എന്താണ് ടാക്സി പൂളിംഗ് അഥവാ കാര്‍ ഷെയറിംഗ്?

By Web DeskFirst Published Sep 26, 2017, 8:51 AM IST
Highlights

നമ്മളില്‍ പലരും ഓണ്‍ലൈന്‍ ടാക്സികള്‍ വ്യാപകമായി ഉപയോഗിക്കുന്നവരാണ്. അടുത്തകാലത്ത് ഇതിന്‍റെ പ്രചാരം വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സികളിലെ പൂളിംഗ് ഉള്‍പ്പെടെയുള്ള പുതിയ യാത്രാരീതികളെപ്പറ്റി പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. കൊച്ചിയില്‍ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനപ്രശ്നം കാർ പൂളിങ്ങിന്റെ രീതിയറിയാത്ത മൂന്നു യുവതികളുടെ അതിക്രമങ്ങളാണ്. കാർപൂളിങ് നടപ്പാക്കിയ ബഹുരാഷ്ട്ര കമ്പനി പോലും കാർ പൂളിങ്ങിനെപ്പറ്റി അവരുടെ യാത്രക്കാർക്കു പരിചയപ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്. എന്തായാലും ഈ സാഹചര്യത്തില്‍ എന്താണ് കാര്‍പൂളിംഗ് എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

നാലു പേര്‍ ഒരു കാറില്‍
രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗിനുള്ള മാനദണ്ഡം. ഫലത്തില്‍ മുൻപരിചയമില്ലാത്ത നാലുപേർ കാറിൽ ഒരുമിച്ചു യാത്ര ചെയ്യുകയാണ് ഇവിടെ. അതായത് ഇതിൽ ഒരാൾ ഡ്രൈവറും കാറിന്റെ ഉടമയുമാണ്. മറ്റു മൂന്നു പേരാണു യഥാർഥ യാത്രക്കാർ. മൂന്നിടത്തുനിന്നു കാറിൽ കയറുന്ന ഇവരുടെ ലക്ഷ്യ സ്ഥാനങ്ങൾ മൂന്നിടത്താണ്.

യാത്രക്കാര്‍ക്കും ലാഭം
അഞ്ചോ ആറോ കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിനേക്കാളും പണം ലാഭിക്കാവുന്ന പദ്ധതി.

ഡ്രൈവര്‍മാര്‍ക്കും ലാഭം
പല കമ്പനികളും കൂടുതൽ നഗരങ്ങളിലേക്ക് അവരുടെ സർവീസ് വ്യാപിപ്പിക്കും. അപ്പോള്‍ പ്രധാന നഗരത്തിലെ കുറേ ഡ്രൈവർമാർ പുതിയ നഗരത്തിലെ ഓട്ടങ്ങൾക്കു കമ്പനികൾ പ്രഖ്യാപിക്കുന്ന ആനൂകൂല്യങ്ങൾ മുതലാക്കാൻ അങ്ങോട്ടു മാറും.  ഇങ്ങനെ പോവുന്ന കാറുകളുടെ കുറവു നികത്താനാണു കമ്പനികൾ കാർ പൂളിങ്ങ് പ്രോൽസാഹിപ്പിക്കുന്നത്.

