അകത്തേക്ക് രണ്ട് പെണ്‍ സിംഹങ്ങള്‍, ബിഗ് ബോസില്‍ ഇനി അടിയുടെ നാളുകളോ?

By Sunitha DevadasFirst Published Jan 27, 2020, 1:59 PM IST
Highlights

ബിഗ് ബോസ് റിവ്യൂ: സുനിതാ ദേവദാസ് 

ഇത്തരത്തിൽ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സ്ത്രീകൾ ബിഗ് ബോസിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സംഭവിക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. അതോടൊപ്പം രജിത് കുമാർ ഇവർ തമ്മിലുള്ള തർക്കങ്ങളിൽ എടുക്കാൻ പോകുന്ന നിലപാടും കളിയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാണ്.

തീര്‍ത്തും അപ്രതീക്ഷിതമായ വൈല്‍ഡ് കാര്‍ഡ് പ്രവേശനമായിരുന്നു ഇന്നലെ ബിഗ് ബോസ് ഹൗസില്‍. പരീക്കുട്ടിയും സുരേഷ് കൃഷ്ണനും ഇറങ്ങിയപ്പോള്‍ ഹൗസില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ പരസ്പരം തമ്മിലടിച്ച രണ്ടുപേരാണ്. കളിയുടെ സമവാക്യങ്ങളിലും ഗ്രൂപ്പുകളിലുമൊക്കെ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ് ഇപ്പോൾ വീടിനുള്ളിൽ എത്തിയിരിക്കുന്ന ജസ്ല മാടശ്ശേരിയും ദയ അശ്വതിയും. ഇതോടു കൂടെ രജിത് കുമാർ VS ബാക്കിയുള്ളവർ എന്ന പൊരുതല്‍ സമവാക്യത്തിന് ഒരു മാറ്റം പ്രതീക്ഷിക്കാം.

ഇന്നലെ വീട്ടിനുള്ളിൽ കയറിയ ഉടൻ തന്നെ രജിത്തിനെ കെട്ടിപിടിച്ച് ദയ അശ്വതി പിന്തുണ പ്രഖ്യാപിച്ചു, ജസ്ല വിയോജിപ്പും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇനി നടക്കാൻ പോകുന്ന കളികളിൽ ഇവർ മൂന്നുപേരുമൊഴികെ ബാക്കിയുള്ളവർ അരികിലേക്ക് മാറ്റപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ജസ്ല, ദയ, രജിത് എന്നിവരോടൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ, ഇത്തിരി സ്ക്രീൻ സ്‌പെയ്‌സ് എങ്കിലും കിട്ടണമെങ്കിൽ മറ്റു മത്സരാർത്ഥികൾ നന്നായി വിയർക്കേണ്ടി വരും.

ഇന്നലെ  മഞ്ജു പത്രോസ് ദയ ചെയ്ത ഒരു വീഡിയോയെക്കുറിച്ചു ചോദിക്കുകയുണ്ടായി. കരച്ചില്‍ ചര്‍ച്ചയില്‍ നിന്ന് മാറി ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയമായിരുന്നു അത്. ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ജിഷയുടെ അമ്മ ബ്യൂട്ടി പാര്‍ലറില്‍ പോയതിനെ ദയ വിമര്‍ശിച്ചിരുന്നു. അവര്‍ക്ക് പോവാനുള്ള അവകാശം ഇല്ലേ എന്നായിരുന്നു മഞ്ജു പത്രോസ് ചോദിച്ചത്.  അത്തരത്തിൽ പുതിയ മത്സരാർത്ഥികളുടെ രംഗപ്രവേശം ബിഗ് ബോസ് വീട്ടിലെ ആളുകളുടെ പെരുമാറ്റത്തിലും ചര്‍ച്ചയുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും.

ദയയും ജസ്ലയും സോഷ്യൽ മീഡിയയില്‍ വിരുദ്ധ ചേരികളിലാണ്. രണ്ടു പേരുടെയും ആശയങ്ങൾ, അഭിപ്രായങ്ങൾ, പെരുമാറ്റ രീതികൾ, ഒരേ വിഷയത്തിൽ രണ്ടു പേരും എടുക്കുന്ന പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചക്ക് മുൻപ് കളമൊരുക്കിയിട്ടുണ്ട്. ജസ്ലക്കെതിരെ ദയ ചെയ്ത വീഡിയോകളൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഉണ്ട്.

ജസ്ല സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് ദയയുടെ ഒരു പരാതി. എന്നാൽ തന്റെ പേരിൽ ധാരാളം ഫേക്ക് അകൗണ്ടുകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ നിന്നാണ് ദയയെ മോശക്കാരിയായി ചിത്രീകരിക്കുന്ന കമന്റ് വന്നതെന്നും അതിന്റെ പേരിൽ താൻ പരാതിപ്പെട്ടിട്ടുണ്ടെന്നുമാണ് ജസ്ലയുടെ വിശദീകരണം. എന്തായാലും പുറത്തു കീരിയും പാമ്പുമായിരുന്ന രണ്ടു പേരാണ് ഒരേ വീട്ടിൽ അന്തിയുറങ്ങാനായി ഇപ്പോൾ ബിഗ് ബോസിൽ എത്തിയിരിക്കുന്നത്.

