ബിഗ് ബോസ് സീസൺ 7 വിജയി അനുമോളും റണ്ണറപ്പ് അനീഷും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു. തൻ്റെ വിജയം പിആർ അല്ലെന്നും ജനവിധി ആണെന്നും അനുമോൾ പ്രതികരിച്ചു.

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ വിജയിയും ഫസ്റ്റ് റണ്ണറപ്പുമായിരുന്നു ആർട്ടിസ്റ്റ് അനുമോളും കോമണറായ അനീഷും. പിആറിന്റെ ബലത്തിലാണ് അനുമോൾ വിജയിച്ചതെന്നും യഥാർത്ഥ വിജയി അനീഷ് ആണെന്നും അന്ന് സോഷ്യൽ മീഡിയയിൽ പ്രചാരം നടന്നിരുന്നു. എന്നാൽ അനുമോൾക്ക് അർ​ഹിച്ച അം​ഗീകാരമാണ് ലഭിച്ചതെന്ന് പറഞ്ഞ് നിരവധി ആരാധകർ രം​ഗത്തെത്തിയതും മലയാളികൾ കണ്ടതാണ്. ഷോ കഴിഞ്ഞ് നാല് മാസത്തിനിപ്പുറം അനീഷും അനുമോളും തമ്മിൽ സോഷ്യൽ മീഡിയയിൽ പോരടിച്ചിരിക്കുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ചടങ്ങിൽ അനീഷും അനുമോളും പങ്കെടുത്തിരുന്നു. അനീഷിന് ആയിരുന്നു പുരസ്കാരം. ശേഷം അനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റിലെ വരികൾ വിമർശനങ്ങൾക്ക് കാരണമായി. 'ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന അനുമോളുമാണ് പുരസ്‌കാരം നൽകിയത്', എന്നതായിരുന്നു ആ വാചകം. അനീഷിന് ഇപ്പോഴും അനുമോൾ വിജയി ആയെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും താനാണ് വിജയി എന്ന് പറഞ്ഞ് നടക്കുകയാണെന്നുമായിരുന്നു വിമർശനം.

അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുരസ്‌കാരങ്ങൾ കിട്ടുക എന്നത് തീർച്ചയായും സന്തോഷം തരുന്ന ഒന്നാണ്. Milestone Makers ന്റെ Digital Media Star of the Year 2026 എന്ന അവാർഡ് എനിക്ക് കിട്ടുമ്പോൾ അംഗീകരിക്കപ്പെട്ടതിന്റെ നിർവൃതി തീർച്ചയായും ഉണ്ട്. ഒരുപാട് സിനിമകളുടെ ഭാഗമായ അഭിനേത്രി പ്രിയങ്കയും, ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്ന അനുമോളുമാണ് ഈ പുരസ്‌കാരം നൽകിയത്. മുതിർന്ന സിനിമ താരങ്ങളും, സോഷ്യൽ മീഡിയയിൽ മിന്നിത്തിളങ്ങുന്ന താരങ്ങളും തന്ന പരിഗണയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു. നിങ്ങളുടെ സ്വന്തം അനീഷേട്ടൻ.

വിമർശനങ്ങൾക്ക് പിന്നാലെ അനുമോൾ പ്രതികരണവുമായി രം​ഗത്ത് എത്തി. തുടരെയുള്ള ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു അനുമോളുടെ മറുപടി. പേരെടുത്ത് പറയാതെയാണ് പ്രതികരണം.

അനുമോളുടെ വാക്കുകൾ

വിജയിച്ചവര്‍ മുന്നോട്ട് പോകും.. ജയിക്കാന്‍ പറ്റാത്തവര്‍ പഴയ കഥകള്‍ പിടിച്ച് നില്‍ക്കും. ഒരാളുടെ മൂല്യം കുറച്ച് എഴുതാം.. പക്ഷേ ആളുകളുടെ സ്നേഹം കുറച്ച് എഴുതാന്‍ ആരാലും കഴിയില്ല. നമ്മളെ ചെറുതാക്കി കാണിക്കാന്‍ ചിലര്‍ ശ്രമിക്കും. പക്ഷേ സത്യമായ കഴിവ് ഒരാളുടെ വാക്കുകളില്‍ അല്ല, ആളുകളുടെ മനസിലാണ് തെളിയുന്നത്. എന്നെ ചെറുതാക്കി എഴുതാം. പക്ഷേ പതിനാറ് ലക്ഷം വോട്ടുകള്‍ ചെറുതാക്കാന്‍ ആരാലും കഴിയില്ല. വിജയം ആരുടേയും കൃപയല്ല. അത് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. അതിന് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.

എനിക്ക് കിട്ടേണ്ടത് എല്ലാം കിട്ടി. ട്രോഫി, കാര്‍, പ്രൈസ് മണി. അതിലും വലിയത് ജനങ്ങളുടെ സ്നേഹം. ഞാന്‍ എന്‍റെ യാത്രയില്‍ മുന്നോട്ട് പോകുന്നു. ചിലര്‍ ഇപ്പോഴും പഴയ മത്സരത്തില്‍ തന്നെ കുടുങ്ങിയിരിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് 4 മാസം ആയി.. ഞാന്‍ മുന്നോട്ട് പോയി. ചിലര്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. പിആര്‍ കൊണ്ടല്ല..16 ലക്ഷം ആളുകളുടെ സ്നേഹമാണ് എന്നെ വിന്നറാക്കിയത്. പോയി പണി കോക്കെടോ.

ഇതിന് അനീഷും പ്രതിരിച്ചിട്ടുണ്ട്. "ആര്‍ക്കോ നന്നായി പൊള്ളുന്നുണ്ടല്ലോ.. അയ്യോ, വിയര്‍ത്ത് മേക്കപ്പ് ഒലിച്ചിറങ്ങിയാല്‍..ചിലര്‍ എല്ലാ മാസവും വീതം വെച്ച് കൊടുക്കുന്നതല്ലേ.. ആ റോബോട്ടിക് പിആറുകളും, പെയ്ഡ് പിആറുകളും രക്ഷക്കെത്തട്ടെ", എന്നായിരുന്നു അനീഷിന്റെ പ്രതികരണം. എന്തായാലും ബി​ഗ് ബോസ് താരങ്ങളുടെ പോര് സോഷ്യലിടത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഇരുവരുടേയും പോസ്റ്റ് പരസ്പര പോരാണെന്നാണ് ബിബി പ്രേക്ഷകര്‍ പറയുന്നത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming