'എയര്‍ ഹോസ്റ്റസ് ആവും മുന്‍പ് വീട്ടുകാര്‍ മഠത്തില്‍ ചേര്‍ത്തു'; ജീവിതം പറഞ്ഞ് അലസാന്‍ഡ്ര

By Web TeamFirst Published Jan 18, 2020, 8:27 PM IST
Highlights

'അങ്ങനെ 2017ല്‍ എന്റെ കാശ് മുടക്കി ഞാനൊരു ഫ്‌ളാറ്റ് മേടിച്ചു. അതിന്റെ ലോണ്‍ ഇപ്പോഴും അടയ്ക്കുന്നുണ്ട്.  ആ ബാധ്യത നില്‍ക്കുമ്പോഴാണ് ഇത്രയും നല്ല ശമ്പളമുള്ള ഒരു ജോലി ഞാന്‍ ഉപേക്ഷിച്ചത്.'

എയര്‍ ഹോസ്റ്റസ് ജോലി രാജിവച്ച് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയ ആളാണ് അലസാന്‍ഡ്ര ജോണ്‍സണ്‍. ഷോ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിടുമ്പോള്‍ പതിനേഴ് പേരില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥി തന്നെയാണ് അലസാന്‍ഡ്ര. എന്നാല്‍ ആദ്യ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലും അവര്‍ ഇടംപിടിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കുക എന്ന ടാസ്‌ക് വെള്ളിയാഴ്ചയാണ് അലസാന്‍ഡ്രയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് പ്ലസ്സിലാണ് അലസാന്‍ഡ്രയുടെ അനുഭവ വിവരണം എത്തിയത്. 23-ാം വയസ്സില്‍ ഫ്‌ളാറ്റ് വാങ്ങിയതിനെക്കുറിച്ചും വിഷാദത്തില്‍ കൊണ്ടെത്തിയ ഒരു പ്രണയബന്ധത്തെക്കുറിച്ചും അലസാന്‍ഡ്ര വിശദീകരിച്ചു.

അലസാന്‍ഡ്ര ജീവിതം പറയുന്നു

കോഴിക്കോട്ടെ കൂരാച്ചുണ്ട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ സ്‌കൂളിലെ മലയാളം അധ്യാപകനാണ്. ഏഴാം ക്ലാസ് വരെ ഞാന്‍ നന്നായി പഠിച്ചു. ഹൈസ്‌കൂളില്‍ എത്തിയതിന് ശേഷമാണ് കുറച്ച് 'അലമ്പ്' ആവാന്‍ തുടങ്ങിയത്. പത്താംക്ലാസ് കഷ്ടപ്പെട്ടാണ് ജയിച്ചത്. വിശ്വാസികളായ ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടില്‍ രണ്ട് പെണ്‍കുട്ടികളുണ്ടെങ്കില്‍ അതിലൊരാളെ ദൈവത്തിന് നല്‍കുക എന്നത് ഒരു വിശ്വാസമായിരുന്നു. അങ്ങനെ ഞാന്‍ ഒരു കന്യാസ്ത്രീ ആവാന്‍വേണ്ടി ബിഹാറില്‍ പോയി. 

എട്ടാം ക്ലാസ് മുതല്‍ എയര്‍ ഹോസ്റ്റസ് ആവണമെന്നത് ഭയങ്കര ആഗ്രഹമായിരുന്നു. കാരണം ഏറ്റവും അടുത്ത കൂട്ടുകാരിക്കും അതായിരുന്നു ആഗ്രഹം. എന്നാല്‍ എനിക്കത് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷേ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ആയിരിക്കുമ്പോള്‍ അതേക്കുറിച്ച് കുറേ അന്വേഷണങ്ങള്‍ നടത്തി. അപ്പോഴാണ് വീട്ടുകാര്‍ പറഞ്ഞത് മഠത്തില്‍ പൊക്കോളാനും അവിടെനിന്ന് ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ട് തിരിച്ചുവന്നോളാനും. അതായത് കന്യാസ്ത്രീ ആവേണ്ട എന്നും അതിന്റെ പഠനം നടത്തിയാല്‍ മതിയെന്നും. അവിടുത്തേത് നല്ല ലൈഫ് ആയിരുന്നു. കുറേ വാദ്യോപകരണങ്ങളും നൃത്തവുമൊക്കെ അവിടെനിന്ന് പഠിച്ചു. അറിയാവുന്ന ഒരു കുട്ടിയും അവിടെ ഉണ്ടായിരുന്നു. അതിനിടെ അവള്‍ക്ക് അസുഖമായി നാട്ടിലേക്ക് പോന്നു. അപ്പോള്‍ എനിക്ക് പേടി തോന്നി. ഇനിയെങ്ങാനും പിടിച്ച് സിസ്റ്റര്‍ ആക്കിയാലോ എന്ന്. അപ്പോള്‍ ഞാന്‍ സിസ്‌റ്റേഴ്‌സിനോട് പറഞ്ഞു എനിക്ക് തിരിച്ചുപോകണമെന്ന്. പറ്റത്തില്ലെന്ന് അവരും. ഞാന്‍ അവിടെ കിടന്ന് കരഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. അവരെന്നെ കൂട്ടിക്കൊണ്ട് പോന്നു. 

