'എന്നെ ആരും അമിതമായി സ്നേഹിക്കല്ലേ, ഇങ്ങനെ കൊഞ്ചിക്കല്ലേ' എന്നും പറഞ്ഞ് അകന്നുമാറുന്ന ഫുക്രു

By Sunitha DevadasFirst Published Jan 26, 2020, 2:06 PM IST
Highlights

ഇന്നലെ നടന്ന കാപ്റ്റൻസി ടാസ്ക്കിൽ ഫുക്രുവിന്റെ പ്രകടനം നോക്കിയാൽ അറിയാം, ഫുക്രു കളിയെ എത്ര ഗൗരവമായിട്ടാണ് കാണുന്നതെന്ന്. വ്യക്തി ബന്ധങ്ങൾ ഫുക്രുവിന് ഒന്നിനും തടസമല്ല. 

ഏത് പ്രായക്കാരുടെ ഒപ്പമാണ് എന്ന് ചോദിച്ചാല്‍, എല്ലാ പ്രായക്കാരുടെയും ആളാണ് ഫുക്രു. രജത് കുമാര്‍, സുരേഷ് കൃഷ്ണന്‍, രാജിനി ചാണ്ടി തുടങ്ങിയ മുതിര്‍ന്നവരോടും,  ചെറുപ്പക്കാരുടെ ടീമായ അലസാന്ദ്ര, സുജോ, രേഷ്‌മ ടീമിനോടും ഫുക്രു ഒരുപോലെ ഇടപെടും.

ഒറ്റനോട്ടത്തിൽ ഫുക്രു എല്ലാവരുടെയും ആളാണെന്നു തോന്നും. എന്നാൽ, എല്ലാവരിൽ നിന്നും അകന്ന് മാന്യമായ അടുപ്പം സൂക്ഷിച്ച് ഗെയിം കളിക്കുന്ന ബിഗ് ബോസിലെ ഒരേയൊരാൾ ഫുക്രുവാണ്.

ബിഗ് ബോസ് വീട്ടിലെ മിക്കവരും സ്നേഹവും കരുതലും ബന്ധങ്ങളും ഒക്കെ വളരെയധികം ആവശ്യമുള്ള  വൈകാരിക ജീവികളാണ്. അതിന്റെ സങ്കീര്‍ണതകളാണ് ഇപ്പോൾ വീട്ടിനകത്തു കാണുന്ന മിക്ക സംഭവങ്ങളും. വീണക്ക് ഫുക്രുവിന്റെ സ്നേഹം വേണം. കുഞ്ഞിനെ മിസ് ചെയ്യുന്നു, കണ്ണേട്ടനെ മിസ് ചെയ്യുന്നു. മഞ്ജുവിന് കുഞ്ഞിനെ മിസ് ചെയ്യുന്നു, വീണയുടെയും ആര്യയുടെയും സ്നേഹം വേണം. ഫുക്രുവിന്റെ സ്നേഹം വേണം. അലസാന്ദ്രക്ക് സുജോയുടെ ശ്രദ്ധ വേണം. രാജിനി ചാണ്ടിയുണ്ടായിരുന്നപ്പോൾ എല്ലാവര്‍ക്കും അവരുടെ ശ്രദ്ധ വേണമായിരുന്നു. രജിത് കുമാറിന്റെയും ഏറ്റവും വലിയ പ്രശ്‌നം എല്ലാവരും ഒറ്റപ്പെടുത്തുന്നതാണ്.

എന്നാൽ ഫുക്രുവിനെ നോക്കു. എന്നെ ആരും അമിതമായി സ്നേഹിക്കല്ലേ, ഇങ്ങനെ കൊഞ്ചിക്കല്ലേ എന്ന് പറഞ്ഞു സ്നേഹത്തിൽ നിന്നും ബന്ധത്തിൽ നിന്നും ഓടിയൊളിക്കുന്ന ഒരേയൊരാൾ ഫുക്രുവാണ്. വീണ ഫുക്രുവിനെ സ്നേഹിച്ചു ശ്വാസം മുട്ടിക്കുമ്പോൾ അവൻ ഓടിയകലുകയാണ്.

ബിഗ് ബോസിലെ ഫുക്രുവിന്റെ പെരുമാറ്റത്തിലെ പ്രത്യേകതകൾ ഇവയൊക്കെയാണ്.

1. ഫുക്രുവിനെ വീട്ടിലെ എല്ലായിടത്തും കാണാം. എല്ലാവരോടൊപ്പവും കാണാം. എന്നാൽ, ഫുക്രു ഒരിടത്തുമില്ല എന്നതാണ് സത്യം. ഫുക്രു പുക വലിക്കില്ല. എന്നാൽ പുകവലി ടീമിന്റെ കൂടെ പുകമുറിക്ക് പുറത്തു ഫുക്രു ഉണ്ട്. അതേസമയം അവരുടെ ഒരു ഗൂഢാലോചനയിലോ മറ്റുള്ളവരെക്കുറിച്ചു കമന്റ് ചെയ്യുന്നതിന്റെ ഫുക്രു ഇല്ല.

പെണ്ണുങ്ങളുടെ പരദൂഷണ ടീമിന്റെ പരിസരത്തൊക്കെ ഫുക്രു ഉണ്ട്. വീണയും ആര്യയും മഞ്ചുവുമായി ഫുക്രു വലിയ കൂട്ടാണ്. എന്നാൽ അവർ മറ്റുള്ളവരെക്കുറിച്ചു ജഡ്ജ് ചെയ്യുന്നതിൽ ഫുക്രു ചേരുന്നില്ല. ഫലത്തിൽ ഫക്രു മാത്രമാണ് ബിഗ് ബോസ് വീട്ടിൽ പെണ്ണുങ്ങളോടൊപ്പവും ആണുങ്ങളോടൊപ്പവുമുള്ള ഏക വ്യക്തി.

2 . രജിത് കുമാറുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞ വീട്ടിലെ ഏക വ്യക്തിയാണ് ഫുക്രു. വിയോജിപ്പുകൾ ഉണ്ടാവുമ്പോഴും അതിൽ മാന്യത കാണിക്കാൻ ഫുക്രുവിനു കഴിയുന്നുണ്ട്. അതേ സമയം അടുപ്പം സൂക്ഷിക്കുന്നത് കൊണ്ട് വിയോജിപ്പുകൾ പറയാതെ ഇരിക്കുന്നുമില്ല.

3. വീണ ഫുക്രുവുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ വളരെ പണിപ്പെട്ട് അതിൽ നിന്നും ഫുക്രു കുതറിയോടുന്നുണ്ട്. ഓരോരുത്തരെയും എവിടെ നിർത്തണമെന്ന് അറിയാവുന്ന ബിഗ് ബോസ് വീട്ടിലെ ഏക മത്സരാര്‍ത്ഥിയാണ് ഫുക്രു. വൈകാരികമായ അടുപ്പം പിന്നീട് വലിയ മാനസിക വേദനകള്‍ക്ക് വഴിമരുന്നാവും എന്നൊരു ബോധം ഫുക്രുവിന് ഉള്ളതുപോലെ തോന്നും.

4 . ഇന്നലെ നടന്ന കാപ്റ്റൻസി ടാസ്ക്കിൽ ഫുക്രുവിന്റെ പ്രകടനം നോക്കിയാൽ അറിയാം, ഫുക്രു കളിയെ എത്ര ഗൗരവമായിട്ടാണ് കാണുന്നതെന്ന്. വ്യക്തി ബന്ധങ്ങൾ ഫുക്രുവിന് ഒന്നിനും തടസമല്ല. അത് കൊണ്ടാണ് ഫുക്രു ഇന്നലെ കാപ്റ്റൻ ആയത്. വീണ ഫുക്രുവിനോടുള്ള ഇഷ്‍ടം കൊണ്ട് കാപ്റ്റന്സി ടാസ്ക്കിൽ ഫുക്രുവിനെ തോൽപ്പിക്കാൻ ശ്രമിച്ചില്ല. എന്നാൽ, ആ പെരുമാറ്റം ഫുക്രുവിനെ കൺഫ്യുഷനിൽ ആക്കുകയോ മത്സരത്തിൽ നിന്നും പിന്മാറാൻ തോന്നിപ്പിക്കുകയോ ചെയ്തില്ല. മത്സരത്തിന് മുൻപ് ഫുക്രുവും വീണയും രജിത്തിനെ തോൽപ്പിക്കാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഫുക്രു വീണയും രജിത്തും അടികൂടുമ്പോൾ മാറി നിൽക്കുകയാണ് ചെയ്തത്. എന്നിട്ട് അതിൽ വിജയിക്കുന്ന ആളെ നേരിടാം എന്നതായിരുന്നു ഫുക്രുവിന്റെ ഗെയിം പ്ലാൻ. വീണ സ്നേഹം കൊണ്ട് ഫുക്രുവിനു തോറ്റു കൊടുക്കുന്നു. യാതൊരു മനസാക്ഷി കുത്തുമില്ലാതെ ഫുക്രു കാപ്റ്റൻ ആവുന്നു.

"

5 . ബിഗ് ബോസ് വീട്ടിൽ കിടന്നുറങ്ങുന്നതിൽ പോലും ഫുക്രു ആ ഒറ്റയാൻ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ചും ഒറ്റക്കും കൂട്ടായും ബെഡിൽ ഉറങ്ങുമ്പോൾ ഫുക്രു ഉറങ്ങുന്നത് ഒറ്റക്ക് സോഫയിലാണ്. കിടപ്പുമുറിയാണ് രാത്രി സംഭാഷണങ്ങളുടെ പ്രധാന സ്ഥലം. എന്നാല്‍ ആ ഇന്‍റിമേറ്റ് ഇടത്തുനിന്ന് ഫുക്രു ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഇതുവരെയുള്ള എപ്പിസോഡുകളില്‍, സോഫയില്‍ തലമൂടി കിടക്കുന്ന ഫുക്രുവിനോട് സംസാരിക്കാന്‍ ആളുകള്‍ അങ്ങോട്ട് എത്തുകയാണ്. അത്തരത്തില്‍ ഓരോ മത്സരാര്‍ത്ഥിയുമായും ആരോഗ്യകരമായ അകലം സൂക്ഷിക്കാന്‍ ഫുക്രു ശ്രമിക്കുന്നു.

