ബിഗ് ബോസ് സീസൺ 7 റണ്ണറപ്പ് അനീഷ്, വിജയിയായ അനുമോളെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ തുടർന്ന് കടുത്ത വിമർശനം നേരിടുന്നു. ഒരു അവാർഡ് ചടങ്ങിൽ അനുമോളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അതിനെ 'മധുര പ്രതികാരം' എന്ന് വിശേഷിപ്പിച്ചത് പ്രേക്ഷകരെ ചൊടിപ്പിച്ചു.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചിട്ട് നാല് മാസങ്ങൾ പിന്നിടുകയാണ്. ഷോയിലൂടെ നിരവധി പേരാണ് പ്രേക്ഷകർക്ക് ഇതിനകം സുപരിചിതരായി മാറിയത്. അക്കൂട്ടത്തിലൊരാളാണ് അനീഷ്. കോമണറായി എത്തി പിന്നീട് സീസൺ ഫൈനലിൽ ഫസ്റ്റ് റണ്ണറപ്പായ ആളാണ് അനീഷ്. അനുമോൾ ആയിരുന്നു സീസൺ 7ലെ വിജയി. ഷോ അവസാനിച്ച് മാസങ്ങൾ പിന്നിട്ടതിന് പിന്നാലെ അനുമോളും അനീഷും തമ്മിൽ പേരെടുത്ത് പറയാതെ കൊമ്പുകോർത്തിരുന്നു. അനുമോളാണ് ബി​ഗ് ബോസ് വിന്നറെന്നത് അനീഷിന് ഇതുവരെയും അം​ഗീകരിക്കാൻ സാധിച്ചില്ലെന്നാണ് പിന്നാലെ വന്ന വിമർശനങ്ങൾ. ഇപ്പോഴിതാ അനീഷിനെതിരെ വീണ്ടും രം​ഗത്ത് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് പ്രേക്ഷകർ.

മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ അവാർഡ് നിശയിൽ അനുമോളെ കുറിച്ച് അനീഷ് പറഞ്ഞ കാര്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. അനുമോൾ ആയിരുന്നു അനീഷിന് അവാർഡ് നൽകിയത്. "അനുമോളുടെ കയ്യിൽ നിന്നാണ് എനിക്ക് അവാർഡ് ലഭിച്ചത്. അതൊരു സ്വീറ്റ് റിവഞ്ച് പോലെയാണ് എനിക്ക് തോന്നുന്നത്. തമാശയായി പറയുന്നതാണ്. ആ സെൻസിൽ എടുക്കണം. ആരുമറിയാതെ കിടന്ന എന്നെ ബി​ഗ് ബോസ് ആണ് എന്നെ ഇവിടം വരെ എത്തിച്ചത്. അതിനുള്ള നന്ദിയും കടപ്പാടും എന്നും എന്റെ ഉള്ളിൽ ഉണ്ടായിരിക്കും. ഞാനും അനുവും തമ്മിൽ പ്രൊഫഷണൽ ബന്ധം മാത്രമെ ഉള്ളൂ. അത് അങ്ങനെ തന്നെ കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടവും. ലൈൻ കട്ട് തന്നെയാണ്. എനിക്ക് ഒളിവോ മറവോ ഇല്ല. ഒരുപാട് ഓവർ ക്യൂട്ട്നെസ് ഒന്നും വാരി വിതറാനും അറിയില്ല", എന്നായിരുന്നു അനീഷിന്റെ വാക്കുകൾ.

"തോറ്റത് ഇനിയും അം​ഗീകരിക്കാൻ പറ്റാത്ത ഒരു അൽപൻ. സ്വീറ്റ് റിവഞ്ച് ആണ് പോലും. അതിനു തനിക്ക് മാത്രം അല്ല. അനുമോൾക്കും അവാർഡ് കിട്ടി. എന്തൊക്കെ പറഞ്ഞാലും ബി​ഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ ആണ്. താൻ അനുവിനോട് തോറ്റു തുന്നം പാടി. ഇനിയെങ്കിലും മനസിലാക്കൂ", എന്നാണ് ഒരാളുടെ കമന്റ്.

ഇതിന്റെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ അനീഷിന് എതിരെയുള്ള കമന്റുകളാണ് വന്നത്. "കപ്പ് കിട്ടാതെ ഭ്രാന്ത് ആയ ഒരു ചങ്ങായി, അനീഷിന് വോട്ട് കൊടുക്കാതിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഇപ്പോൾ മനസ്സിലായി അന്ന് അനുമോളോട് കാണിച്ചിട്ടുള്ള ഇഷ്ട്ടം ഫേക്ക് ആണെന്ന്, ഇയാൾക്ക് ഒരു വോട്ട് പോലും കൊടുക്കാത്തതിൽ എനിക്ക് വളരെ അധികം സന്തോഷം..ഇയാൾ ഇതു വരെ ബിഗ്ഗ് ബോസ്സിൽ നിന്ന് ഇറങ്ങിയിട്ടില്ല. പരമ കഷ്ടം, അടുത്ത ബിഗ്‌ബോസ് തുടങ്ങാറായി. എന്നിട്ടും അവന്റെ കരച്ചിൽ തീർന്നില്ല, റിവഞ്ച് ഒക്കെ ഞങ്ങൾ ബി​ഗ് ബോസ് ഫിനാലേയ്ക്ക് തന്ന് വിട്ടില്ലേ ബ്രോ. ഇനിയെങ്കിലും കരച്ചിൽ നിർത്ത്. നിങ്ങൾക്ക് വോട്ട് ചെയ്തത് ഓർത്ത് ലജ്ജ തോന്നുന്നു. അനുമോൾ ആയിരുന്നു ശരിയെന്ന് ഇപ്പോ തോന്നുന്നു", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming