'മാഷിനെ ജയിലില്‍ കിടത്തണോ പവന്റെ ക്യാപ്റ്റന്‍സി കളയണോ'? ബിഗ് ബോസ് ഹൗസില്‍ ഗൂഢാലോചന

By Web TeamFirst Published Feb 12, 2020, 10:40 AM IST
Highlights

മത്സരാര്‍ഥികളുടെ കായികക്ഷമത കൂടി പരീക്ഷിക്കപ്പെട്ട മത്സരത്തില്‍ കൂടുതല്‍ കോയിനുകള്‍ സ്വന്തമാക്കാന്‍ പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്‌തെന്ന് രജിത് ഒഴിവെയുള്ളവര്‍ ആരോപിച്ചു. രജിത്തിന്റെയും പവന്റെയും അസാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സൂരജ്, ആര്യ, മഞ്ജു, ഷാജി, ജസ്ല തുടങ്ങിയവരൊക്കെ പങ്കെടുത്തു.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നിറയെ അപ്രതീക്ഷിതത്വങ്ങളുമായി പുരോഗമിക്കുകയാണ്. കണ്ണിനസുഖത്തെത്തുടര്‍ന്ന് ഹൗസിന് പുറത്ത് ചികിത്സയിലായിരുന്ന പവന്‍ ജിനോ തോമസ് ഇന്നലെ മത്സരത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന വീക്ക്‌ലി ലക്ഷ്വറി ബജറ്റ് ടാസ്‌കിലും പവന്‍ പങ്കെടുത്തു. ആവേശകരമായ ഒരു ഗെയിം ആയിരുന്നു വീക്ക്‌ലി ടാസ്‌ക് ആയി ബിഗ് ബോസ് ഒരുക്കിയിരുന്നത്. ഗാര്‍ഡന്‍ ഏരിയയില്‍ മത്സരാര്‍ഥികള്‍ നില്‍ക്കുമ്പോള്‍ മുകളില്‍നിന്ന് നാണയങ്ങളുടെ വലുപ്പമുള്ള മാതൃകകള്‍ എറിഞ്ഞുകൊടുക്കുകയായിരുന്നു. നാണയങ്ങളില്‍നിന്ന് ഏറ്റവുമധികം മൂല്യങ്ങള്‍ സ്വന്തമാക്കുന്നവരാവും വിജയികളെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ഇതനുസരിച്ച് പവന്‍ ജിനോ തോമസ് ആണ് ഒന്നാമതെത്തിയത്. ഷാജി, ഫുക്രു എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. എന്നാല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കത്തിനും ഈ മത്സരം കാരണമായി.

 

മത്സരാര്‍ഥികളുടെ കായികക്ഷമത കൂടി പരീക്ഷിക്കപ്പെട്ട മത്സരത്തില്‍ കൂടുതല്‍ കോയിനുകള്‍ സ്വന്തമാക്കാന്‍ പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്‌തെന്ന് രജിത് ഒഴിവെയുള്ളവര്‍ ആരോപിച്ചു. രജിത്തിന്റെയും പവന്റെയും അസാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സൂരജ്, ആര്യ, മഞ്ജു, ഷാജി, ജസ്ല തുടങ്ങിയവരൊക്കെ പങ്കെടുത്തു. പവന്‍ സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്‌തെന്ന് ആദ്യം ആരോപിച്ചത് ഷാജിയാണ്. അതിന് ഒരു തിരിച്ചടി കൊടുക്കണമെന്ന് സൂരജും പറഞ്ഞു. പവനെ പിന്തുണച്ചതിന് മാഷിനെ (രജിത് കുമാര്‍) ജയിലില്‍ കിടത്തണോ അതോ പവന്റെ ക്യാപ്റ്റന്‍സി കളയണോ എന്ന് ഷാജി എല്ലാവരോടുമായി ചോദിച്ചു. രണ്ടും വേണം എന്നായിരുന്നു അവിടെയുള്ളവരുടെ മറുപടി. 'എനിക്ക് അത്രയ്ക്ക് സങ്കടം വരുന്നുണ്ട്. എന്റെ കൈയില്‍നിന്നാണ് പവന്‍ കോയിന്‍ തട്ടിപ്പറിച്ചുകൊണ്ട് പോയത്', ദയ പറഞ്ഞു. 'നാളെ ഇതേ ഗെയിം ഉണ്ടെങ്കില്‍ ഒന്നും നോക്കണ്ട, അവനെ പിടിച്ച് അവന്റെ ഷര്‍ട്ട് കീറിയിട്ടാണെങ്കിലും വേണ്ടില്ല, അവനെ ബ്ലോക്ക് ചെയ്യണം'- ആര്യയുടെ പ്രതികരണം. ഈ ചര്‍ച്ചകളെത്തുടര്‍ന്ന് പവന്‍ നേടിയിരിക്കുന്ന കോയിനുകള്‍ രാത്രിയില്‍ മോഷ്ടിക്കാനും ഇവര്‍ക്കിടയില്‍ തീരുമാനമായി. അതിന്റെ പ്ലാനിംഗും നടന്നു.

 

സൂരജ് ആണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'ആരും ആരുടെയും കോയിന്‍ എടുക്കുന്നില്ല എന്ന ഇമേജ് ഉണ്ടാക്കുക. രാത്രി എന്തെങ്കിലും സ്‌കോപ്പ് ഉണ്ടെങ്കില്‍ അത് എടുക്കുക. നമ്മളെല്ലാവരും നേരത്തേ ഉറങ്ങാന്‍ കിടന്നാല്‍ അവരും (രജിത്, പവന്‍) നേരത്തേ കിടക്കുമെന്ന് മഞ്ജു പറഞ്ഞു. 'പവന് കൂട്ടുനിന്നതിന് മാഷിന് ജയിലില്‍ പോകാനുള്ള പണി ഉണ്ടാക്കിക്കൊടുക്കാം', പാഷാണം ഷാജി പറഞ്ഞു. പവന്റെ കോയിന്‍ മോഷ്ടിക്കപ്പെടുന്നതിന്‍റെ സൂചനകളിലാണ് ചൊവ്വാഴ്ച എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചെങ്കില്‍ അത് സംബന്ധിച്ചുള്ള തര്‍ക്കം ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള വലിയ പോരിലേക്ക് എത്തുമെന്നത് ഉറപ്പാണ്. 
 

click me!