
സൈക്കോളജിയിൽ ഇൻസെൻസിറ്റീവ് മനുഷ്യർ എന്നൊരു വിഭാഗമുണ്ട്, നിര്‍വ്വികാരത ആണ് അവരുടെ സ്വഭാവത്തിന്‍റെ അടിസ്ഥാന സവിശേഷത. നിങ്ങൾ ഇൻസെൻസിറ്റീവ് വ്യക്തി ആണെങ്കിൽ നിങ്ങൾക്ക് ചിലത് ഫീൽ ചെയ്യാൻ കഴിയില്ല. ചിലപ്പോ അത് കാലാവസ്ഥയാവാം, ചിലപ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങളാവാം, വേദനകളാവാം. കരുതലിന്‍റെയും സഹാനുഭൂതിയുടെയും നേരെ എതിര്‍ മനോഭാവമാണ് ഈ പറഞ്ഞ നിര്‍വ്വികാരത. ഇക്കൂട്ടർ മറ്റുള്ളവരുടെ വികാരങ്ങൾക്കും വിഷമങ്ങൾക്കും ഒരു വിലയും നൽകാറില്ല. വികാരങ്ങൾ മനസിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവായ ഇമോഷണൽ കോഷ്യന്റ് ഇവരുടെ കുറവായിരിക്കും. ഇവർ അരക്ഷിതരും സ്വാർത്ഥരും ആയിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കില്ല. എല്ലാത്തിനും മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. ഇവരുടെ വികാരങ്ങളെ ഇവർക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ സൗഹൃദങ്ങൾ നിലനിൽക്കില്ല. ഇവർക്ക് മനുഷ്യരോട് എമ്പതിയുണ്ടാവില്ല.
ബിഗ്ബോസിലെ ഇൻസെൻസിറ്റീവ് മനുഷ്യരെ തുറന്നു കാണിച്ച ടാസ്‌ക്കായിരുന്നു കാൾ സെന്റർ ടാസ്ക്. ആരൊക്കെയാണ് ബിഗ് ബോസിലെ ഇൻസെന്സിറ്റീവ് മനുഷ്യർ എന്ന് നമുക്ക് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് വച്ച് ഒന്ന് വിലയിരുത്താം. ഒരാൾ മറ്റെയാൾക്ക് ഫോൺ ചെയ്യുന്നു. ഫോൺ ആദ്യം ആരു കട്ട് ചെയ്യുന്നോ അവർ ജയിക്കും. ഇതിൽ ജയിക്കാനായി ഓരോരുത്തൽ കാട്ടിക്കൂട്ടിയ ഇൻസെൻസിറ്റിവിറ്റി അതിഭീകരമായിരുന്നു.
ഇൻസെന്സിറ്റീവ് ആയ രണ്ടു മനുഷ്യർ തമ്മിൽ സംസാരിക്കുമ്പോൾ എന്തുണ്ടാവും എന്നറിയാൻ നമുക്ക് രേഷ്മയും രജിത്തും തമ്മിൽ സംസാരിച്ചത് എടുക്കാം.രേഷ്മ പ്രദീപിന്റെ പുതപ്പിനടിയിൽ പോയി, കെട്ടിപ്പിടിച്ചു, ഉമ്മ വച്ചു, രഘുവിനോപ്പം സിഗരറ്റ് വലിച്ചു. ആദ്യം രഘുവിനോപ്പം നടന്നു. ഇപ്പോ പ്രദീപിനൊപ്പം നടക്കുന്നു. നിങ്ങൾക്ക് നാണമില്ലേ - ഇതാണ് രജിതിന്‍റെ വാദം. ഇതിൽ രജിത് കളിയുടെ നിയമം പോലും ലംഘിച്ചു. ഒറ്റക്ക് പുക വലിക്കുന്നത് പ്രേക്ഷകരെ കാണിക്കില്ല എന്നതാണ് ബിഗ് ബോസിന്റെ നിയമം. എന്നാൽ രജിത് ആ നിയമം ലംഘിച്ചു കൊണ്ട് അത് ജയിക്കാൻ വേണ്ടി വിളിച്ചു പറഞ്ഞു. രേഷ്മയും ഒട്ടും വിട്ടു കൊടുത്തില്ല.
