
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇതുവരെ നാല് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് സംഭവിച്ചിരിക്കുന്നത്. ദയ അശ്വതി, ജസ്ല മാടശ്ശേരി, ആര്‍ ജെ സൂരജ്, പവന്‍ ജിനോ തോമസ് എന്നിവര്‍. ഇതില്‍ അവസാനത്തെ രണ്ടുപേര്‍ ഇന്നലത്തെ എപ്പിസോഡിലാണ് എത്തിയത്. ഇതില്‍ മോഡലും 2019 മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണര്‍ അപ്പും അഭിനയമോഹിയുമൊക്കെയാണ് പവന്‍ ജിനോ തോമസ്. ഹൗസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇത്രദിവസവും ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ എന്ന നിലയിലുള്ള ഇഷ്ടങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പവനോട് ചോദിച്ചിരുന്നു.
മറ്റ് ഭാഷകളിലുള്ള ബിഗ് ബോസും കാണാറുണ്ടോ എന്ന ചോദ്യത്തിന് കൂടുതലും ഹിന്ദിയിലുള്ളതാണ് കാണുന്നതെന്നായിരുന്നു പവന്‍ ജിനോ തോമസിന്റെ മറുപടി. ഹിന്ദിയില്‍ നിന്ന് വ്യത്യസ്തമാണോ മലയാളമെന്ന ചോദ്യത്തിന് ഹിന്ദിയില്‍ മത്സരാര്‍ഥികള്‍ കൂടുതല്‍ അര്‍പ്പണമുള്ളവരാണെന്നായിരുന്നു മറുപടി. 'ഹിന്ദിയില്‍ കുറേ എക്‌സ്ട്രീം ടാസ്‌കുകള്‍ ആണ്. എല്ലാവരും ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. മലയാളം ബിഗ് ബോസില്‍ എനിക്ക് അത്രയും ഡെഡിക്കേഷന്‍ തോന്നിയിട്ടില്ല ഇതുവരെയും. ഇനി അകത്ത് ചെന്നിട്ട് ഞാന്‍ എല്ലാം ഓണ്‍ ആക്കണം', മോഹന്‍ലാലിനോട് പവന്‍ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിഗ് ബോസ് ഇത്രയും ദിവസം കണ്ടതില്‍നിന്ന് അകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ധാരണ കാണുമല്ലോ എന്ന ചോദ്യത്തിന് നല്ല ധാരണയുണ്ടെന്ന് മറുപടി. പിന്നീടാണ് സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ ഏറ്റവും ഇഷ്ടം തോന്നിയ ആള്‍ ആരെന്ന, മോഹന്‍ലാലിന്റെ ചോദ്യം. ഉടന്‍ വന്നു പവന്‍ ജിനോ തോമസിന്റെ മറുപടി. 'തലൈവ രജിത് സാറിനെ ഭയങ്കര ഇഷ്ടമാണ്. സാര്‍ അത്രയ്ക്ക് മോശപ്പെട്ട ആളാണെന്ന് എനിക്ക് തോന്നിയിട്ടില്ല', പവന്‍ പറഞ്ഞു. അകത്ത് പോയിട്ടും ഇതേ അഭിപ്രായം ആയിരിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ദിവസേന കണ്ടുകൊണ്ടിരിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകള്‍ കാണുന്നതിന്റെ അനുഭവത്തിലാണ് താനിപ്പോള്‍ പറയുന്നതെന്നായിരുന്നു പവന്റെ മറുപടി. എന്നാല്‍ വനിതാ മത്സരാര്‍ഥികളില്‍ ഇഷ്ടപ്പെട്ടത് ആരെന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു പവന്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