'ഈ പുള്ളിയാണോ ബിഗ് ബോസ്?'; രജിത്തിനെതിരേ പരിഹാസവുമായി ആര്യ

By Web TeamFirst Published Feb 7, 2020, 11:03 PM IST
Highlights

'ഞാന്‍ കേറിവന്നത് എന്തിനാന്നറിയാമോ? പിറകെ ആരെങ്കിലുമൊക്കെ കേറിവരുമെന്നറിയാം. നൈസായിട്ട് (രജിത്) ഇവിടുന്ന് ഇറങ്ങി പോകുമെന്നുമറിയാം. കറക്ടായിട്ട് നമ്മള്‍ കേറിവന്നപ്പൊ ഇറങ്ങിപ്പോയത് കണ്ടോ, ഇത്രയേ ഉള്ളൂ..'

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. ബിഗ് ബോസ് ഹൗസില്‍ താന്‍ ഒറ്റയ്ക്കും മറ്റുള്ളവര്‍ എല്ലാം ഒറ്റക്കെട്ടുമാണെന്ന് ആദ്യ വീക്കെന്‍ഡ് എപ്പിസോഡുകളിലൊന്നില്‍ രജിത് തന്നെ അവതാരകനായ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. പല എപ്പിസോഡുകളിലും ഹൗസിലുണ്ടായ പ്രശ്‌നങ്ങളുടെ ഒരു ഭാഗത്ത് രജിത് കുമാറും മറുഭാഗത്ത് മിക്കവാറും മറ്റ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യവുമാണ്. രജിത് കുമാറിന്റെ അഭിപ്രായങ്ങളോടും പെരുമാറ്റരീതികളോടും വിയോജിക്കുമ്പോള്‍ തന്നെ രജിത് സൂത്രശാലിയായ മത്സരാര്‍ഥിയാണെന്ന് അഭിപ്രായമുള്ളവരാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും. ഇന്നത്തെ എപ്പിസോഡില്‍ ആര്യയും ജസ്ലയും അടക്കമുള്ളവര്‍ ചര്‍ച്ച ചെയ്തതും രജിത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചുമാണ്.

 

രജിത്തും ദയയും തമ്മിലുണ്ടായ ദീര്‍ഘസംഭാഷണത്തോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. മുന്‍പ് പ്ലസ് ടു അധ്യാപകനായിരുന്ന കാലത്ത് തന്നെ തേടിയെത്തിയ ഒരു വിവാഹാലോചനയെക്കുറിച്ച് ദയയോട് സംസാരിക്കുകയായിരുന്നു രജിത്. തന്നെക്കാള്‍ രണ്ട് വയസ് മൂത്ത ഒരു അധ്യാപികയുടെ കാര്യമാണ് രജിത് സംസാരിച്ചത്. അവര്‍ വിവാഹിതയായിരുന്നുവെന്നും എന്നാല്‍ അതില്‍ തുടരാന്‍ പറ്റാത്തവിധം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അവരുടെ ബന്ധുവായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നുമൊക്കെ രജിത് ദയയോട് പറഞ്ഞു. ഈ അനുഭവം പറയവെ രജിത്തിന്റെ നിരീക്ഷണങ്ങളോട് വിയോജിച്ച് ദയ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കവും ആരംഭിച്ചു. പിന്നാലെ ആര്യ, മഞ്ജു, ജസ്ല, വീണ തുടങ്ങിയവരൊക്കെ എത്തുകയായിരുന്നു. മറ്റുള്ളവര്‍ അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ രജിത് അവിടെനിന്നും ഹാളിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് ദയയോടും അവിടെയുണ്ടായിരുന്ന മറ്റുള്ള എല്ലാവരോടുമായി സംസാരിച്ച ആര്യയാണ് ഈ കഥകളൊക്കെ രജിത് ഗെയിമിന്റെ ഭാഗമായി സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ചെയ്യുന്നതാണെന്ന് പറഞ്ഞത്. രജിത് സംസാരിക്കുന്നത് കണ്ടാണ് താന്‍ ഇവിടേയ്ക്ക് വന്നതെന്നും ആര്യ പറഞ്ഞു. താനും മറ്റുള്ളവരും വന്നാല്‍ രജിത് പോകുമായിരുന്നുവെന്ന കാര്യം താന്‍ മുന്‍കൂട്ടി കണ്ടെന്നും ആര്യ പറഞ്ഞു.