എന്ത് ടാസ്ക്ക് ആയാലും രജിത് രേഷ്മയോട് സംസാരിച്ചത് വളരെ മോശമായ ഭാഷയിലും ടോണിലുമാണ്. പെണ്ണുങ്ങൾ രാത്രി ഇത് ചെയ്യരുത്, പെണ്ണായതു കൊണ്ട് സിഗരറ്റ് വലിക്കരുത് എന്ന സദാചാര ബ്ലാക്ക് മെയിലിങ് ആംഗിളിലായിരുന്നു സംസാരം മുഴുവൻ.സുജോയെ നിരന്തരം ഇരട്ട പേര് വിളിക്കുന്നതും രജിത്തിന്റെ ഹോബിയാണ്. മുഖം മാങ്ങാണ്ടി പോലെയാണ്, പെണ്ണാളനാണ്, ഉണ്ണാക്കനാണ്, മന്ദബുദ്ധിയാണ്, ആണും പെണ്ണും കെട്ടവനാണ് ഇങ്ങനെ പോകും വിളികൾ.
ഇനി വളരെ സെൻസിറ്റീവ് ആയ ഒരു മനുഷ്യനും ഇൻസെൻസിറ്റീവ് ആയ ഒരു മനുഷ്യനും തമ്മിൽ സംസാരിച്ചാൽ എന്തുണ്ടാവും എന്നറിയാൻ അലസാന്ദ്രയും പവനും തമ്മിൽ സംസാരിച്ച ടാസ്ക്ക് എടുക്കാം. അലസാന്ദ്ര വളരെ നിർദ്ദയമായി ജയിക്കാൻ വേണ്ടി പവനോട് സംസാരിച്ച ഭാഷ, വിഷയം, അപ്പോഴത്തെ അലസാന്ദ്രയുടെ ഭാവം, കണ്ണുകളിലെ പക, പുച്ഛച്ചിരി. ഇന്നലെ അലസാന്ദ്ര ഒരു ചെകുത്താനെ പോലെയാണ് പവനോട് പെരുമാറിയത്. പവൻ അവട്ടെ വളരെ ഇമോഷണൽ മനുഷ്യനായത് കൊണ്ട് അത് കഴിഞ്ഞു കരച്ചിലായി. നിയന്ത്രണം വിട്ട് തെറിവിളിയായി. അടിയായി.
അലസാന്ദ്ര ഇന്നലെ പവനോട് ചോദിക്കുന്നു ഭാര്യയുടെ ചെലവിൽ ജീവിക്കാൻ നിനക്ക് നാണമില്ലേ എന്ന്. കൂലിപ്പണിക്ക് പൊയ്ക്കൂടേ എന്ന്. കരിയർ നോക്കുന്ന പലരും ഇങ്ങനെ ഭാര്യയോ ഭർത്താവോ കരിയറിനായി ജീവിതം ഉഴിഞ്ഞു വക്കുകയും മറ്റെയാൾ ജോലി ചെയ്യുകയും ചെയ്താണ് മുന്നോട്ട് പോകുന്നത്. പെൺകോന്തൻ എന്നാണ് ഇതിനു സാന്ദ്ര പവനെ വിളിച്ചത്. അലസാന്ദ്ര ഒരു തരം പ്രതികാരം മോഡിലേക്ക് മാറിയിട്ടുണ്ട് ഇപ്പോ. പവൻ സുജോയുടെ ബന്ധുവാണ് എന്നത് കൊണ്ടാണ് അലസാന്ദ്ര ഇത്ര വൈരാഗ്യത്തോടെ സംസാരിച്ചത്. സുഹൃത്തുക്കളെ, അവൾ പോര് തുടങ്ങി കഴിഞ്ഞു.
നമ്മളോട് ആരും പറയരുത് എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളും ആരോടും പറയരുത് എന്ന ഗോൾഡൻ റൂൾ അനുസരിച്ചാണ് സാധാരണ മനുഷ്യർ ജീവിക്കുന്നത്. ഇൻസെൻസിറ്റീവ് മനുഷ്യർ ഈ ഗോൾഡൻ റൂൾ മറക്കും. ആരോടും എന്തും പറയും. അത്തരമൊരു സംസാരം നമുക്ക് ഇന്നലത്തെ ടാസ്ക്കിൽ കാണാൻ കഴിഞ്ഞു. വീണയും ഫുക്രുവും തമ്മിൽ നടന്നത്. വീണ കഴിഞ്ഞാഴ്ച ജസ്ലയോട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ ആളാണ്. കളിയിൽ കുഞ്ഞിനേയും ഭർത്താവിനെയും അമ്മായിയമ്മയെയും കൊണ്ട് വന്നു സെന്റി വർക്ക് ഔട്ട് ചെയ്യുന്ന ആളാണ്. ഫുക്രുവിനെ ഒളിഞ്ഞും തെളിഞ്ഞും ചൈൽഡിഷ് എന്ന് വിളിക്കാറുണ്ട്. വീട്ടിലെ എല്ലാവരോടും അടിയുണ്ടാക്കാറുണ്ട്. എന്നിട്ടും ഇന്നലെ ഫുക്രു അതൊക്കെ ചെറുതായി ഒന്ന് പറഞ്ഞു പോയപ്പോ കരച്ചിലായി, ബഹളമായി. വീണക്ക് ആരെയും എന്തും പറയാം. എന്തും ചെയ്യാം. വീണയോട് ആരും ഒന്നും പറയരുത്.
