വരുന്നൂ, വേറിട്ട സ്‍കൂട്ടര്‍ മുഖം; യമഹ എന്‍മാക്സ്

By Web DeskFirst Published Dec 18, 2017, 7:02 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹയുടെ എന്‍മാക്‌സ് 155 വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ 2018ല്‍ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുമെന്നാണ് സൂചന. 

ഇന്ത്യന്‍ നിരത്തിലെ പരമ്പരാഗത സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ട വ്യക്തിത്വമാണ് എന്‍മാക്‌സിന്. കോംപാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. 155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം.

ഈ എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ബ്ലൂ കോര്‍ എഞ്ചിന്‍ വഴി 41.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നു. 1955 എംഎം നീളവും 740 എംഎം വീതിയും 1115 എംഎം ഉയരവും 1350 എംഎം വീല്‍ബേസും 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 

13 ഇഞ്ചാണ് വീല്‍. മാറ്റ് ഡീപ് റെഡ്, മാറ്റ് ഗ്രേ, പ്രീമിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എന്‍മാക്‌സിന് എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് എന്‍മാക്‌സിലെ മറ്റു പ്രത്യേകതകള്‍. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 

ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും എന്‍മാക്‌സിനു സുരക്ഷ ഒരുക്കും. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഇന്ത്യന്‍ നിരത്തില്‍ അപ്രീലിയ SR 150, വെസ്പ 150 എന്നിവയാകും എന്‍മാക്‌സിന്റെ പ്രധാന എതിരാളികള്‍. ഏകദേശം 80000-90000 ത്തിനുള്ളിലാകും വാഹനത്തിന്‍റെ വിപണി വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്തോനേഷ്യന്‍ നിരത്തുകളിലെ താരമാണ് നിലവില്‍ എന്‍മാക്സ്. എന്‍മാക്‌സ് 155 കഴിഞ്ഞ ദിവസം ഇന്‍ഡൊനീഷ്യയില്‍ പുറത്തിറക്കിയിരുന്നു. 2015-ല്‍ ഇന്‍ഡൊനേഷ്യയിലെത്തിയ എന്‍മാക്‌സിന്റെ അഞ്ചര ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞു.

click me!