നൂറിലധികം വാഹനങ്ങള്‍ നിന്നു കത്തി; പൊല‌ീസ‌് സ്റ്റേഷനില്‍ 'കസ്റ്റഡി വാഹന മരണം'!

By Web TeamFirst Published Jan 30, 2019, 9:37 AM IST
Highlights

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍റെ പാര്‍ക്കിങ് യാര്‍ഡില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറ്റി അമ്പതിലധികം വാഹനങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍റെ പാര്‍ക്കിങ് യാര്‍ഡില്‍ കസ്റ്റഡിയിലുണ്ടായിരുന്ന നൂറ്റി അമ്പതിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. നെടുമങ്ങാട് ടൌണിന‌് സമീപം പഴകുറ്റി കല്ലമ്പാറ പാലത്തിനോടു ചേര്‍ന്നുള്ള പുറമ്പോക്കു ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് യാര്‍ഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.  

വിവിധ കേസുകളിൽ പിടികൂടുന്നതും അപകടത്തിൽപെട്ടതുമായ ലോറികള്‍ മുതൽ  ഇരുചക്രവാഹനങ്ങടക്കമാണ് കത്തിയമര്‍ന്നത്.വര്‍ഷങ്ങള്‍ പഴക്കമുള്ള ലോറികളും ടെമ്പോകളും ടൂവീലറുകളും അടക്കം ആയിരത്തോളം വാഹനങ്ങൾ ഇവിടെ ഉണ്ടെന്നാണ‌് കണക്ക‌്. ഇവയ‌്ക്ക‌് മുകളിലൂടെ കാട്ടുവള്ളിയും പുല്ലും പടര്‍ന്ന‌് പിടിച്ചിരുന്നു. ഇതിന‌് മുകളിലേക്കാണ‌് തീ പടർന്നത‌്. തീയേറ്റ‌് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ നിന്ന‌്  വലിയ പൊട്ടിത്തെറികൾ ഉണ്ടായി.  

നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകള്‍ ചേര്‍ന്ന് പരിശ്രമിച്ചാണ് തീയണച്ചത്. വിതുര, തിരുവനന്തപുരം, നെടുമങ്ങാട് യൂണിറ്റുകളിൽനിന്ന‌് അഗ്നി ശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. അരക്കോടി രൂപയോളം നഷ്ടം കണക്കാക്കുന്നു. 

വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്‌ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസമുണ്ടാകുംവിധം കല്ലമ്പാറ ജങ്‌ഷനിലാണ്‌. തിരുവനന്തപുരം-തെങ്കാശി അന്തര്‍ സംസ്‌ഥാന പാതയിലാണ്‌ ഈ ജങ്‌ഷന്‍.  മാത്രമല്ല തീപിടുത്തമുണ്ടായ സ്ഥലത്തിന‌് സമീപത്താണ‌്   നെടുമങ്ങാട് നഗരസഭയടെ പാഴ‌്‌വസ‌്തു ശേഖരണ യൂണിറ്റ‌് പ്രവർത്തിക്കുന്നത‌്. കെട്ടിടത്തിനുള്ളിലും പരിസരങ്ങളിലുമായി പ്ലാസ്റ്റിക്, ഇലക്ട്രോണിക് സാമഗ്രികള്‍ ധാരാളം സൂക്ഷിച്ചിരുന്നു. പൊലീസിന്റെയും അഗ്നിശമന സേനാവിഭാഗത്തിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 

ആരെങ്കിലും ബോധപൂർവം തീയിട്ടതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട‌െന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തീപിടിത്തത്തിനിടയാക്കിയത്‌ പോലീസിന്റെ കടുത്ത അനാസ്‌ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ കസ്‌റ്റഡി-തൊണ്ടി വാഹനങ്ങള്‍ ലേലം ചെയ്യണമെന്നും ബാക്കി വാഹനങ്ങള്‍ സുരക്ഷിതമായ സ്‌ഥലത്തേക്കു മാറ്റണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെയും ഡി.ജി.പിയുടെ ഉത്തരവുകളെയും  കാറ്റില്‍പ്പറത്തിയ പോലീസിന്റെ അനാസ്‌ഥയാണ്‌ സംഭവത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. 

click me!