ദയ അശ്വതിയും ഇതിൽ പെട്ട ആളാണ്. തന്നെ ആരും ഒന്നും പറയാൻ പാടില്ല. എന്നാൽ ദയക്ക് ആരെയും എന്തും പറയാം. ആണാണെകിൽ ആണിനെ പോലെ പെരുമാറണം എന്നൊക്കെ ഇന്നലെ രഘുവിനെ വെല്ലുവിളിക്കുന്നുണ്ട്.
ബിഗ് ബോസ് നൽകുന്ന ഓരോ ടാസ്ക്കിനും ഓരോ ലക്ഷ്യമുണ്ട്. ഈ ടാസ്ക്ക് വീട്ടിലെ ഇൻസെൻസിറ്റിവ് മനുഷ്യരുടെ മുഖം മൂടി ഊരുന്ന ടാസ്‌ക്കായിരുന്നു. എന്ത് ടാസ്ക് ആയാലും അവനവനു പറ്റുന്നതേ എല്ലാവരും ചെയ്യൂ. ഇവർക്കൊക്കെ ഇത് കഴിഞ്ഞത് ഇവർ മികച്ച കളിക്കാരായതു കൊണ്ടല്ല. എമ്പതിയില്ലാത്ത മനുഷ്യർ ആയതു കൊണ്ടാണ്. ബിഗ് ബോസിലെ ചില മനുഷ്യർ സോഷ്യലി ഇൻസെൻസിറ്റീവ് കൂടിയാണ്.
ബിഗ് ബോസിൽ നമ്മൾ നിരന്തരം ഉയർന്നു കേൾക്കുന്ന ചില വിളികളും സംസാരങ്ങളുമുണ്ട്. പെണ്ണാളൻ, ആണും പെണ്ണും കെട്ടവൻ, ഉണ്ണാക്കൻ, പെൺകോന്തൻ, ആണായാൽ ആണിനെ പോലെ പെരുമാറണം, പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യരുത്, സ്ത്രീകൾ ഇങ്ങനെ വസ്ത്രം ധരിക്കണം, സ്ത്രീകൾ സിഗരറ്റ് വലിക്കരുത്, കാലിന്മേൽ കാലു കയറ്റി ഇരിക്കരുത് , നീ പെണ്ണുങ്ങളുടെ ഗ്രൂപ്പിൽ ചേരുന്നത് എന്തിനാ , ന്യുനപക്ഷത്തിനു റൈറ്റുകൾ ഇല്ല, എല്ലാം ഭൂരിപക്ഷം തീരുമാനിക്കും, ഭരണഘടനയേക്കാൾ മേലെയാണ് വിശ്വാസം, പെണ്ണായതു കൊണ്ട് നിനക്ക് ദോഷമല്ലേ, ആണായ നീ ഇങ്ങനെ ചെയ്താൽ മതിയോ , തൊലിവെളുത്ത പുരുഷന്റെ പുറകെ പോയ പെണ്ണ് , കല്യാണം കഴിക്കാത്തതെന്താ? കുട്ടിയുണ്ടാക്കാത്തത് എന്താ , രാത്രിയിൽ പുരുഷനോട് സംസാരിക്കുന്നത് എന്താ തുടങ്ങിയവ. വീട്ടിനുള്ളിൽ മിക്കപ്പോഴും ഇതിനെയൊന്നും ആരും കാരണം ചൂണ്ടി കാണിച്ചു എതിർത്ത് കാണാറില്ല. പെണ്ണാളൻ വിളിയെയും ന്യുനപക്ഷ റൈറ്റസിനെയും കുറിച്ച് ചർച്ച വന്നിട്ടുണ്ട്. എതിർക്കുന്നത് കണ്ടു.