ജസ്ല മാടശ്ശേരിയുൾപ്പെട്ട ഫിറോസ് കുന്നംപറമ്പിൽ വിഷയമടക്കമുള്ള എല്ലാ വിവാദ വിഷയങ്ങളിലും ദയ, ജസ്ലക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
ഇവർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നിന്നും മനസിലായ കാര്യങ്ങൾ ഇവയാണ്

1. ജസ്ല മതം ഉപേക്ഷിച്ചു യുക്തിവാദിയായി ജീവിക്കുന്നു.
മതവാദിയും ദൈവ വിശ്വാസിയുമായ ദയ അതിനെ ചോദ്യം ചെയ്യുന്നു.

2 . തികഞ്ഞ ഫെമിനിസ്റ്റും പുരോഗമന ചിന്താഗതിക്കാരിയും റേഷണലിസ്റ്റുമാണ് ജസ്ല.
കുടുംബത്തിന്റെ നന്മകളിൽ വിശ്വസിക്കുന്നവളും യാഥാസ്ഥിതികയുമാണ് ദയ

3 . പൊളിറ്റിക്കൽ കറക്ട്നെസിൽ രണ്ടാളും വിശ്വസിക്കുന്നതായി തോന്നിയില്ല. അതിനാൽ തന്നെ പരസ്പരം നടന്ന വാഗ്‌പോരിലൊക്കെ രണ്ടാളും പരസ്പരം തെറി വിളിച്ചിട്ടുണ്ട്.

5 . എല്ലാത്തരം പുരോഗമന ആശയങ്ങളോടും ജസ്ലക്ക് ഒരു താല്പര്യമുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാൻ ആവേശമുണ്ട്.
എന്നാൽ സംസ്ക്കാരത്തെയും പഴമയുടെ നന്മയെയുമൊക്കെ ദയ ഇഷ്ടപ്പെടുന്നു.

ഇത്തരത്തിൽ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സ്ത്രീകൾ ബിഗ് ബോസിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സംഭവിക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. അതോടൊപ്പം രജിത് കുമാർ ഇവർ തമ്മിലുള്ള തർക്കങ്ങളിൽ എടുക്കാൻ പോകുന്ന നിലപാടും കളിയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാണ്. ഗീതയും ബൈബിളും ഖുറാനുമൊക്കെ മനപ്പാഠമാക്കിയ രജിത് കുമാറും മതം വിട്ട ജസ്ലയും തമ്മിൽ നടക്കാൻ സാധ്യതയുള്ള ഖുർആൻ ചർച്ചയൊക്കെ കളിയെ ചൂട് പിടിപ്പിക്കും. അതോടൊപ്പം ഇവരുണ്ടാക്കുന്ന ചേരികളിൽ ആരൊക്കെ അണി നിരക്കുമെന്നതും കളിയുടെ ഗതിയെ ബാധിക്കും.

വന്ന ദിവസം ദയ തന്നെ രേഖപ്പെടുത്തിയത് ജീവിതത്തോട് പോരാടി നിൽക്കുന്ന ദാരിദ്ര്യത്തിൽ നിന്നും ദുരിതത്തിൽ നിന്നും സ്വപ്രയത്നം കൊണ്ട് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി നേടിയ ആരോരുമില്ലാത്ത മക്കളെ നഷ്ടപ്പെട്ട അമ്മയായിട്ടാണ്. ദാരിദ്ര്യം, സ്വന്തമായി വീടില്ലാത്തതിന്റെ വേദന, മക്കള്‍ ഒപ്പം ഇല്ലാത്തതിന്‍റെ വിഷമം.

എന്നാൽ ജസ്ല ആദ്യദിനം തന്നെ തന്റെ രാഷ്ട്രീയം വ്യക്തമാക്കി കഴിഞ്ഞു. "ബോധിപ്പിക്കലിന്റെ രാഷ്ട്രീയത്തോട് എനിക്ക് താല്പര്യം ഇല്ല, ഞാൻ ആരെയും ഫോളോ ചെയ്യാറില്ല, എന്നെയും ആരും ഫോളോ ചെയ്യണം എന്ന് ഞാൻ പറയില്ല, പക്ഷേ എനിക്ക് പറയാനുള്ളത് ഞാൻ എവിടെയും പറയും, പ്രണയത്തിനു പ്രായമില്ല, മതമില്ല, ലിംഗം ഇല്ല, ഞാനൊരു റേഷനലിസ്റ്റാണ്, എനിക്ക് മതമില്ല, പറയാനുള്ളത് മുഴുവൻ നെഗറ്റീവ് ആസ്പെക്ടിൽ പറഞ്ഞിട്ട് നൈസായിട്ട് സ്കൂട്ടാകരുത്" എന്ന രീതിയിൽ ജസ്ല തുടങ്ങി കഴിഞ്ഞു.

ദയ അശ്വതി, ജസ്ല മാടശ്ശേരി, രജിത് കുമാർ എന്നിവരുടെ ചുറ്റും കറങ്ങാൻ പോവുകയാണോ രണ്ടാം മാസത്തിലേക്ക് കടക്കുന്ന ബിഗ് ബോസ്. എന്തായാലും പ്രേക്ഷകര്‍ക്ക് ബോറടിക്കില്ല, കളികള്‍ വേറെ ലെവല്‍ തന്നെയാവും. 

click me!