ടിഗ്വാന്‍ വിറ്റു തീര്‍ന്നെന്ന് ഫോക്സ് വാഗണ്‍

By Web DeskFirst Published Nov 11, 2017, 7:16 AM IST
Highlights

കാഴ്ചയിൽ തന്നെ കരുത്തും സൗന്ദര്യവും വിളിച്ചോതുന്നവയാണ് ജർമ്മൻ നിർമ്മിത വാഹനങ്ങൾ. എന്നാൽ ഫോക്‌സ്‌വാഗൺ വരുന്നതുവരെ ജർമ്മൻ വാഹനങ്ങൾ സാധാരണക്കാരന് പ്രാപ്യമായിരുന്നില്ല. ഇന്ത്യയിൽ എസ് യു വികളോടുള്ള താൽപര്യമേറുന്നതു മുതലെടുക്കാനും ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗൻ ടിഗ്വാൻ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്തായാലും  കമ്പനിയുടെ നീക്കം വിജയമാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഇന്ത്യയ്ക്കായി നീക്കിവച്ച 800 ടിഗ്വാൻ എസ് യു വികളും ആറു മാസത്തിനകം തന്നെ വിറ്റുപോയെന്നു ഫോക്സ്‍‌വാഗൻ വ്യക്തമാക്കി. ഇനി ടിഗ്വാൻ ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷം മാത്രമേ വാഹനം ലഭിക്കൂ എന്നും കമ്പനി വ്യക്തമാക്കി.

2007ൽ ആഗോളവിപണിയിലെത്തിയ ടിഗ്വാൻ ഇന്ത്യയിൽ വില്‍പന തുടങ്ങുന്നത് ഇപ്പോഴാണെങ്കിലും ഇതുവരെ 35 ലക്ഷം യൂണിറ്റുകൾ വിറ്റുകഴിഞ്ഞെന്നാണ് കണക്ക്. ഇന്ത്യയിലെത്തിയത് മൂന്നാം തലമുറയിൽപ്പെട്ട ടിഗ്വാനാണ്. ഫോക്‌സ്‌വാഗന്റെ പുതിയ എംക്യുബി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ട ന്യൂജെൻ ടിഗ്വാൻ ഡിസൈന്റെ കാര്യത്തിൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണ്. പഴയ മോഡലുമായി യാതൊരു സാദൃശ്യവുമില്ല. ഈ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി ഇന്ത്യയിലെത്തുന്ന ആദ്യ എസ് യു വിയാണ് ടിഗ്വാൻ.

ഇന്ത്യയിൽ 2 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ മോഡൽ മാത്രമേ ഉള്ളൂ ടിഗ്വാന്. ഇത് 143 ബിഎച്ച്പിയാണ്. 340 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 7 സ്പീഡ് ഡി സിഎസ്ജി ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സാണ് ടിഗ്വാനെ ചലിപ്പിക്കുന്നത്. 2000 ആർപിഎമ്മിനു ശേഷം കുതിച്ചുപായുന്ന അനുഭവം സമ്മാനിക്കുന്ന ടിഗ്വാന്റെ ഗിയർ, ഷിഫ്റ്റുകളൊന്നും അറിയാത്തവിധം സ്മൂത്താണ്.

പുതിയ പസാറ്റിനെ ഓർമ്മിപ്പിക്കും വിധമാണ് ഗ്രിൽ ഉൾപ്പെടുന്ന മുൻഭാഗം. പഴയ മോഡലിനെ അപേക്ഷിച്ച് 60 മി.മീ നീളവും 30 മി.മീവീതിയും കൂടുതലുണ്ടെങ്കിലും കൂടുതൽ കോംപാക്ടായി എന്നേ കാഴ്ചയിൽ തോന്നുകയുള്ളൂ. ദുർമേദസ് ഒട്ടുമില്ലാതെ, ചെത്തിയൊതുക്കിയാണ് ഓരോ ഇഞ്ചും നിർമ്മിച്ചിരിക്കുന്നത്. ഡയമണ്ട് കട്ട് എഡ്ജുകളും നേർരേഖകൾ പോലെയുള്ള ബോഡിലൈനുകളുമാണ് ടിഗ്വാനുള്ളത്.  27 മുതൽ 32 ലക്ഷം രൂപ വരെയാണു ‘ടിഗ്വൻ’ വകഭേദങ്ങളുടെ ഇന്ത്യയിലെ വില.

click me!