
നമ്മുടെ ഹൈവേകളെ കുറിച്ചുള്ള കാഴ്ചപ്പാട് ഇനിയും മാറേണ്ടിയിരിക്കുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്! സ്‍പീഡ് ട്രാക്കില്‍ കുതിച്ചുപായുന്ന ഇരുചക്ര വാഹനങ്ങള്‍ അവരുടെയും മറ്റ് വലിയ വാഹനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി ആണെന്ന് വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കാട്ടിത്തരുന്നുണ്ട്. എന്നാലും ഹൈവേയില്‍ ഒരു ടു വീലര്‍ ബേ എന്നതിനെക്കുറിച്ച് എന്തെ അധികാരികള്‍ ആലോചിക്കാത്തത്? പുത്തനത്താണിയില്‍ നാഷണല്‍ ഹൈവേയില്‍ പാതയോരങ്ങളിലെ കശാപ്പുശാലകള്‍ അറപ്പുളവാക്കുന്നതായിരുന്നു. (അവിടെ മാത്രമല്ല പല സ്ഥലങ്ങളിലും ഇതുപോലെ കന്നുകാലികളെ കൊന്ന് കെട്ടിത്തൂക്കി വില്പന നടത്തുന്ന രീതി നിലവില്‍ ഉണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകള്‍ നിരുല്സാതഹപ്പെടുത്തെണ്ടതല്ലേ?)
NH 66 ഇല്‍ പല സ്ഥലത്തും ബസ്സുകള്‍ പരമാവധി ഓരം ചേര്‍ത്ത് നിര്‍ത്തണം എന്നെഴുതിയ ബോര്‍ഡുകള്‍ കണ്ടു. ഇത് എല്ലാ റോഡിനും ബാധകം അല്ലെ എന്ന സംശയത്തോടൊപ്പം തന്നെ ഹൈവേകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തോടൊപ്പം തന്നെ എന്തുകൊണ്ട് ബസ് ബേകള്‍ നിര്‍മ്മിച്ചില്ല എന്ന സംശയവും ഉയര്‍ന്നു. ദീര്‍ഘവീക്ഷണം ഇല്ലാത്തതോ അതോ തരം പോലെ റോഡുകള്‍ NH/SH ആക്കാനുള്ള തന്ത്രമോ? ബാറുകള്‍ക്കനുസൃതമായി റോഡുകളുടെ പദവി മാറുന്ന കാലമാണല്ലോ!
അതിരാവിലെ മഴയില്‍ കുളിച്ച് എറണാകുളത്തു നിന്നും ആരംഭിച്ച് ഏകദേശം പത്തരയോടെ താമരശ്ശേരി ചുരം എത്തി. അന്തരീക്ഷത്തില്‍ മഴയുടെ ഗാംഭീര്യമാര്‍ന്ന് സൌന്ദര്യം ! ഇരുവശവും ഇടതൂര്‍ന്ന് മരങ്ങള്‍ വിരിച്ച പച്ചപ്പ്, ആര്‍ത്തലച്ച് പെയ്യുന്ന മഴ, ഇടയ്ക്ക് മഴ ഒന്ന് തോരുമ്പോഴേയ്ക്കും പരക്കുന്ന കോട, വളരെ സാവധാനം വരിവരിയായി പോകുന്ന വാഹന നിര, ഫോഗ് ലാമ്പിന്റെ മഞ്ഞ രാശി, പലയിടങ്ങളിലും നനഞ്ഞു കുതിര്‍ന്ന് കൂഞ്ഞിക്കൂടിയിരിക്കുന്ന വനരക്കൂട്ടങ്ങള്‍, മഴയത്തും view point ഇല്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികള്‍. മനസ്സില്‍ പതിഞ്ഞു താമരശേരി ചുരം !
