ഷീടാക്സി കാറുകള്‍ തിരിച്ചു വരവിനൊരുങ്ങുന്നു: ബുക്കിംഗിനായി പുതിയ ആപ്പ് വരുമെന്ന് മന്ത്രി

By Web TeamFirst Published Aug 27, 2019, 7:54 AM IST
Highlights

കാലത്തിനൊത്ത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഷീ ടാക്സികളെ പുത്തനാക്കി രംഗത്തിറക്കാനാണ് സർക്കാരിന്റെ ശ്രമം.

തിരുവനന്തപുരം: ഷീ ടാക്സി സംരഭം പുനരുജ്ജീവിപ്പിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ. മെച്ചപ്പെട്ട സാങ്കേതിക വിദ്യയോടെ ഷീ ടാക്സികൾ നിരത്തിലിറക്കാനാണ് നീക്കം. വ്യവസായ രംഗത്ത് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് 2021ഓടെ കോഴിക്കോട് വിമൺ ട്രേഡ് സെന്റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ജന്റർ പാർക്കിന് കീഴിൽ 2013ലാണ് ഷീ ടാക്സികൾ അവതരിപ്പിച്ചത്. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍, സ്ത്രീ സുരക്ഷിതത്വം എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ പദ്ധതി ആദ്യ ഘട്ടത്തിൽ തന്നെ പാളി. ഓൺലൈൻ ടാക്സികൾ നിരത്തുകൾ കീഴടക്കിയതോടെ ഷീ ടാക്സികൾ പൂ‍ർണമായി പിൻവാങ്ങി. 

കാലത്തിനൊത്ത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഷീ ടാക്സികളെ പുത്തനാക്കി രംഗത്തിറക്കാനാണ് സർക്കാരിന്റെ ശ്രമം. ഷീ ടാക്സി ബുക്കിങ്ങിനായി ആപ്പ് പുറത്തിറക്കും. ഐടി കമ്പനികൾ കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകൾ നടത്തും. പൂർണ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്രീകൃത കൺട്രോൾ റൂം സജ്ജമാക്കും. ഈ വർഷം അവസാനത്തോടെ ഷീ ടാക്സികൾ വീണ്ടും നിരത്തിലിറങ്ങും.

സത്രീ സംരംഭകർക്ക് സാങ്കേതിക സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികക്ഷേമവകുപ്പ് വുമൺ ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നത്. ബിസിനസ് സെന്റർ, മീറ്റിംഗ് റൂം എന്നീ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കോഴിക്കോട്ടെ ജെന്റർ പാർക്ക് ക്യാംപസിലാകും ട്രേഡ് സെന്റർ സ്ഥാപിക്കുക. 

click me!