6 . മൂന്നാഴ്ച കഴിയുമ്പോൾ ഫുക്രു കൂട്ടായത് എലീനയുമായിട്ടാണ്. അതിന്റെ കാരണം എലീന ഒരു ഇമോഷണൽ ജീവി അല്ല എന്നതിനാലാണ്. ഫുക്രുവിനു പുറകെ സ്നേഹവുമായും കരുതലുമായും നടക്കുന്നവരിൽ നിന്നും രക്ഷപ്പെട്ട് ഫുക്രു എലീനയുമായി കൂട്ടാവുന്നു. കാരണം എലീനക്ക് യാതൊരു ഇമോഷണൽ നീഡ്‌സും ഇല്ല. അതിലുപരി എലീനയും ഒരു ഒറ്റയാൾ മത്സരാര്‍ത്ഥിയാണ് എന്നതാണ്.

7 . ഫുക്രുവിന്റെ ഭാഷയിലുമുണ്ട് ഈ ഒറ്റയാൾ സവിശേഷത. കൊല്ലം ജില്ലയിലെ ഓടനാവട്ടത്ത് നിന്നാണ് ക്രിഷ്ണജീവ് എന്ന ടിക് ടോക് താരം. ഈ സ്ലാങ്ങ് സംസാരിക്കുന്ന വേറെ ആരും ബിഗ് ബോസ് വീട്ടിലില്ല. എന്തുവാ, തോനെ തുടങ്ങിയ പ്രയോഗങ്ങള്‍ അതുകൊണ്ട് ഫുക്രുവിന് മാത്രം സ്വന്തം.  നമ്മുടെ ടെലിവിഷനിലൊന്നും ഫുക്രു സംസാരിക്കുന്ന  ഈ ഭാഷ അങ്ങനെ കാണാറില്ല.

8 . ഏത് പ്രായക്കാരുടെ ഒപ്പമാണ് എന്ന് ചോദിച്ചാല്‍, എല്ലാ പ്രായക്കാരുടെയും ആളാണ് ഫുക്രു. രജത് കുമാര്‍, സുരേഷ് കൃഷ്ണന്‍, രാജിനി ചാണ്ടി തുടങ്ങിയ മുതിര്‍ന്നവരോടും,  ചെറുപ്പക്കാരുടെ ടീമായ അലസാന്ദ്ര, സുജോ, രേഷ്‌മ ടീമിനോടും ഫുക്രു ഒരുപോലെ ഇടപെടും.

9 . ഒരവസരം കിട്ടിയാൽ സന്ദർഭം കയ്യടക്കാനുള്ള ഫുക്രുവിന്റെ സാമർത്ഥ്യവും കൊലപാതക ടാസ്ക്കിൽ നമ്മൾ കണ്ടു. സുരേഷ് കുമാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ഗെയിമിൽ ഫുക്രു. എന്നാൽ അവസാനമായപ്പോഴേക്കും ഗെയിം ഫുക്രു കയ്യടക്കുകയും സുരേഷ് നിഷ്പ്രഭമായി പോകുകയും ചെയ്തു.

10. മത്സരം മുറുകുമ്പോൾ പലരും ഇഷ്ടമുള്ളവരെ നോമിനേറ്റ് ചെയ്യാൻ കഴിയാതെയും അടുപ്പമുള്ളവർക്കെതിരെ കളിയ്ക്കാൻ വയ്യാതെയും കുഴങ്ങുമ്പോൾ ഫുക്രു ഒറ്റക്ക് നിന്ന് കളിക്കുന്നത് നമുക്ക് കാണാം. വൈകാരിക മുഹൂര്‍ത്തങ്ങളില്‍ ഇടറി വീഴാതെ, പ്രായത്തിലും കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന ഫുക്രുവിനെ ക്യൂട്ട് ആയി  കണ്ട് ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന മറ്റ് ചില മത്സരാര്‍ത്ഥികള്‍ക്ക് ആ നിലപാട് ഗുണം ചെയ്യില്ല. അരുമ കുഞ്ഞില്‍ നിന്ന് ഈ ആഴ്ചത്തെ ക്യാപ്റ്റനാവുന്ന ഫുക്രുവിന്‍റെ പ്രകടനം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഒരു ട്രീറ്റ് തന്നെയാവും. 

click me!