ചുരം കയറി ചെന്ന ഉടന്‍ കണ്ട ഒരു നാടന്‍ ഭക്ഷണശാലയില്‍ നിന്ന് ഊണും കഴിച്ച് ബാണാസുരസാഗര്‍ ഡാമിന്റെ അടുത്തുള്ള മഞ്ഞൂര എന്ന സ്ഥലത്തേയ്ക്ക്. താമസം മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. മഴ തകര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചെക്കിന്‍ ചെയ്തു കഴിഞ്ഞ ഉടന്‍ അടുത്ത കലാപരിപാടിയിലേയ്ക്ക് . മഴയുടെ താരാട്ടില്‍ മണിക്കൂറുകള്‍ നീണ്ട ഉറക്കം! യാത്രാക്ഷീണവും ഉറക്കത്തിന്റെ ആലസ്യവും കാരണം അന്നത്തെ ദിവസം സന്ദര്‍ശനങ്ങള്‍ ഒന്നും വേണ്ട എന്ന് ഉറപ്പിച്ചു! വെറുതെ ആ പ്രദേശത്തു കൂടെ ചുറ്റിയടിച്ചു, നേരത്തെ ഡിന്നര്‍ കഴിച്ചു, തണുപ്പും വിശപ്പും ഒരുപോലെ ആക്രമിച്ചു. ആയതുകൊണ്ട് ഭക്ഷണത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തി. സമയം 9 മണി ആകുന്നതേയുള്ളൂ. ആ പ്രദേശം ആകെ ഉറക്കത്തില്‍ ആണ്ടു. പിന്നെ അധികം വൈകിയില്ല ,അടുത്ത ഉറക്കത്തിലേയ്ക്ക്! മഴ ഒന്ന് ശമിച്ചിരുന്നു. തവളയുടെയും ചീവീടിന്റെയും ശബ്ദങ്ങള്‍ അകമ്പടിയായി.
പുലര്‍കാലത്തെ പ്രകൃതി അതി സുന്ദരിയാണ്. മലനിരകള്‍ താങ്ങി നിര്‍ത്തുന്ന മേഘക്കൂട്ടങ്ങള്‍, അതിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങള്‍, നാലുപാടും പരന്നുകിടക്കുന്ന പച്ചപ്പ്, ഡാമിന്റെ ആഴമില്ലാത്ത ഭാഗങ്ങളില്‍ മീന്‍പിപടിക്കാന്‍ ഇറങ്ങുന്ന പ്രദേശവാസികള്‍. പതുക്കെ പ്രകൃതി ഉണര്‍ന്നു വരുന്നതെ ഉള്ളൂ. ഡാമിന്റെ പരിസരപ്രദേശത്തുകൂടി നടക്കാന്‍ ഒരു കൂട്ട് കിട്ടി. താമസസ്ഥലത്തെ ജീവനക്കാരനായ റോയ്, താന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനനങ്ങള്‍ക്കായി ആയിരത്തിഅഞ്ഞൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത് എന്ന് ഓര്‍ത്തെടുക്കുന്നു. ഡാമില്‍ ജലനിരപ്പ് താഴുമ്പോള്‍ അന്നത്തെ കുടിയൊഴിപ്പിച്ച വീടുകളുടെ അടിത്തറ കാണാം. കൃഷിക്കായി പല തട്ടുകളായി തിരിച്ച ഭൂമിയില്‍ കെട്ടിയ തിട്ടകളും നശിക്കാതെ നില്ക്കുന്നുണ്ട്! ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്മ്മിുച്ച പാലങ്ങളും കെട്ടിടങ്ങളും ഉദ്ഘാടനത്തിന് മുന്പ്ത തന്നെ തകര്ന്നു വീഴുന്ന കാഴ്ച ശീലിച്ച കണ്ണുകള്‍ക്ക് ഇതൊരു അത്ഭുതം തന്നെയാണ്!
വേനലില്‍ വറ്റിവരണ്ട ഡാമില്‍ മഴ തുടങ്ങിയതോടെ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. അത് മഴ കനക്കുമ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടു താഴെ വരെ എത്തും എന്ന് റോയ് പറഞ്ഞപ്പോള്‍ ആ കാഴ്ച നഷ്ടം ആയതിന്‍റെ ഒരു ചെറിയ നിരാശ! ചുറ്റും താമസിക്കുന്നവരില്‍ ആദിവാസി കുടുംബങ്ങള്‍ വളരെ ഏറെ ഉണ്ടെന്നും അവരില്‍ പലരും ആണ് രാവിലെ തന്നെ ഡാമില്‍ നിന്നും മീന്‍ പിടിക്കുന്നതില്‍ മുഴുകി നില്‍ക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. വന്‍തോതില്‍ മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന നെറ്റില്‍ നിന്നും വ്യത്യസ്തം ആയി ഇവര്‍ രാത്രികാലങ്ങളില്‍ ഒഴുക്കിന് കുറുകെ കെട്ടുന്ന ‘തണ്ടാടി’എന്ന നെറ്റില്‍ വലിയ മത്സ്യങ്ങള്‍ മാത്രമേ കുടുങ്ങുകയുള്ളൂ എന്നും ചെറു മത്സ്യങ്ങള്‍ നെറ്റിലൂടെ കടന്നുപോകും എന്നറിഞ്ഞപ്പോള്‍ വലിയ ഭീമന്‍ ബോട്ടുകള്‍ കടലില്‍ നിന്നും മത്സ്യബന്ധനം നടത്തി തങ്ങള്‍ക്ക് ആവശ്യമുള്ള മീനുകളെ മാത്രം എടുത്തു ചത്ത ചെറുമീനുകള്‍ ഉള്പ്പവടെ എല്ലാം കടലിലേയ്ക്ക് തന്നെ തള്ളുന്ന ‘ആധുനിക രീതിയെ’ കുറിച്ച് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു. പ്രകൃതിയെ നശിപ്പിക്കാതെ തന്നെ എങ്ങിനെ തങ്ങള്‍ക്കായി ഉപയോഗിക്കാം എന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണം ആയി തോന്നി!
