Latest Videos

ബിഗ് ബോസിലിനി അസാധാരണമായ ഒരു സൗഹൃദത്തിന്റെ വേറെ ലെവൽ കളി?

By Sunitha DevadasFirst Published Jan 28, 2020, 4:46 PM IST
Highlights

ബിഗ് ബോസിലിനി അസാധാരണമായ ഒരു സൗഹൃദത്തിന്റെ വേറെ ലെവൽ കളി? ബിഗ് ബോസ് റിവ്യൂ സുനിതാ ദേവദാസ്

ജസ്ല എതിർക്കുന്നത് രജിത്തിന്റെ ആശയങ്ങളെ മാത്രമാണ്. അതിനപ്പുറം രജിത്തിനെ കെട്ടിപ്പിടിക്കാനും ഇക്കിളിയാക്കാനും കൊഞ്ചിക്കാനും കൂട്ടുകൂടാനും ജസ്ലക്ക് കഴിയുന്നു എന്ന സ്പെയ്സിലാണ് അവർ തമ്മിലുള്ള അപൂർവമായ ഒരു സൗഹൃദം ഉണ്ടായത്.

ബിഗ് ബോസ് വീട്ടിലേക്ക് വൈല്‍ഡ് കാര്‍ഡില്‍ പ്രവേശിച്ച ജസ്ല മാടശ്ശേിയും ദയ അശ്വതിയും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പുതിയ സാധ്യതകള്‍ തുറക്കും എന്ന പ്രതീക്ഷയാണ് ഷോ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നാം കണ്ടത്.

അതില്‍  ദയ അശ്വതി രജിത്തിനൊപ്പം ചേരുകയും ജസ്ലക്ക് എതിരെ ഒരു പോര്‍മുഖം തുറക്കുകയും ചെയ്യും എന്ന  സൂചനയായിരുന്നു അവരുടെ ആദ്യ ദിവസത്തെ ഇടപെടലില്‍ നിന്ന് നമുക്ക് ലഭിച്ചത്.  എന്നാല്‍ ജസ്ലയും രജിത്തും എതിര്‍പക്ഷങ്ങളില്‍  നിന്നുള്ള അടി കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് വേറെ ലെവൽ കെമിസ്ട്രിയുമായാണ് എത്തിയത്. രണ്ടു ദിവസം കൊണ്ട് ജസ്ലയുടെയും രജിത്തിന്റെയും ഇടയിൽ ഊഷ്മളമായ ഒരു ബന്ധം രൂപപ്പെട്ടു കഴിഞ്ഞു.

1. ജസ്ല രജിത്തിന്റെ ആശയങ്ങളെ നഖശിഖാന്തം എതിർക്കുമ്പോഴും രജിത്തുമായി ഊഷ്മളമായ ഒരു ബന്ധം സൂക്ഷിക്കുന്നുണ്ട്.
2. സ്ത്രീകളെ തൊടാനോ അടുത്തിടപഴകാനോ ഷേക്ക് ഹാൻഡ് കൊടുക്കാനോ ഒക്കെ ബുദ്ധിമുട്ടുള്ള രജിത്തിന്റെ നെഞ്ചിൽ ചാരിയിരിക്കാൻ കഴിയുന്ന രൂപത്തിലേക്ക് ജസ്ല ബന്ധം വളർത്തിയെടുത്തു കഴിഞ്ഞു.
3. ജസ്ലയോടൊപ്പം കയറിയ ദയ അശ്വതി രജിത്തുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രജിത് ഒഴിഞ്ഞു മാറുന്നു. അതേ സമയം ജസ്ലയോട് മൊഞ്ചത്തി എന്നും പാവക്കുട്ടി എന്നുമൊക്കെ വിളിച്ചു രജിത് ഒരടുപ്പം ഉണ്ടാക്കുന്നു.
4. ആശയപരമായ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും വ്യക്തിബന്ധത്തിൽ ജസ്ല രാജിത്തുമായി അകൽച്ച ഉണ്ടാക്കുന്നില്ല.
5. ചിന്തകളിൽ വിരുദ്ധ ചേരിയിലാണെങ്കിലും ജസ്ലക്ക് തമാശ കളിക്കാനുള്ള ഒരു കാരണവരായി രജിത്തും അദ്ദേഹത്തിന് നേരം പോക്കിനുള്ള ഒരു കുട്ടിയായി ജസ്ലയും മാറി.

സൗഹൃദം ആഗ്രഹിക്കുകയും മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രജിത്. അതേസമയം തന്നെ അംഗീകരിക്കുന്നവരോ തന്റെ നിയന്ത്രണത്തില്‍ നിൽക്കുന്നവരോ ആയി മാത്രമേ സൗഹൃദം സാധ്യമാവൂ. എന്നാൽ തന്റെ കൺട്രോളിൽ നിൽക്കാത്ത തന്നെ അംഗീകരിക്കാത്ത ജസ്ലയുമായി ഒരു കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യാൻ കഴിഞ്ഞു എന്നിടത്താണ് ഈ സൗഹൃദം രസകരമായി മാറുന്നത്.

