കൊവിഡ് 19: ബിഗ് ബോസ് വോട്ടിംഗ് നിര്‍ത്തിവച്ചു

By Web TeamFirst Published Mar 18, 2020, 6:18 PM IST
Highlights

കൊവിഡ് 19 പശ്ചാത്തലത്തില്‍ തങ്ങളുടെ അഡിമിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
 

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് കൊവിഡ് 19 സൃഷ്ടിച്ച അടിയന്തിര സാഹചര്യത്തില്‍ പൂര്‍ത്തിയാവും മുന്‍പ് അവസാനിക്കുകയാണ്. മുന്നൂറ് പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരാര്‍ഥികളുടെയും സുരക്ഷയെ കരുതിയാണ് അണിയറക്കാരുടെ തീരുമാനം എന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വൈകാതെ ഉണ്ടാവുമെന്നും കരുതപ്പെടുന്നു. അതേസമയം ഷോയിലെ മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിംഗ് നിലവില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 

ALSO READ: കൊവിഡ് 19: ബിഗ് ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

ബിഗ് ബോസിന്റെ ഡിജിറ്റല്‍ സംപ്രേഷണം നടക്കുന്ന ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു മത്സരാര്‍ഥികള്‍ക്കായുള്ള വോട്ടിംഗ് നടന്നിരുന്നത്. എന്നാല്‍ നിലവില്‍ ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷനില്‍ വോട്ടിംഗിനുള്ള നിര്‍ദേശം നല്‍കിയിരുന്ന സ്ഥലത്ത് 'വോട്ടിംഗ് ലൈനുകള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നു' എന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് 19 സാഹചര്യമാണ് ഇതിന് കാരണമെന്നും വിശദീകരണമുണ്ട്.

അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ തങ്ങളുടെ അഡിമിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

 

എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയുടെ കുറിപ്പ്

'ഞങ്ങളുടെ ജീവനക്കാരുടെയും താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും ക്ഷേമത്തിലും സുരക്ഷയിലും എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങളുടെ മുഴുവന്‍ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ വിഭാഗങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഞങ്ങള്‍ അറിയിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരമുള്ള എല്ലാ എല്ലാ സുരക്ഷാ, മുന്‍കരുതല്‍ മാനദണ്ഡങ്ങളും അനുസരിച്ച് കൊവിഡ് 19 വ്യാപനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ പങ്ക് എന്ന നിലയിലുള്ള താല്‍ക്കാലിക നിര്‍ത്തിവെക്കലാണ് ഇത്. ഈ മാനദണ്ഡങ്ങളൊക്കെ ഞങ്ങള്‍ പാലിച്ചുവന്നിരുന്നതാണ്. ഞങ്ങളുടെ കമ്പനിയില്‍ ഇതുവരെ ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. വെല്ലുവിളിയുടെ ഈ സമയത്ത്, ഞങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും അണിയറപ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും മനസിലാക്കലിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ആരോഗ്യപരമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും ഞങ്ങള്‍ പ്രേരിപ്പിക്കുന്നു. വൈകാതെ നിങ്ങളെ വിനോദിപ്പിക്കാനായി തിരിച്ചെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'

പതിനേഴ് മത്സരാര്‍ഥികളുമായി ജനുവരി അഞ്ചിനാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് സംപ്രേഷണം ആരംഭിച്ചത്. മത്സരാര്‍ഥികള്‍ക്കിടയില്‍ പടര്‍ന്ന കണ്ണിനസുഖം മുതല്‍ പല അപ്രതീക്ഷിതത്വങ്ങളിലൂടെയുമാണി ഈ സീസണ്‍ കടന്നുപോയത്. 73-ാമത്തെ എപ്പിസോഡ് ആണ് ഇന്നലെ സംപ്രേഷണം ചെയ്തത്. 

"

click me!