പ്രകൃതിയോടു വളരെ അധികം അടുത്തു ജീവിക്കുന്ന ഇവരുടെ നാട്ടറിവുകളും അനുഭവ സമ്പത്തും മനുഷ്യ കുലത്തിനു ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് പകരം അവരെയും പിടിച്ച് ‘നാഗരികന്‍’ ആക്കാനുള്ള നമ്മുടെ ശ്രമം എത്രത്തോളം വിജയിച്ചു എന്നത് ചിന്തനീയം! ഒരു വശത്ത് ആദിവാസികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഇഷ്ടം പോലെ പദ്ധതികള്‍ രൂപീകരിക്കുന്നു, അതിനായി വകയിരുത്തിയിട്ടുള്ള തുക ചില നിക്ഷിപ്‍ത താത്പര്യക്കാരുടെ പോക്കറ്റിലേക്ക് ഒഴുകുന്നു. മറു വശത്ത് തനതു സംസ്കാരവും സ്വത്വവും നഷ്ടപ്പെട്ട ആദിവാസി സമൂഹം പട്ടിണി മരണങ്ങള്‍, മദ്യം/മയക്കുമരുന്ന്, വേശ്യാവൃത്തി തുടങ്ങി അനഭിലഷണീയമായ പ്രവണതകള്‍ക്ക് മുന്നില്‍ അന്തം വിട്ട് നില്‍ക്കുന്നു. എന്തൊരു വിരോധാഭാസം !
മഴ പ്രഭാത സവാരിയെ തടസ്സപ്പെടുത്തിയില്ല. പ്രാതലിന് ശേഷം sun rise valley യില്‍ പാടിവയല്‍ എന്ന സ്ഥലത്ത് കുറച്ചു സ്ഥലം വാങ്ങി കൃഷിയുമായി കൂടിയിരിക്കുന്ന അടുത്ത ബന്ധുവായ അനിലിനെ സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചു. സമൂഹം കുടുംബം മാതാപിതാക്കള്‍ ഇവരൊക്കെ ചിട്ടപ്പെടുത്തിയ വഴിയെ സ്വപ്‌നങ്ങള്‍ മാറ്റി വച്ച് സഞ്ചരിക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്ന ബഹുഭൂരിഭാഗം വരുന്ന നമ്മില്‍ പലരില്‍ നിന്നും വ്യത്യസ്തം ആയി സ്വന്തമായി ജീവിതശൈലി രൂപപ്പെടുത്തിയ അനിലിനെപ്പോലുള്ളവരുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ പൂര്‍വ്വ നിശ്ചിതമായ വാര്‍പ്പ് മൂശകള്‍ക്കനുസൃതമായി സ്വയം രൂപപ്പെടുത്തുകുകയും എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ മൂശകളില്‍ ഒതുങ്ങാതെ വളരെ വലുതാകുകയും സ്വപ്നങ്ങള്‍/അഭിരുചികള്‍ക്കായി ജീവിക്കുകയും ചെയ്യുമ്പോള്‍ ഉളവാകുന്ന ആനന്ദം വാക്കുകള്‍ അല്ല മറിച്ച് അവരുടെ ശരീരഭാഷ നമ്മോട് സംവദിക്കും. ജീവിതം മുഴുവനും ജോലി ചെയ്ത് റിട്ടയര്‍മെന്‍റിനെ ശേഷം കൂട്ടിരിപ്പിനു എത്തുന്ന ശാരീരിക അസ്വസ്ഥതകളുടെയും ,നഷ്ടസ്വപ്നങ്ങളുടെ ഭാരവും പേറി ജീവിതം തള്ളി നീക്കുന്നതിലും ഭേദം അല്ലെ ഇത്തരത്തില്‍ സ്വന്തമായൊരു ജീവിത വഴി കണ്ടെത്തുന്നത്? സമൂഹം എന്ത് പറയും എന്ന് ആലോചിച്ചു തല പുകയ്ക്കാതെ മനസ്സ് പറയുന്നത് കേള്‍ക്കുമ്പോള്‍ വാര്‍ധക്യത്തിന്റെ നിരാശയ്ക്ക് ഒരു പരിധി വരെ തടയിടാനാകില്ലേ? എന്തായാലും അനിലിന്‍റെ സഹായത്തോടെ ഞങ്ങള്‍ക്ക് തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ ഒരു നടപ്പ് സാദ്ധ്യമായി.