തന്റെ അടുത്തേക്ക് സൗഹൃദം ആഗ്രഹിച്ചു വന്ന ദയ അശ്വതിക്ക് ഷേക്ക് ഹാൻഡായി വിരൽ നൽകുകയും പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയ ജസ്ലയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് രജിത്. ബിഗ് ബോസ് വീട്ടിൽ ആദ്യമായിട്ടാണ് രജിത് സ്വയം സൂക്ഷിച്ചിരുന്ന ഒരു മറയിൽ നിന്നും പുറത്തു വന്നൊരു ബന്ധം ഉണ്ടാക്കുന്നത്.

ഇത് വരെ ബിഗ് ബോസ് വീട്ടിലുള്ളവർ എതിർത്തിരുന്നത് രജിത്തിന്റെ ആശയങ്ങളെയല്ല, രജിത്തിനെയാണ്. അതിനാൽ രജിത്തിനെ അകറ്റി നിർത്തി കൊണ്ടാണ് അവർ എല്ലാ എതിർപ്പുകളും പ്രകടിപ്പിച്ചിരുന്നത്. അത് കൂടാതെ ബിഗ് ബോസ് വീട്ടിലുള്ളവർ രജിത്തുമായി വിയോജിപ്പുള്ള കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുകയാണ് ചെയ്തിരുന്നത്. അല്ലാതെ സംസാരിച്ചു തീർക്കാനോ തർക്കിക്കാനോ ആരും നിൽക്കാറില്ല. എന്നാൽ ജസ്ല രജിത്തിനെ പരസ്യമായി എതിർക്കുകയും തർക്കിക്കുകയുമാണ് ചെയ്യുന്നത്. ജസ്ല തന്നെ പറയുന്നത് ഒന്നുകിൽ നിങ്ങൾ എന്റെ വഴിക്ക് വരും. അല്ലെങ്കിൽ ഞാൻ നിങ്ങളുടെ വഴിക്ക് വരും എന്നാണ്. സംവാദത്തിന്റെ ഒരു വലിയ ഇടം തുറക്കാൻ ജസ്ലക്ക് കഴിഞ്ഞു എന്നിടത്താണ് അവർ തമ്മിലുള്ള ഒരു കെമിസ്ട്രി രൂപപ്പെട്ടത്.

ജസ്ല എതിർക്കുന്നത് രജിത്തിന്റെ ആശയങ്ങളെ മാത്രമാണ്. അതിനപ്പുറം രജിത്തിനെ കെട്ടിപ്പിടിക്കാനും ഇക്കിളിയാക്കാനും കൊഞ്ചിക്കാനും കൂട്ടുകൂടാനും ജസ്ലക്ക് കഴിയുന്നു എന്ന സ്പെയ്സിലാണ് അവർ തമ്മിലുള്ള അപൂർവമായ ഒരു സൗഹൃദം ഉണ്ടായത്. ഇന്നലെ ഒരു സ്ക്രൂവുമായി രജിത് ജസ്ലയുടെ അടുത്തേക്ക് ചെല്ലുന്നു. വളരെ സീരിയസായി നിന്റെ വല്ല സ്ക്രൂവും പോയിട്ടുണ്ടോ എന്ന് ചോദിക്കുന്നു. ജസ്ല നിമിഷനേരം കൊണ്ട് രജിത്തിനെ പിടിച്ചു ആ സ്ക്രൂ രജിത്തിന്റെ തലയിൽ നിന്നാണെന്നു പറഞ്ഞു സന്ദർഭം രസകരമാക്കുന്നു. വലിയ അടി കാണാൻ കാത്തിരുന്ന വീട്ടിലുള്ള മറ്റംഗങ്ങളെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.

ജസ്ലയുടെ വരവോടു കൂടി ബിഗ് ബോസ് വീട്ടിലെ ചർച്ചകൾ തന്നെ വേറെ ലെവലിലേക്ക് മാറിക്കഴിഞ്ഞു. സീരിയൽ, സിനിമ താരങ്ങളുടെ കൊച്ചുവർത്തമാനത്തിനപ്പുറം ആണുംപെണ്ണും കെട്ട വിളിയുടെ രാഷ്ട്രീയത്തിലേക്കും സ്യൂഡോ സയന്‍സിലേക്കും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്കും, പരമ്പരാഗതമായി ലഭിക്കാവുന്ന സ്വഭാവ സവിശേഷതകളിലേക്കും  ഒക്കെ  ചർച്ചകൾ എത്തി.

പ്രേക്ഷകനെ സംബന്ധിച്ച് രജിത്തും ജസ്ലയും തമ്മിലെ ആശയപോരാട്ടം പോലെ തന്നെ രസകരമാണ് അവർ തമ്മിലുള്ള സൗഹൃദവും. ജസ്ല രജിത്തിനോട് ശക്തമായ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും രണ്ടു മനുഷ്യർ തമ്മിൽ സാധ്യമാവുന്ന ഒരു സൗഹൃദം ഉണ്ടായി. ആ ഇടത്തു കുട്ടിക്കളിയുണ്ട്, തർക്കമുണ്ട്, കുസൃതിയുണ്ട്, എന്നാൽ വൈര്യ നിരാതന ബുദ്ധിയില്ല, വെറുപ്പില്ല, വിദ്വേഷമില്ല എന്നിടത്താണ് ബിഗ് ബോസ് അസാധാരണമായ ഒരു സൗഹൃദത്തിന്റെ വേറെ ലെവൽ കളിയിലേക്ക് മാറുന്നത്. 

click me!