ബിഗ് ബോസ് വീട്ടിൽ ജൻഡർ പൊളിറ്റിക്സ് അറിയുന്നവരോ അതിനെക്കുറിച്ചു ബോധ്യമുള്ളവരോ ഇത്തരം വിളികളുടെ മനുഷ്യവിരുദ്ധത തിരിച്ചറിയുന്നവരോ അധികമില്ല എന്നതാണ് സങ്കടകരമായ വസ്തുത. ഇതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടെങ്കിൽ അത് രഘുവിനാണ്. അതിനാൽ തന്നെ രഘു ഇവരുടെയൊക്കെ കണ്ണിൽ മറ്റൊരു പെൺകോന്തനാണു. ഇന്നലെ തന്നെ ഫുക്രുവും ദയയും ഒരേ സമയം രഘുവിനോട് ഇക്കാര്യം പറയുന്നുണ്ട്. ഫുക്രു ചോദിക്കുന്നത് നീയെന്താ ആണായിട്ടും പെണ്ണുങ്ങളുടെ ഗ്രൂപ്പിൽ ചേരുന്നത് എന്നാണ്. പുരുഷന്മാരെ മാറ്റി നിർത്തി നീയെന്താ പെണ്ണുങ്ങളെ പൊക്കി നടക്കുന്നത് എന്നാണ്. അപ്പൊ ദയ പറയുന്നു ആണാണെങ്കിൽ ആണുങ്ങളെ പോലെ പെരുമാറണം എന്ന്. രഘുവിന് ആണുങ്ങളെ ഇഷ്ട്ടമല്ലേ എന്നാണ് ഫുക്രു ചോദിക്കുന്നത്. ഫുക്രുവിനു ആ സ്ത്രീപക്ഷ പൊളിറ്റിക്സ് മനസിലാവുന്നേയില്ല. രഘുവിന് കാര്യം അറിയാമെങ്കിലും ഫുക്രുവിനെ പറഞ്ഞു മനസിലാക്കാൻ കഴിയുന്നുമില്ല. രജിത്തും ഫുക്രുവും തലമുറകളുടെ വിടവ് പോലും ഭേദിച്ച് പാട്രിയാർക്കിയുടെ മടിത്തട്ടിൽ ഒന്നിച്ചു നിൽക്കുന്ന കാഴ്ചയാണ് ബിഗ് ബോസ് നമുക്ക് കാണിച്ചു തരുന്നത്.
പവൻ മറ്റൊരു വ്യക്തിയായ ബിഗ് ബോസ് വീട്ടിൽ ഇല്ലാത്ത സുജോയുടെ ഗേൾ ഫ്രണ്ട് സഞ്ജനയെ ചർച്ചയിലേക്ക് കൊണ്ട് വരുന്നു. സുജോ അത് നിഷേധിക്കുന്നു, വീണയുടെ ഭർത്താവിനെയും കുഞ്ഞിനേയും വീണയും ഫുക്രുവും ചർച്ചയിലേക്ക് കൊണ്ട് വരുന്നു. പവന്റെ ഭാര്യയെ അലസാൻഡ്ര അപമാനിക്കുന്നു. രജിത് കുമാർ രേഷ്മയെ പ്രദീപിനെ കെട്ടിപ്പിടിച്ചു, ഉമ്മ വച്ചു എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നു. ഇതൊക്കെ ടാസ്ക്ക് ആണെന്ന് പറഞ്ഞു ന്യായീകരിക്കാം. എന്നാൽ ടാസ്ക്കിനപ്പുറം മനുഷ്യരുടെ അടിസ്ഥാന സ്വഭാവസവിഷേതകൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. വ്യക്തിഹത്യയിൽ മനുഷ്യർ എത്രത്തോളം പോകും എന്നറിയാൻ കാൾ സെന്റർ ടാസ്ക് കണ്ടാൽ മതി. രജിത് കുമാറിന് ബിഗ് ബോസ് ഈ ടാസ്ക്കിൽ നൽകിയ ഒരു പോയിന്റ് പോലും ശരിയല്ല. ഇതൊക്കെ അറിയാൻ കൂടിയാണ് നമ്മൾ ബിഗ് ബോസ് കാണുന്നത്. ഇവരൊക്കെ ഓരോന്നു കാണിക്കുന്നതിൽ ഇങ്ങനൊക്കെ ചിലതു കൂടിയുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