ഒട്ടുമിയ്ക്ക വേലിപ്പടര്‍പ്പുകളിലും കായ്ച്ചു നില്ക്കു ന്നത് പാഷന്‍ ഫ്രൂട്ട് ആണെന്നത് ശ്രദ്ധിച്ചു. അതിനെ അവിടുള്ളവര്‍ ഗൌനിച്ചതായി തോന്നിയില്ല, എങ്കിലും ഞാന്‍ ‘മുന്തിയ പരിഗണന’നല്‍കി വിഷരഹിത ഫ്രൂട്ട് എന്ന ആശ്വാസത്തില്‍ നന്നായി സേവിച്ചു! അനിലിന്‍റെ കുടുംബം ബാഗ്ലൂരിലാണ്. പാടിവയലില്‍ കൂട്ടിനായി ‘രാജപാളയം’ നായ പിപ്പോ ഉണ്ട്, സന്ദര്‍ശകര്‍ക്കു നേരെ ചീറിക്കൊണ്ട് വരും എന്ന് പ്രതീക്ഷിച്ചെങ്കിലും തികച്ചും സൌമ്യമായി ,ഉടമസ്ഥന്റെ മനസ്സറിഞ്ഞു പെരുമാറി പിപ്പോ ! എന്‍റെ പാഷന്‍ ഫ്രൂട്ടിനോടുള്ള ആക്രാന്തവും, അയ്യോ അട്ട കടിച്ചേ എന്ന മകളുടെ പരിഭ്രാന്തിയും ഒക്കെ പിപ്പോ ദൂരെ മാറി നിന്ന് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു!
പിന്നീട് തോട്ടങ്ങളുടെ ഇടയിലൂടെ ഗൂഡല്ലൂര്‍ റൂട്ടില്‍ ഒരു ലോംഗ് ഡ്രൈവിനു പോയി. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ഉള്ള തോട്ടങ്ങള്‍ തമ്മില്‍ കാഴ്ചയില്‍ തന്നെ സാരമായ വ്യത്യാസം. നമ്മുടെ തോട്ടങ്ങളില്‍ ഒരു വൃത്തിക്കുറവും ആര്‍ത്തലച്ചു വളര്‍ന്നു നില്‍ക്കുന്ന തെയിലച്ചെടികള്‍,എന്നാല്‍ അപ്പുറത്ത് നല്ലപോലെ വെട്ടിയൊതുക്കിയ വൃത്തിയുള്ള വരിവരിയായി നില്‍ക്കുന്ന തെയിലച്ചെടികള്‍. നമ്മുടെ മാറിവരുന്ന കാഴ്ചപ്പാടിന്റെ പ്രതീകങ്ങള്‍ അല്ലെ? മലയാളി തൊഴിലാളികള്‍ ജോലി ചെയ്യാന്‍ ഒരുക്കമല്ല, ജോലിയ്ക്ക് വച്ചാല്‍ തന്നെ ജോലി ചെയ്യുന്നതിലും മിടുക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ആണെന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമായി. അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ പെരുകുന്നതിന്റെ കാരണവും ഇത് തന്നെ അല്ലെ?
അനിലിന്‍റെ സുഹൃത്തിന്‍റെ റിസോര്‍ട്ടില്‍ നിന്നും ഉച്ചഭക്ഷണം, ആ റിസോര്‍ട്ടില്‍ നിന്നും ആണത്രേ മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ തുടക്കം! കാട്ടാന ശല്യം രൂക്ഷം ആയതിനാല്‍ ചുറ്റും വൈദ്യുതക്കമ്പികള്‍. ഏകദേശം മൂന്നരയോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു. ആകാശം മേഘാവൃതമാണ്! തിരിച്ചുള്ള ഡ്രൈവ് ശരിക്കും monsoon drive ആകും എന്നുറപ്പ്. സ്ഥലങ്ങളുടെ പേരുകള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പിണങ്ങാപ്പാറ, കപ്പന്‍കൊല്ലി, ആനവളവ്, താഴെ അരപ്പറ്റ, പാറച്ചാല്‍.....തുടങ്ങിയ പേരുകള്‍ക്ക് ഒരുപക്ഷേ പ്രാദേശികമായ കഥകള്‍ എന്തെങ്കിലും പറയാനുണ്ടാകും! മഴ കനത്തു, കുടയും ചൂടി കൈകോര്ത്തുണ പിടിച്ച് ചിരിച്ചുല്ലസിച്ച് നടന്നു നീങ്ങുന്ന യുണിഫോം ധാരികളായ കുട്ടികള്‍. മനസ്സില്‍ ഒരു നഷ്ടബോധം! അറിയാതെ മൂളി ‘ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ വിരിയുന്ന.....’
