ഹീറോയെ പിന്തള്ളി ടിവിഎസ്

By Web DeskFirst Published Feb 26, 2017, 4:39 PM IST
Highlights

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ഹീറോ മോട്ടോര്‍ കോര്‍പിനെ പിന്തള്ളി രണ്ടാം സ്ഥാനം വീണ്ടെടുത്ത് ടി വി എസ് മോട്ടോഴ്‍സ്. കഴിഞ്ഞ വര്‍ഷമാണ് ടി വി എസിനെ പിന്തള്ളി ഹീറോ മോട്ടോ കോര്‍പ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. നോട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും വില്‍പ്പനയില്‍ വര്‍ധന കൈവരിച്ചതാണു ടി വി എസ് മോട്ടോറിനു നേട്ടമായത്.

നഗര, ഗ്രാമീണ മേഖലകളിലെ വില്‍പ്പനയെയും സ്റ്റോക്ക് നിലനിര്‍ത്തുന്ന ദിവസങ്ങളുടെ എണ്ണത്തെയുമൊക്കെ ആശ്രയിച്ചാണ് മൂല്യമേറിയ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം വിവിധ നിര്‍മാതാക്കളെ ബാധിച്ചതെന്ന് ടി വി എസ് മോട്ടോര്‍സ് പറയുന്നത്.

കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെ 1,88,609 സ്‌കൂട്ടറുകളാണ് ടി വി എസ് മോട്ടോര്‍ വിറ്റഴിച്ചത്. 2015 നവംബര്‍ മുതല്‍ 2016 ജനുവരി കാലത്ത് കമ്പനി വിറ്റ 1,94,056 യൂണിറ്റിനെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവാണ് വില്‍പ്പന. എന്നാല്‍ ഇതേ കാലയളവില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 49 ശതമാനത്തോളം ഇടിവാണ് നേരിട്ടത്.

2015 നവംബര്‍ – 2016 ഡിസംബര്‍ കാലത്ത് 2,35,465 യൂണിറ്റ് വിറ്റത് കഴിഞ്ഞ നവംബര്‍ – ജനുവരി കാലത്ത് 1,21,144 യൂണിറ്റായി കുറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് 6,77,172 സ്‌കൂട്ടറുകളായിരുന്നു ടി വി എസിന്റെ വില്‍പ്പന. ഇതേസമയം ഹീറോ മോട്ടോ കോര്‍പിന്റെ വില്‍പ്പന 6,58,255 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സ്‌കൂട്ടര്‍ വില്‍പ്പന ടി വി എസിനെ അപേക്ഷിച്ച് 742 യൂണിറ്റ് അധികമായിരുന്നു.

മുപ്പത് ദിവസത്തേക്ക് ആവശ്യമായ സ്റ്റോക്കാണ് ടി വി എസ് നിലനിര്‍ത്തുന്നത്. ഒപ്പം ഗ്രാമീണ – നഗര മേഖലകളിലെ വില്‍പ്പനയില്‍ സന്തുലനം നിലനിര്‍ത്താനും കമ്പനിക്കു കഴിയുന്നുണ്ട്. പുതിയ സ്‌കൂട്ടര്‍ അവതരണങ്ങളുടെ പിന്‍ബലത്തില്‍ അഞ്ചു ത്രൈമാസങ്ങള്‍ക്കു മുമ്പ് കമ്പനിയുടെ വിപണി വിഹിതം 11 ശതമാനത്തില്‍ നിന്ന് 14% ആയി വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോ കോര്‍പിനു കഴിഞ്ഞു. എന്നാല്‍ നോട്ടു പിന്‍വലിക്കലാണ് ഹീറോ മോട്ടോ കോര്‍പിനു തിരിച്ചടിയായത്.

 

click me!