
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മുന്നോട്ടുപോകുന്തോറും പുതിയ പുതിയ അപ്രതീക്ഷിതത്വങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ക്ക് ശേഷം ഇപ്പോഴിതാ മറ്റ് രണ്ടുപേര്‍ കൂടി അത്തരത്തില്‍ ബിഗ് ബോസിലേക്ക് സര്‍പ്രൈസ് സാന്നിധ്യങ്ങളായി എത്തിയിരിക്കുകയാണ്. റേഡിയോ ജോക്കി എന്ന നിലയിലും വ്‌ളോഗര്‍ എന്ന നിലയിലും സാമൂഹിക നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധേയനായ ആര്‍ ജെ സൂരജ് ആണ് ബിഗ് ബോസിലെ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാള്‍.
കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ സൂരജ് റേഡിയോ മാംഗോയിലൂടെയാണ് ആര്‍ ജെയായി തുടക്കമിടുന്നത്. കണ്ണൂര്‍ സ്‌റ്റേഷനില്‍ തന്നെയായിരുന്നു തുടക്കത്തില്‍. പിന്നീട് ഖത്തറിലെ റേഡിയോ മലയാളം എന്ന എഫ് എം സ്‌റ്റേഷനിലും ജോക്കിയായി കരിയര്‍ തുടര്‍ന്നു. ഇക്കാലയളവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റേതായ സാമൂഹിക നിരീക്ഷണങ്ങളും സൂരജ് പങ്കുവെക്കാന്‍ തുടങ്ങി. ഇതില്‍ ചിലതൊക്കെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം 2017ല്‍ എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ മൂന്ന് പെണ്‍കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് സൂരജ് പോസ്റ്റ് ചെയ്ത വീഡിയോയും അതിനുലഭിച്ച പ്രതികരണങ്ങളുമായിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരേ വ്യാപകമായി സൈബര്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സൂരജിന്റെ പ്രതികരണം. സൈബര്‍ ആക്രമണം നടത്തിയ മതമൗലിക വാദികളെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സൂരജിനെതിരെയും അത്തരത്തില്‍ ആക്രമണം നടന്നു. കൂടാതെ അദ്ദേഹത്തിനെതിരേ വധഭീഷണികളുമുണ്ടായി. തന്റെ പരാമര്‍ശത്തെക്കുറിച്ച് പിന്നാലെ മാപ്പ് പറയേണ്ടതായും വന്നു സൂരജിന്.
2018ലാണ് മറ്റൊരു പരാമര്‍ശത്തിന്റെ പേരില്‍ സൂരജ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്‌കൂള്‍ യൂണിഫോമില്‍ മത്സ്യക്കച്ചവടം നടത്തിയ പെണ്‍കുട്ടി ഹനാനെ പരിഹസിക്കുന്ന തരത്തില്‍ സൂരജ് പോസ്റ്റ് ചെയ്ത വീഡിയോ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഈ വിഷയത്തില്‍ സൂരജിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. പിന്നീട് താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ഹനാനെക്കുറിച്ച് അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് സൂരജ് രംഗത്തെത്തി. തെറ്റ് പറ്റിപ്പോയെന്നും അത് തിരിച്ചറിഞ്ഞ് താന്‍ തിരുത്തിയെന്നും സൂരജ് അന്ന് വിശദീകരിച്ചു.
റേഡിയോ ജോക്കി എന്നതിനൊപ്പം വ്‌ളോഗറും അവതാരകനും ബിസിനസ് പ്രൊമോട്ടറും ഒക്കെയാണ് സൂരജ് ഇപ്പോള്‍. അദ്ദേഹത്തിന്റെ കടന്നുവരവ് ബിഗ് ബോസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പല വിഷയങ്ങളിലും മറ്റുള്ളവരുമായി ആശയപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള ഒരു മത്സരാര്‍ഥിയാണ് ആര്‍ ജെ സൂരജ്. 2017ല്‍ മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരാള്‍കൂടി നിലവില്‍ ബിഗ് ബോസിലുണ്ട്. കഴിഞ്ഞ വാരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ജസ്ല മാടശ്ശേരിയാണ് അത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