'ഗോപാലകൃഷ്ണ പണിക്കര്‍ ബിഗ് ബോസ് 2ല്‍ എത്തിയാല്‍...'; മോഹന്‍ലാല്‍ പറയുന്നു

Published : Nov 16, 2019, 05:35 PM IST
'ഗോപാലകൃഷ്ണ പണിക്കര്‍ ബിഗ് ബോസ് 2ല്‍ എത്തിയാല്‍...'; മോഹന്‍ലാല്‍ പറയുന്നു

Synopsis

'അവതാരകനാവുക ഒരു വെല്ലുവിളിയാണ്. വ്യത്യസ്ത സ്വഭാവമുള്ള 17 ആളുകള്‍. അവരുമായി ഓരോ ദിവസവും പങ്കിടുന്നത് വൈവിധ്യമാര്‍ന്ന സംഭവങ്ങള്‍. പുറംലോകവുമായി അവര്‍ക്കുള്ള ഒരേയൊരു കണക്ഷന്‍ ഞാനാണ്.'

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. ആദ്യ പതിപ്പിലേതുപോലെ മോഹന്‍ലാല്‍ തന്നെയാവും രണ്ടാം സീസണിലും അവതാരകനായി എത്തുക. വളരെ കൗതുകകരമാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പെന്നും ആദ്യ സീസണിനേക്കാള്‍ രസകരമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹന്‍ലാല്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് താന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളില്‍ ഒരാളെ തെരഞ്ഞെടുത്ത് വിടേണ്ടി വരികയാണെങ്കില്‍ മോഹന്‍ലാല്‍ ഏത് കഥാപാത്രത്തെയാവും തെരഞ്ഞെടുക്കുക? ഇതിന്റെ ഉത്തരവും അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

സത്യന്‍ അന്തിക്കാട് ചിത്രം 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ ഗോപാലകൃഷ്ണ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ബിഗ് ബോസ് വീട്ടിലേക്ക് കടത്തിവിടാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നു മോഹന്‍ലാല്‍. 'പുള്ളി ഹൗസ് ഓണര്‍ ആണല്ലോ. വീട്ടിലുള്ളവരെ ഇറക്കിവിട്ട്, വീട് അയാള്‍ക്ക് വേണം. പക്ഷേ അവര് വെളിയില്‍ പോവുകയുമില്ല', മോഹന്‍ലാല്‍ പറയുന്നു. 

ബിഗ് ബോസ് അവതാരകനാവാനുള്ള തീരുമാനത്തെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. 'അവതാരകനാവുക ഒരു വെല്ലുവിളിയാണ്. വ്യത്യസ്ത സ്വഭാവമുള്ള 17 ആളുകള്‍. അവരുമായി ഓരോ ദിവസവും പങ്കിടുന്നത് വൈവിധ്യമാര്‍ന്ന സംഭവങ്ങള്‍. പുറംലോകവുമായി അവര്‍ക്കുള്ള ഒരേയൊരു കണക്ഷന്‍ ഞാനാണ്. അവതാരകനിലൂടെയാണ് അത് പ്രേക്ഷകര്‍ അറിയുന്നത്.  അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ട്. അതുതന്നെയാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. മത്സരാര്‍ഥികള്‍ക്ക് അവനവനെക്കുറിച്ചുതന്നെ ഒരുപാട് വെളിപാടുകള്‍ കിട്ടാന്‍ സാധ്യതയുള്ള ഷോയാണ് ബിഗ് ബോസ്. ഇതൊക്കെ പരിഗണിച്ചാണ് ബിഗ് ബോസില്‍ അവതാരകനായത്.' രണ്ടാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് അടുത്ത വര്‍ഷം തുടക്കത്തില്‍ ഒരു പുതുവര്‍ഷ സമ്മാനമായി ആയിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