വളരെ നേരത്തെ ഉറങ്ങിയതുകൊണ്ട് നേരത്തെ തന്നെ കണ്ണുതുറന്നു. നല്ല ഒരു തണുത്ത പ്രഭാതം! മെയിന്‍ റോഡില്‍ നിന്നും ഞങ്ങളുടെ താമസസ്ഥലം വരെ ഒന്നര കിലോമീറ്ററില്‍ അധികം ഉണ്ട്. ആ വഴി പിടിച്ചു. നനുത്ത ചാറ്റല്‍ മഴയില്‍ കുടയും പിടിച്ച് പ്രഭാത സവാരിക്കിറങ്ങി. ഡാമില്‍ പലയിടങ്ങളില്‍ ആയി മീന്‍പിടുത്തം തകൃതിയായി നടക്കുന്നു. നടവഴിയില്‍ പലയിടങ്ങളില്‍ ആയി നിരവധി ഹോം സ്റ്റേകള്‍. വരുന്ന വഴിയില്‍ lunch കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആ നാടന്‍ ഭക്ഷണശാലയുടെ നടത്തിപ്പുകാരി ചേച്ചി പറഞ്ഞതോര്‍ത്തു. "ഒരു വീട് കാലി ആയാല്‍ അത് ഉടനെ ഹോം സ്റ്റേ/റിസോര്‍ട്ട് ആയി മാറും എന്ന്! ഇങ്ങിനെ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഹോം സ്റ്റേ വ്യവസായം നിയമ വിധേയം ആണോ? അത് നമ്മുടെ പരിസ്ഥിതിയെ എങ്ങിനെ ബാധിക്കും? വയനാടും ഭാവിയിലെ മൂന്നാര്‍ ആകുമോ? ഭാരിച്ച കാര്യങ്ങള്‍ ആലോചിച്ച് നടന്നു.
മഴയില്‍ ‘പേക്രോം പേക്രോം’ സംഗീതം പൊഴിച്ച് നിരത്തില്‍ ഇരുന്നിരുന്ന കുഞ്ഞിത്തവളകള്‍ പലയിടങ്ങളില്‍ വണ്ടിച്ചക്രങ്ങള്‍ക്ക് അടിയില്‍ പെട്ട് ചതഞ്ഞരഞ്ഞു കിടക്കുന്നുണ്ട്! ഓരങ്ങളില്‍ ആഞ്ഞിലിയും ചക്കയും വാഴയും വിളവെടുപ്പിനു തയ്യാറെടുക്കുന്നു! ഒരു ഏത്തവാഴക്കുല മേടിക്കണം എന്ന് മനസ്സില്‍ കുറിച്ചിട്ടു. നടന്നു മെയിന്‍ റോഡില്‍ എത്തി, ബസ് സ്റ്റോപ്പ് പഴമയില്‍ ആറാടി നില്‍ക്കുന്നു. ഓല ഷെഡ്, നാല് തൂണുകളില്‍ ഉറപ്പിച്ച കരിങ്കല്‍പ്പാളി ഇരിപ്പിടം, കുറച്ചുനേരം അതില്‍ ഒന്നിരുന്നു. പത്തുപൈസക്കാര്‍ കയറേണ്ട എന്ന കിളിച്ചേട്ടന്റെ ആക്രോശവും ഒപ്പം ബസ്സിന്റെ ഇരമ്പലും കേട്ടോ എന്ന് സംശയം! പാല്‍പ്പാത്രങ്ങളും തൂക്കി നടന്നുവരുന്നചേട്ടന്‍ തുറിച്ചുനോക്കിക്കൊണ്ട് പോകുന്നു.