കമ്പനിക്ക് അതിലേറെ ലാഭം
200 രൂപയ്ക്ക് ഒരു യാത്രക്കാരനുമായി ഓടേണ്ടി വരുന്ന ദൂരത്തേക്കു 150 രൂപവീതം ഇടാക്കി മൂന്നു യാത്രക്കാരെ ലഭിക്കും. അതായത് 200 രൂപയുടെ സ്ഥാനത്ത് 600 രൂപ കമ്പനിയുടെ പോക്കറ്റിലെത്തും. (ഓടുന്ന ദൂരവും ഓൺലൈൻ കമ്പനി ചാർജിൽ വരുത്തുന്ന ഏറ്റക്കുറച്ചിലും അനുസരിച്ചു തുകയിൽ അന്തരമുണ്ടാവും). പലപ്പോഴും ഒറ്റ കാർ വിളിച്ചു പോവാൻ നഗരത്തിൽ കാറുകളുടെ കുറവ് അനുഭവപ്പെടുമ്പോഴാണു കമ്പനികൾ ഷെയർ കാറിനെ പ്രോൽസാഹിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരേ റൂട്ടിൽ സഞ്ചരിക്കാനുള്ള മൂന്നു യാത്രക്കാർക്കു ചെറിയ കൂലി ഇളവു വാഗ്ദാനം ചെയ്ത് ഇവരെ ഒരു കാറിൽ കയറ്റിക്കൊണ്ടു പോവുന്നു. കൂടുതൽ ലാഭം കമ്പനികൾക്ക് തന്നെയാണ്.

പരിസ്ഥിതിക്കും ലാഭം
എന്തായും വാഹനം ഷെയർ ചെയ്തു യാത്ര ചെയ്യുന്ന സംസ്കാരം പുതിയ കാലത്തിന്‍റെ  ആവശ്യമാണ്. പരിസ്ഥിതി മലിനീകരണം, പ്രകൃതിദത്ത ഇന്ധനത്തിന്റെ ദുരുപയോഗം എന്നിവ കുറയും എന്നതിനൊപ്പം പൊതു ജനങ്ങളുടെ യാത്രാക്കൂലിയിലുണ്ടാവുന്ന കുറവും പ്രോൽസാസാഹിപ്പിക്കപ്പെടണം. നഗരങ്ങളിലെ ട്രാഫിക് കുരുക്കുകളും ഈ സംവിധാനത്തില്‍ കുറയും.
   
വേണ്ടത് മാന്യതയും മര്യാദയും
എന്നാല്‍ മനുഷ്യസഹജമായ ദുസ്വഭാവങ്ങള്‍ ഈ പുത്തന്‍ യാത്രാരീതിക്കും തടസമാണ്. കൊച്ചിയില്‍ സംഭവിച്ചതും അതുതന്നെ. കാർ പൂളിങ് ഒരു പ്രത്യേക യാത്രാ സംസ്കാരമാണ്. മാന്യതയും മര്യാദയും ഏറെ വേണ്ട സംഗതി. ഓൺ ലൈൻ കമ്പനികളുടെ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചു ശീലമുള്ളവർക്കു ടാക്സി ഷെയർ ചെയ്ത് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

തല്ലിയല്ല തീര്‍ക്കേണ്ടത്
യാത്രയുടെ അവസാനം യാത്രക്കാർക്കു ഡ്രൈവറെയും തിരിച്ചു ഡ്രൈവർക്കു യാത്രക്കാരെയും പരസ്പരം  വിലയിരുത്തി മാർക്കിടാനുള്ള അവസരവും ഓൺലൈൻ ടാക്സി കമ്പനികളുടെ ആപ്പുകൾ നൽകുന്നുണ്ട്. യാത്രക്കാര്‍ക്ക് ഈ സംവിധാനം ഫലപ്രദമായി ഉപോയഗിക്കാം. ഓരോ ദിവസവും ആഴ്ചയും ഫൈവ് സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ഡ്രൈവർമാർക്കു കൂടുതൽ ഓട്ടം ലഭിക്കും. മികച്ച റേറ്റിങ് ലഭിക്കുന്ന യാത്രക്കാർക്കും കൂടുതൽ എളുപ്പത്തിൽ വണ്ടി കിട്ടും. റേറ്റിങ് 4.30 യിൽ കുറവു വന്നാൽ ഡ്രൈവര്‍ക്ക് പണികിട്ടുന്നതു പോലെ യാത്രക്കാര്‍ക്കും പണി കിട്ടുമെന്ന് ചുരുക്കം. ഈ സംവിധാനങ്ങളൊക്കെ ഫലപ്രദമായി ഉപയോഗിച്ച് മാന്യമായി യാത്ര ചെയ്യുക.

click me!