'ഞാന്‍ കേറിവന്നത് എന്തിനാന്നറിയാമോ? പിറകെ ആരെങ്കിലുമൊക്കെ കേറിവരുമെന്നറിയാം. നൈസായിട്ട് (രജിത്) ഇവിടുന്ന് ഇറങ്ങി പോകുമെന്നുമറിയാം. കറക്ടായിട്ട് നമ്മള്‍ കേറിവന്നപ്പൊ ഇറങ്ങിപ്പോയത് കണ്ടോ, ഇത്രയേ ഉള്ളൂ. അത്രയും നേരമായിട്ട് (രജിത്തിന്) ഫുട്ടേജ് കിട്ടിക്കൊണ്ടിരിക്കുകയാണ് ഫ്രീ ആയിട്ട്. ഞാന്‍ വന്നപ്പൊ ചേച്ചി പ്രതികരിച്ചുതുടങ്ങി. (ദയ) ചേച്ചി പ്രതികരിച്ച് തുടങ്ങിയപ്പൊ (രജിത്) പതുക്കെ പ്ലേറ്റ് മാറ്റി. പുള്ളി സ്വയം പോസിറ്റീവ് ആയി കാണിക്കാന്‍ വേണ്ടി ഇങ്ങനെ ആദര്‍ശം പറഞ്ഞുകൊണ്ടിരിക്കും. അതിനായി കഥകള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അത് സത്യമാണോ നുണയാണോ എന്നൊന്നും നമുക്കറിയില്ല. ഈ ഷോ എന്താണെന്നുള്ളത് അരച്ച് കലക്കി കുടിച്ചിട്ടുള്ള മനുഷ്യനാണെന്നുള്ളത് പുള്ളിയുടെ കൂടെ അഞ്ച് ദിവസം നിന്ന് നിരീക്ഷിച്ചാല്‍ നമുക്ക് മനസിലാവും', ആര്യ പറഞ്ഞു.

 

'പക്ഷേ ഇത് പുറത്തുനിന്ന് കാണുന്നവര്‍ക്ക് മനസിലാവില്ല. അതാണ് പുള്ളിയുടെ തന്ത്രം. ഇവിടെ പ്രദീപേട്ടന്റെ അടുത്തോ സാജുച്ചേട്ടന്റെ അടുത്തോ എന്റെയടുത്തോ മഞ്ജു ചേച്ചിയുടെ അടുത്തോ ഒന്നും പുള്ളി ഇമ്മാതിരി പരിപാടി ഇറക്കില്ല. എല്ലാവരുടെയടുത്തും ട്രയല്‍ നോക്കിയിട്ടുണ്ട്. ആരുടെയടുത്ത് സംസാരിച്ചാല്‍ പുള്ളി വിശുദ്ധനായി പുറത്തുപോകുമെന്ന് പുള്ളിക്ക് അറിയാം. ആദ്യം ഫുക്രു, പിന്നെ പരീക്കുട്ടി, പരീക്കുട്ടി പോയപ്പോള്‍ സുജോ, ഇപ്പോള്‍ ദയയും പവനുമൊക്കെയാണ് പുള്ളി സംസാരിക്കാനായി കണ്ടിരിക്കുന്ന ആളുകള്‍', ആര്യ പറഞ്ഞവസാനിപ്പിച്ചു. ഒരു കഥ ഉണ്ടാക്കി പറഞ്ഞിട്ട് മറ്റുള്ളവരെ പരീക്ഷിക്കാനാണെന്ന് അവസാനം രജിത് പറയാറുണ്ടെന്ന് ജസ്ല കുറ്റപ്പെടുത്തലിന്റെ സ്വരത്തില്‍ പറഞ്ഞു. ആ വാദത്തെ ഫുക്രുവും ന്യായീകരിച്ചു. 'ഇനി ഈ പുള്ളിയാണോ ബിഗ് ബോസ്', ആര്യ രജിത്തിനെക്കുറിച്ച് പരിഹാസത്തോടെ പറഞ്ഞു. എന്നാല്‍ ഹാളില്‍ ഈ സമയം രജിത് ഈ സംസാരമെല്ലാം കണ്ടും അല്‍പാല്‍പം കേട്ടും നിരീക്ഷിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. 'കുറ്റം പറഞ്ഞാലും നല്ലത് പറഞ്ഞാലും രജിത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കണമല്ലോ..', ഇതായിരുന്നു രജിത് കുമാറിന്റെ ആത്മഗതം.

click me!