പ്രഭാത ഭക്ഷണം കഴിഞ്ഞതിനു ശേഷം ആണ് അന്നത്തെ പരിപാടിയെക്കുറിച്ച് ആലോചിച്ചത്! ഏറ്റവും അടുത്തുള്ള ബാണാസുരസാഗര്‍ അണക്കെട്ടും മീന്മുട്ടി വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം എന്ന് തീരുമാനമായി ! രാവിലത്തെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി, മാനം തെളിഞ്ഞുനിന്നത് ഡാം സന്ദര്ശരനം ആസ്വാദ്യകരമാക്കി. ഇന്ത്യയിലെ ബാണാസുരസാഗര്‍ പദ്ധതികളുടെ ഭാഗമായി 1979 ഇല്‍ കബനി നദിയില്‍ നിര്മ്മിയ്ക്കപ്പെട്ട ഡാം കക്കയം ജലവൈദ്യുത പദ്ധതിയെ സഹായിക്കാനും പ്രദേശത്തെ കുടിവെള്ള പദ്ധതിയ്ക്കും ജലസേചന ആവശ്യങ്ങള്ക്കാ യി പ്രയോജനപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഈ പദ്ധതി പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറിയില്ല . വലിയൊരു പ്രോജക്റ്റിന്റെ ഭാഗം ആകുവാനായി വിരോധവും ഇല്ലാതെ പൂര്ണ്ണദ സമ്മതത്തോടെ തങ്ങളുടെ സ്ഥലം വിട്ടുനല്കിയവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് വെറുതെ ഒന്ന് ആലോചിച്ചു നോക്കി. ഇപ്പോള്‍ ഇത് ഹൈഡല്‍ പ്രോജെക്റ്റിന്റെ ഭാഗം ആയി നിലനില്‍ക്കുതന്നത്രേ! പ്രോജെക്റ്റിന്റെ ഭാഗം ആയി ജോലി ചെയ്യുന്നവര്‍ പലരും വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ആണ്.ജോലി സ്ഥിരം ആക്കാത്തത്തിന്റെ ആശങ്ക പല ജീവനക്കാരും പങ്കുവച്ചു. എന്നാല്‍ ഈ ആശങ്ക ജോലിയോടുള്ള അവരുടെ മനോഭാവത്തിന് മാറ്റം വരുത്തിയിട്ടില്ല എന്ന് പ്രത്യേകം പറയട്ടെ!
തലസ്ഥാന നഗരിയില്‍ പല ടൂറിസ്റ്റ് സ്പോട്ടുകളില്‍ നിയമിതരായിട്ടുള്ള ‘i dont care’ attitude വച്ചുപുലര്ത്തുന്നവരെക്കാളും എത്രയോ ഭേദം ആണ് ഇവിടത്തെ ജീവനക്കാര്‍ എന്ന് തോന്നിപ്പോയി! ഡാമിന്റെ അടിവാരത്തു നിന്നും മുകളിലേയ്ക്ക് ജീപ്പില്‍ പോകാനുള്ള സൌകര്യവും ഉണ്ട്! മുകളിലേക്ക് നടന്ന് പോകാം എന്ന എന്‍റെ ആശയം നിഷ്കരുണം തള്ളി , വെയില്‍ ആണെന്ന കാരണത്താല്‍ ജീപ്പില്‍ മുകളിലേയ്ക്ക് പോയി. അപ്പോഴത്തെ വെയില്‍ കാര്യമാക്കേണ്ട എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം അതുകൊണ്ട് ബോട്ടിംഗിന് പരിപാടി ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ആയിക്കോട്ടെ എന്ന് ജീപ്പിന്റെ ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതും ആയ മണ്ണ് കൊണ്ട് നിര്‍മ്മിക്കപ്പെട്ട അണക്കെട്ടിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ജീവനക്കാരുടെ പങ്ക് ശ്ലാഘനീയം തന്നെ.
വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല, സ്കൂള്‍ തുറന്ന ആഴ്ച ആയതുകൊണ്ടാണ് തിരക്ക് കുറവ് എന്ന് സ്പീഡ് ബോട്ടിന്റെ് ഡ്രൈവര്‍ വിശദീകരിച്ചു. എല്ലാ സീസണുകളിലും പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട് എന്നും സൂചിപ്പിച്ചു. ഡാമിലൂടെ ഒരു സ്പീഡ് ബോട്ട് യാത്ര വേറിട്ടൊരു അനുഭവം ആയി. തീരെ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം തേക്കടിയില്‍ പോയതും അന്നത്തെ ബോട്ട് യാത്രയും വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ബോട്ട് ദുരന്തവും ഒക്കെ മനസ്സില്‍ തെളിഞ്ഞു!
അതിന്‍റെ അന്വേഷണം എവിടെ എത്തിയോ ആവോ? കടലാസില്‍ ഉറങ്ങുകയോ അതോ കേസ് തീരുമാനം ആയോ? ചിന്തകള്‍ക്ക് പെട്ടെന്ന് തന്നെ വിരാമമിട്ടു.