അതുകഴിഞ്ഞ് തുടര്‍ന്ന് എന്ത് പഠിക്കണമെന്ന ചര്‍ച്ച വീട്ടില്‍ നടന്നു. എയര്‍ ഹോസ്റ്റസ് ആവാനുള്ള ആഗ്രഹം അപ്പോള്‍ ഞാന്‍ അവതരിപ്പിച്ചു. അച്ഛന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ ചെന്നൈയിലേക്ക് പോയി. ഐടിസി ഹോട്ടലില്‍ ആറ് മാസം വര്‍ക് ചെയ്തു. അവിടെ ഒരു എയര്‍ലൈനിന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. ആ ജോലി കിട്ടി. കസ്റ്റമര്‍ സര്‍വീസ് പ്രിയപ്പെട്ട മേഖലയായിരുന്നു. എന്റെ പാസഞ്ചേഴ്‌സിനെ നന്നായി നോക്കുക എന്നതിലായിരുന്നു സന്തോഷം. അല്ലാതെ ഉയര്‍ന്ന ശമ്പളമോ ജോലിയുടെ ഗ്ലാമറോ ഒന്നുമായിരുന്നില്ല ഏറ്റവും വലിയ ആകര്‍ഷണം. 

പിന്നെ പ്രണയജീവിതത്തെക്കുറിച്ച് പറയാം. ഏറ്റവും വലിയ തേപ്പ് കിട്ടിയത് ചെന്നൈയില്‍ വച്ചാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ചെന്നൈയില്‍ ആയിരുന്നു. അവിടെ എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ഞാന്‍ ആത്മാര്‍ഥമായി പ്രേമിച്ച ഒരാള്‍. പക്ഷേ എന്നെ പ്രേമിച്ചിട്ടില്ല. മൂന്നര വര്‍ഷം മുന്‍പാണ് അത്. എന്റെ നൂറ് ശതമാനവും ഞാന്‍ ആ ബന്ധത്തില്‍ കൊടുത്തു. ഞാന്‍ എപ്പോള്‍ വിളിച്ചാലും അവന്റെ ഫോണ്‍ ബിസിയായിരിക്കും. പക്ഷേ സംശയിക്കാന്‍ പാടില്ലെന്ന് കരുതി ഞാനെപ്പോഴും ചിന്തിച്ചത് സുഹൃത്തുക്കളോടോ കുടുംബത്തോടോ സംസാരിക്കുകയാണെന്നാണ്. ആരാണെന്ന് ചോദിച്ചുമില്ല. ഗുഡ് മോണിംഗ്, ഗുഡ്‌നൈറ്റ് പോലെയുള്ള മെസേജുകളേ വരുകയുമുള്ളൂ. അപൂര്‍വ്വമായേ കണ്ടിരുന്നുമുള്ളൂ. ഒന്നര വര്‍ഷം ഞാന്‍ ആ ബന്ധം തള്ളിക്കൊണ്ടുപോയി. ഇങ്ങോട്ട് താല്‍പര്യമൊന്നും കാണിക്കുന്നില്ല എന്നതാവും എനിക്ക് അതില്‍ അത്ര താല്‍പര്യമുണ്ടായതിന് കാരണം. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് മടുത്തു. സ്ഥിരം കരച്ചിലായി അപ്പോഴേക്ക്. പിന്നീട് ഞാന്‍ ബ്രേക്ക് അപ്പ് പറഞ്ഞു. പുള്ളിയെക്കുറിച്ച് ഒന്ന് അന്വേഷിച്ചുനോക്കി. അപ്പോഴാണ് അറിയുന്നത്, ഒരേസമയം അഞ്ച് പെണ്‍കുട്ടികളെ വരെ അവന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. അത് എനിക്ക് ഡിപ്രഷന്‍ തന്നു. 

അച്ഛന്‍ ഉണ്ടാക്കിയ ഒരു വീട് ഗ്രാമത്തിലുണ്ട്. അവരുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. പിന്നെ ഒരു ആഗ്രഹം പറഞ്ഞത് ടൗണില്‍ ഒരു വീട് മേടിക്കുക എന്നതാണ്. അത് എന്റെ ഉത്തരവാദിത്തം ആയിരുന്നു. അങ്ങനെ 2017ല്‍ എന്റെ കാശ് മുടക്കി ഞാനൊരു ഫ്‌ളാറ്റ് മേടിച്ചു. അതിന്റെ ലോണ്‍ ഇപ്പോഴും അടയ്ക്കുന്നുണ്ട്.  ആ ബാധ്യത നില്‍ക്കുമ്പോഴാണ് ഇത്രയും നല്ല ശമ്പളമുള്ള ഒരു ജോലി ഞാന്‍ ഉപേക്ഷിച്ചത്. 

കാരണം ജോലിയോട് നൂറ് ശതമാനം ആത്മാര്‍ഥത കാണിക്കാന്‍ ആവുന്നില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. മോഡലിംഗിലേക്കും അഭിനയത്തിലേക്കുമൊക്കെ താല്‍പര്യം മാറിത്തുടങ്ങി. ആ സമയത്താണ് ബിഗ് ബോസില്‍ നിന്ന് ക്ഷണം വരുന്നത്. ഈ പ്ലാറ്റ്‌ഫോം ചിലപ്പോള്‍ എന്റെ നിലവിലെ ആഗ്രഹങ്ങള്‍ക്ക് സഹായകമാകുമെന്ന് കരുതി. അതുകൊണ്ട് രണ്ടും കല്‍പ്പിച്ച് ഇത്രയും ശമ്പളം കിട്ടുന്ന ജോലി ഞാന്‍ ഉപേക്ഷിച്ചു. ജോലി കളഞ്ഞതില്‍ കുറേപ്പേര്‍ കുറ്റപ്പെടുത്തി. ഒരുപാട് സുഹൃത്തുക്കളൊന്നും ഇല്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. എന്റെ തീരുമാനങ്ങള്‍ക്കൊപ്പം എപ്പോഴും നില്‍ക്കാറുള്ള അച്ഛനാണ് ഏറ്റവും വലിയ കരുത്ത്. 

click me!