
ബിഗ് ബോസ്സില്‍ ഇത്തവണത്തെ പ്രധാന ചര്‍ച്ചാ വിഷയം ഡോ. രജിത് കുമാര്‍ ആണ്. ഒരുപാട് വിവാദ പ്രസ്‍താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയ രജിത് കുമാര്‍ ബിഗ് ബോസ്സില്‍ എല്ലാവരുടെയും ശത്രുവായി മാറിയിട്ടുണ്ട്. രജിത് കുമാറിനെ രൂക്ഷമായി എല്ലാവരും വിമര്‍ശിക്കാറുണ്ട്. സുരേഷ് കൃഷ്‍ണൻ അടക്കമുള്ളവര്‍ തുടക്കം മുതലെ രജിത് കുമാറിന്റെ പ്രസ്‍താവനകളെ എതിര്‍ത്ത് രംഗത്ത് എത്താറുണ്ട്. ഇന്നും ബിഗ് ബോസ്സില്‍ രജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്.
രജിത് കുമാര്‍ തനിയെ സംസാരിക്കാറുള്ളത് പതിവാണ്. ഇത്തവണ സുജോയുടെ സാധനസാമഗ്രികളെ കുറിച്ചായിരുന്നു സംസാരം. സുജോ വിലപിടിപ്പുള്ള വസ്‍ത്രങ്ങളും സാധനങ്ങളുമാണ് ഉപയോഗിക്കാറുള്ളത് എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. പാഷാണം ഷാജിയും മഞ്ജു പത്രോസും തെസ്‍നി ഖാനും അതു കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. അവര്‍ അക്കാര്യം മറ്റുള്ളവരോടും ചര്‍ച്ച ചെയ്‍തു. എന്തിനാണ് മറ്റുള്ളവര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് രജിത് കുമാര്‍ പറയുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. താൻ വില കുറഞ്ഞ വസ്‍ത്രങ്ങളാണ് ധരിക്കുന്നത് എന്ന് മറ്റുള്ളവരെ അറിയിക്കാനാണ് രജിത് കുമാര്‍ അങ്ങനെ പറയുന്നത് എന്നും ചര്‍ച്ചയില്‍ വന്നു. തനിയെ സംസാരിച്ച് എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റാനാണ് രജിത് കുമാര്‍ ശ്രമിക്കുന്നത്, അയാള്‍ക്ക് ഭ്രാന്താണ് എന്ന് ആര്യ പറഞ്ഞു.
പരീക്കുട്ടിയാണ് രജിത് കുമാറിനെ കേട്ടുകൊണ്ട് നില്‍ക്കുന്നത് എന്നും ചിലര്‍ പറഞ്ഞു. തന്നെ പ്രകോപിപ്പിച്ച് ബിഗ് ബോസ്സില്‍ ശ്രദ്ധ നേടാനാണ് രജിത് കുമാറിന്റെ ശ്രമമെന്ന് സുജോ അലസാൻഡ്രയോടും പറഞ്ഞു. പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടയിലും ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ചയുണ്ടായി. എല്ലാവരും രജിത് കുമാറിനെ കുറിച്ച് സംസാരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും പരീക്കുട്ടി അക്കാര്യം പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയുമായി. താൻ ഒന്നും മോശമായി പറഞ്ഞിട്ടില്ല ക്യാമറയില്‍ നോക്കി പറഞ്ഞിട്ടില്ല എന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.
എന്നാല്‍ ക്യാമറയില്‍ നോക്കി പറഞ്ഞിട്ടുണ്ടാകില്ല മൈക്കില്‍ പറഞ്ഞു എന്ന് ഫുക്രു വ്യക്തമാക്കി. രജിത് കുമാറിന്റെ പുറകില്‍ നില്‍ക്കുകയായിരുന്ന താൻ കേട്ടതാണ് എന്ന് പാഷാണം ഷാജിയും പറഞ്ഞു. ക്യാമറയുടെ മുമ്പില്‍ പോയി നിന്നിട്ട് രജിത് കുമാര്‍ ഓരോരുത്തരെയും കുറിച്ച് വിശദമായി പറയുന്നത് താൻ കേട്ടതാണ് എന്നും പാഷാണം ഷാജി പറഞ്ഞു. കുറച്ചുകൂടി പക്വതയുള്ളതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് എന്നും രജിത് കുമാറിനോട് ദേഷ്യപ്പെട്ട് പാഷാണം ഷാജി പറഞ്ഞു. രജിത് കുമാര്‍ കള്ളമാണ് പറയുന്നത് എന്ന് സുരേഷ് കൃഷ്‍ണൻ പറഞ്ഞിരുന്നത് ഇതൊക്കെ കൊണ്ടാണെന്നും പാഷാണം ഷാജി വ്യക്തിമാക്കി.
ആരോഗ്യകാര്യത്തില്‍ ശുചിത്വം പോലും നോക്കാത്ത ആളാണ് രജിത് കുമാറെന്ന് ആര്യ പിന്നീട് പറഞ്ഞു. അടുക്കളയുടെ വശത്ത് നിന്നാണ് രജിത് കുമാര്‍ മീശ മുറിച്ചത് എന്നായിരുന്നു ആര്യ സൂചിപ്പിച്ചത്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി എന്ന് വരുത്തി തീര്‍ത്ത് സഹതാപം നേടാൻ രജിത് കുമാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു മിക്കവരും പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