ബിഗ്ബോസ് മലയാളം സീസൺ 7-ല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പോ ആയിരുന്ന അനീഷും ഷാനവാസും വീണ്ടും ഒന്നിക്കുന്നു
ബിഗ്ബോസ് മലയാളം സീസൺ 7 ൽ ആരാധകർ ഏറ്റെടുത്ത കോമ്പോ ആയിരുന്നു അനീഷിന്റെയും ഷാനവാസിന്റെയും. ഇപ്പോഴിതാ രണ്ടു പേരും വീണ്ടും ഒരുമിച്ചെത്തുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു പരിപാടിയുടെ പ്രാക്ടീസിന് എത്തിയതാണ് ഇരുവരുമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ''എന്തോ വരാനിരിക്കുന്നു, കാത്തിരിക്കൂ'' എന്നാണ് അനീഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷാനവാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഷാനവാസിനൊപ്പമുള്ള വീഡിയോ അനീഷും ഷെയർ ചെയ്തിട്ടുണ്ട്. ''ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഒരു സർപ്രൈസ് ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം ഒരാളെ കാണണം എന്നായിരുന്നു. ദാ വന്നിരിക്കുന്നു ആള്'', എന്നാണ് ഷാനവാസിനെ കാണിച്ചുകൊണ്ട് അനീഷ് വീഡിയോയിൽ പറയുന്നത്. ബെസ്റ്റ് ഫ്രണ്ട്, ഒരിക്കലും തകരാത്ത സൗഹൃദം എന്നെല്ലാമാണ് ഷാനവാസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അനീഷ് നൽകിയിരിക്കുന്ന ഹാഷ്ടാഗുകൾ.
ബിഗ് ബോസ് കഴിഞ്ഞാലും ഷാനവാസ് തന്റെ ആജീവനാന്ത സുഹൃത്തായിരിക്കും എന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. തന്റെ ഉറ്റ സുഹൃത്തും ഗുരുവും സഹോദരനുമെല്ലാമാണ് ഷാനവാസ് എന്നാണ് ജന്മദിനാശംസ നേർന്നുള്ള വീഡിയോയിൽ അനീഷ് പറഞ്ഞത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം അനീഷുമായി സൗഹൃദം സ്ഥാപിച്ചതിനെക്കുറിച്ച് ഷാനവാസും സംസാരിച്ചിരുന്നു. ''എന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ വന്നതാണ് അനീഷ്. അനീഷിനെ ഞാനും ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചു. ഇപ്പുറത്ത് അക്ബറും ടീമും ഗ്രൂപ്പ് തിരിഞ്ഞാണ് എന്നെ ആക്രമിക്കാൻ വന്നത്. ആദിലയും നൂറയും ഇതേ പ്രശ്നം അക്ബറിൽ നിന്നും ടീമിൽ നിന്നും നേരിട്ടു. ഞാൻ അനുഭവിക്കുന്ന സമാന പ്രശ്നങ്ങൾ അവരും നേരിടുന്നു എന്ന് കണ്ടപ്പോൾ അവരെ ചേർത്തു പിടിച്ചു. പിന്നെ എനിക്ക് അവരോട് മക്കളോടുള്ള സ്നേഹം അല്ലെങ്കിൽ സഹോദരിമാരോടുള്ള സ്നേഹം പോലെയൊക്കെ കയറി വന്നു. എന്തിന്റെ പുറത്താണെങ്കിലും എനിക്ക് അവരെ മാറ്റി നിർത്താൻ തോന്നിയില്ല. അനീഷിനേയും മാറ്റി നിർത്താൻ തോന്നിയില്ല", എന്നാണ് ഷാനവാസ് പറഞ്ഞത്.