മഴയില്‍ കുതിര്‍ന്ന പച്ചപ്പും മണ്ണിന്റെ തവിട്ടു നിറവും ജലാശയത്തിന്റെ നീലിമയും തെളിഞ്ഞ ആകാശവും ....ക്യമാറക്കണ്ണുകളെ മോഹിപ്പിച്ചുകൊണ്ട് പ്രകൃതി....! ഭ്രമിപ്പിക്കുന്ന ഈ സൌന്ദര്യം നമ്മുടെ കുട്ടികള്‍ കാണാതെ പോകുന്നില്ലേ എന്ന് ഒരു സംശയം! ലാപ്ടോപ്/android കളുടെ അരണ്ട വെളിച്ചത്തില്‍ നിന്നും പ്രകൃതിയുടെ സൌന്ദര്യത്തിലെയ്ക്ക് ഊളിയിടാന്‍,അതിനെ ബഹുമാനിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം! ബോട്ടില്‍ നിന്നും കടവിലെയ്ക്കിറങ്ങി അണക്കെട്ടിന്റെി മറ്റൊരറ്റത്ത് നിര്മ്മിഹച്ചിരിക്കുന്ന നടപ്പന്തലിലെയ്ക്ക്.....കടവില്‍ പടവുകളും കൈവരികളും ഉണ്ടായിരുന്നെങ്കില്‍ വയസ്സായവര്ക്കുംമ ബുദ്ധിമുട്ടില്ലാതെ ബോട്ട് യാത്ര ആസ്വദിക്കമായിരുന്നല്ലോ എന്ന് മനസ്സ് പറഞ്ഞു. നടപ്പന്തലില്‍ അങ്ങിങ്ങായി ഉള്ള സന്ദര്ശ്കര്‍ ചിത്രങ്ങള്‍ പകര്ത്തുങന്നു, വിശ്രമിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് മനസ്സിലായത് പന്തലിന്റെു മേല്ക്കൂ ര സോളാര്‍ പാനലുകള്‍ ആണെന്ന്! പാരമ്പര്യേതര ഊര്ജ്ജിസ്രോതസ്സുകള്‍ ഇന്നിന്റെ ആവശ്യമാണ്.....അത് തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഡാമിന്റെ അധികാരികളും ഉണ്ടെന്നതില്‍ സന്തോഷം തോന്നി. പന്തലിന്റെര മദ്ധ്യഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റിക് മാലിന്യങ്ങള്‍ ഒഴിച്ചാല്‍ ഡാമും പരിസരപ്രദേശങ്ങളും താരതമ്യേന വൃത്തിയായിത്തന്നെ സൂക്ഷിച്ചിരിക്കുന്നു. ഡാം സന്ദര്ശേനം അവസാനിപ്പിച്ച് പാര്ക്കിം ഗ് ഏരിയയ്ക്ക് അടുത്തുള്ള ഹൈഡല്‍ പ്രോജക്റ്റിന്റെ ഭാഗം ആയുള്ള ഒരു എക്സിബിഷന്‍ ഹാളില്‍ കയറി. കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംരംഭം. പലതരം ചായ ,കാപ്പി . അച്ചാര്‍, സ്ക്വാഷുകള്‍,കൊണ്ടാട്ടങ്ങള്‍. hand made soap, മുളയരി കൊണ്ടുള്ള cookies , കളിമണ്ശികല്പങ്ങള്‍,കയര്‍ ഉല്പ്പoന്നങ്ങള്‍ തുടങ്ങിയവ പ്രദര്ശ നത്തിനും വിലപ്പനയ്ക്കും ആയി നിരത്തിട്ടുണ്ട്. ജീവനക്കാരുടെ തികച്ചും സൌഹൃദപരമായ സമീപനം വില്പനയുടെ ഗ്രാഫ് മുകളിലേയ്ക്ക് ഉയര്ത്തുന്നു.
