
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്റെ ആദ്യ വാരാന്ത്യ എപ്പിസോഡില്‍ വീണ്ടും സര്‍പ്രൈസ് അവതരിപ്പിച്ച് മോഹന്‍ലാല്‍. ആദ്യ വാരാന്ത്യത്തില്‍ പുറത്താക്കല്‍ (എലിമിനേഷന്‍) ഉണ്ടാവില്ലെന്നാണ് നേരത്തേ പറഞ്ഞിരുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളാല്‍ അത് വേണ്ടിവന്നിരിക്കുകയാണെന്ന് മോഹന്‍ലാല്‍ ഇന്ന് വേദിയില്‍ പ്രഖ്യാപിക്കുകയായിരുന്നു. പുറത്തേക്ക്‌പോകാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. ഒരാളൊഴികെ എല്ലാവരും താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ രജിത് കുമാര്‍ മാത്രമാണ് മറ്റൊരു മറുപടി പറഞ്ഞത്.
'ഞാനിവിടെ മിസ്ഫിറ്റ് ആണെന്നാണ് എല്ലാവരുടെയും അഭിപ്രായമെങ്കില്‍ പുറത്തുപോകാന്‍ ഒരുക്കമാണെ'ന്നായിരുന്നു രജിത്തിന്റെ പ്രതികരണം. അല്ലാത്തപക്ഷം തുടരാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രജിത് പുറത്തേക്കുപോകേണ്ട സാഹചര്യമില്ലെന്ന് മറ്റുള്ളവരെല്ലാം ഒരേസ്വരത്തില്‍ പറയുകയും ചെയ്തു. എന്നാല്‍ ഒരാള്‍ വന്നേ പറ്റൂ എന്ന് പറഞ്ഞതിന് ശേഷം മോഹന്‍ലാല്‍ വരേണ്ട ആളിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. ബിഗ് ബോസിന്റെ നിയമങ്ങള്‍ പാലിക്കാത്ത ആളിനെയാണ് തിരികെവിളിക്കുന്നതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണെന്ന തോന്നലുളവാക്കി ഇന്നത്തെ എപ്പിസോഡില്‍ തന്നെ ഉള്ളില്‍ പ്രവേശിച്ച ധര്‍മജനെയാണ് മോഹന്‍ലാല്‍ തിരികെവിളിച്ചത്. പുറത്തുനിന്നുള്ള വിവരങ്ങള്‍ മറ്റ് മത്സരാര്‍ഥികളോട് പങ്കുവെക്കരുതെന്ന നിയമം തെറ്റിച്ചുവെന്നാണ് ധര്‍മജനെ പുറത്തേക്ക് വിളിക്കാനുള്ള കാരണമായി മോഹന്‍ലാല്‍ മറ്റ് പതിനേഴ് പേരോടും പറഞ്ഞത്. എന്നാല്‍ ധര്‍മജന്‍ തനിക്കൊപ്പം തിരികെ വേദിയില്‍ എത്തിയതിന് ശേഷം മോഹന്‍ലാല്‍ ആ സസ്‌പെന്‍സ് പൊളിച്ചു. ധര്‍മജനെ ഒരു ദിവസത്തേക്ക് മാത്രമായി ബിഗ് ബോസ് ഹൗസിലേക്ക് അയച്ചതാണെന്നും മത്സരാര്‍ഥികളോട് അക്കാര്യം പറഞ്ഞില്ലേയുള്ളെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ പറഞ്ഞതാണ് മത്സരാര്‍ഥികള്‍ വിശ്വസിച്ചിരിക്കുന്നത്. അതായത് ബിഗ് ബോസിലെ നിയമം തെറ്റിച്ചതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്ന്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