‍ 88-ാം വയസില്‍ കാര്‍ വാങ്ങാനുള്ള പണവുമായി ഭാര്യയെയും കൂട്ടിയാണ് ദേവരാജന്‍ ചെന്നൈയിലെ മെഴ്‍സിഡീസ് ബെന്‍സിന്‍റെ ഷോറൂമിലെത്തിയത്.

ദേവരാജന്റെ കഥയറിഞ്ഞ  മെര്‍സിഡീസ് ബെന്‍സ് ട്രാന്‍സ് കാര്‍ ഇന്ത്യ ഡീലര്‍ഷിപ്പ്  ഷോറൂം ജീവനക്കാര്‍ കേക്ക് മുറിച്ചും വീഡിയോ ചിത്രീകരിച്ചും അദ്ദേഹത്തിനൊപ്പം സന്തോഷം പങ്കിട്ടു. ഈ വീഡിയോയിലൂടെയാണ് ദേവരാജനെന്ന കര്‍ഷകനെ വാഹനപ്രേമികള്‍ക്ക് പ്രിയങ്കരനായത്. ഈ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന് നിറഞ്ഞ കൈയടിയാണ് വാഹനപ്രേമികളും സോഷ്യല്‍മീഡിയയും നല്‍കുന്നത്.

ദേവരാജന്‍ തെരഞ്ഞെടുത്ത വകഭേദമേതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 32 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിന് എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മോഡല്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 2012 മുതലാണ് ബി ക്ലാസ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്. എ ക്ലാസ് വരുന്നതുവരെ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരുന്നു ബി ക്ലാസ്.

 

 

click me!