ഞങ്ങളുടെ അടുത്ത ലക്‌ഷ്യം മീന്മുട്ടി വെള്ളച്ചാട്ടം ആണ്.ഏകദേശം 4 – 5കി.മി. അകലെ ഉള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് മകള്‍ കാര്യമായി തന്നെ പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ സഹപാഠികള്ക്കൊ പ്പം വരുമ്പോള്‍ ശുഷ്ക്കിച്ച വെള്ളച്ചാട്ടത്തിന്റെ ഗതിയ്ക്കൊപ്പം അവര്‍ ട്രെക്കിംഗ് നടത്തിയത്തിന്റെ ‘വീരകഥകള്‍’ മനപാഠമാക്കിയ എനിയ്ക്ക് മാര്ച്ചി ന്റെ് കൊടും ചൂടില്‍ അവിടെ എത്തുമ്പോള്‍ ഉണങ്ങി വരണ്ട മീന്മുട്ടിയില്‍ സന്ദര്ശടകര്ക്ക് പ്രവേശനം ഇല്ല എന്ന അറിയിപ്പാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ മീന്മുട്ടിയില്‍ പോകാന്‍ എനിയ്ക്ക് വലിയ ഉത്സാഹം ആയിരുന്നു. സന്ദര്ശ ക ബാഹുല്യം തദ്ദേശീയര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. മലഞ്ചെരുവിലെ ഒട്ടുമിയ്ക്ക വീടുകളുടെ മുറ്റം പാര്ക്കിം ഗ് space ആക്കിയും വീടിനോട് ചേര്ന്ന്െ ചെറിയ ചായക്കടയും നടത്തി സ്ത്രീകള്‍ ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിന് അരികിലൂടെ സ്റ്റീലിന്റെ കൈവരികള്‍ കെട്ടി നടവഴി സുരക്ഷിതം ആക്കിയിട്ടുണ്ട്. മഴക്കാലം ആയതിനാല്‍ അപകട സാധ്യത മുന്നില്‍ കണ്ട് നടവഴിയുടെ ദൂരം വെട്ടിച്ചുരുക്കിയത്രേ! നിയന്ത്രണങ്ങള്‍ അവഗണിച്ചും വെള്ളച്ചാട്ടത്തില്‍ കുളിയ്ക്കാന്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍ പെടുന്നത് പതിവാണെന്നും അറിയാന്‍ കഴിഞ്ഞു.
അല്ലെങ്കിലും നിയമങ്ങള്‍ നമുക്ക് കടലാസില്‍ മാത്രം ഉള്ളതാണല്ലോ,അനുസരിക്കാന്‍ ഉള്ളതല്ലല്ലോ! ഏതായാലും വെള്ളച്ചാട്ടത്തിന്റെര ഗാംഭീര്യമാര്‍ന്ന ശബ്ദവും പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ചു കുറെ നേരം അവിടെ ചിലവഴിച്ചു. സന്ദര്‍ശകര്‍ വളരെ കുറവായിരുന്നതിനാല്‍ ആസ്വാദനത്തില്‍ അലോസരം ഒന്നും ഉണ്ടായില്ല. ‘ഇരുപ്പ്’വെള്ളച്ചാട്ടത്തിലെ തിരക്കും ബഹളവും ഓര്‍മ്മ വന്നു. കാടിന്‍റെ ആത്മാവിനെ തൊട്ടറിയാനുള്ള യാത്രകള്‍ നാം ഇനിയും പരിശീലിക്കേണ്ടിയിരിക്കുന്നു.
മടക്കത്തില്‍ നാട്ടുകാരി ചേച്ചിയുടെ ചായക്കടയില്‍ കയറി,നാട്ടുവിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് ഒരു ചായ കുടിച്ചു. കുരങ്ങുശല്യത്തെ കുറിച്ച് അവര്‍ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ കാട്ടില്‍ ധാരാളം ചക്കകള്‍ ഉള്ളതുകൊണ്ട് നാട്ടില്‍ വാനരശല്യംഅല്പം കുറവുണ്ട് എന്നും പറഞ്ഞു.
നാം വനം കൈയെറുമ്പോള്‍ വന്യജീവികള്‍ നാട്ടിലെയ്ക്കിറങ്ങി. സ്വാഭാവികം!
അവരെ കാട്ടില്‍ സ്വൈര്യമായിട്ട് വിടൂ.....അവര്‍ നമ്മുടെ സ്വൈര്യം കളയാന്‍ എത്തില്ല അല്ലെ? വര്ത്തലമാനത്തിനിടയ്ക്ക് നാടന്‍ ഏത്തക്കുല കിട്ടുമോ എന്നും കൂടി തിരക്കി, നൊടിയിടയില്‍ അതും കിട്ടി,നാട്ടിലെ വിലയില്‍ നിന്നും വലിയ വ്യത്യാസം ഒന്നും ഇല്ല, എങ്കിലും വിഷം ഇല്ലാത്ത പഴം ആണല്ലോ എന്ന വലിയ ആശ്വാസം ബാക്കി!
പിറ്റേന്ന് മടക്കം ആണ്. അതുകൊണ്ട് പ്രഭാത സവാരിയുടെ ദൈര്ഘ്യം കൂട്ടി.....ശുദ്ധവായു ശ്വസിച്ച്, തിരക്കില്ലാത്ത ഇടവഴികളിലൂടെ , സാവധാനം നടന്നു നീങ്ങുമ്പോള്‍ നഗരത്തിന്റെത തിരക്കിനോപ്പം ഓടിയെത്താന്‍ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.....ഒപ്പം അടുത്ത യാത്രയുടെ സ്വപ്നങ്ങള്ക്ക് ജീവന്‍ വയ്ക്കുന്നതും അറിഞ്ഞു.....
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.