'വീട്ടില്‍ എന്റെ മാപ്പിളയൊക്കെ കാണുന്നതല്ലേ'; 'ജയില്‍ ശിക്ഷ'യില്‍ പൊട്ടിക്കരഞ്ഞ് രാജിനി ചാണ്ടി

By Web TeamFirst Published Jan 16, 2020, 11:24 PM IST
Highlights

അതേസമയം 'മോശം പ്രകടനം' കാഴ്ച വച്ചതിന് താന്‍ തെരഞ്ഞെടുക്കപ്പെട്ടതിലും ജയില്‍ ശിക്ഷയിലുമൊക്കെ ഏറെക്കുറെ അക്ഷോഭ്യനായാണ് രജിത് കുമാര്‍ പ്രതികരിച്ചത്. ഇടയ്ക്ക് മാത്രം അദ്ദേഹം താന്‍ വിഷമം ഉള്ളിലൊളിപ്പിച്ചതാണെന്ന് സൂചിപ്പിക്കുകമാത്രം ചെയ്തു.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ സംഭവബഹുലമായ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. ബിഗ് ബോസിലെ സ്‌പെഷ്യല്‍ വീക്ക്‌ലി ടാസ്‌കില്‍ പ്രതീക്ഷയ്‌ക്കൊത്ത് മികവ് കാട്ടാതിരുന്ന രണ്ട് മത്സരാര്‍ഥികളെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം എല്ലാവരും ഈരണ്ട് പേരുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ഏഴ് നോമിനേഷനുകളുമായി മുന്നില്‍ നിന്നത് രാജിനി ചാണ്ടിയും രജിത് കുമാറും ആയിരുന്നു. തുടര്‍ന്ന് മുന്‍പ് ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയില്‍ കാണിച്ചത് പോലെ ഇരുവരെയും ബിഗ് ബോസ് ഹൗസിന് പുറത്തുള്ള ജയിലില്‍ പൂട്ടിയിടാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയും ചെയ്തു.

 

രണ്ടുപേരും രണ്ട് രീതിയിലാണ് ഈ 'ജയില്‍ ശിക്ഷ'യോട് പ്രതികരിച്ചത്. രജിത് കുമാര്‍ ബിഗ് ബോസിന് നന്ദി അറിയിച്ച് തുള്ളിച്ചാടിയെങ്കില്‍ രാജിനി ചാണ്ടി ആകെ അസ്വസ്ഥയായി. ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ കാണുമെന്നും ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നുമൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. വീട്ടിലെ ഏറ്റവും മുതിര്‍ന്നയാളെ സമാധാനിപ്പിക്കാന്‍ മറ്റുള്ളവര്‍ മത്സരിക്കുന്ന കാഴ്ചയായിരുന്നു. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം ക്യാപ്റ്റന്‍ സാജു നവോദയ ജയില്‍ പൂട്ടിയതോടെ രാജിനി കൂടുതല്‍ സങ്കടത്തിലായി. ആശ്വസിപ്പിക്കാന്‍ എത്തിയവരോടൊക്കെ അവര്‍ സങ്കടം പറഞ്ഞു. മറ്റ് മത്സരാര്‍ഥികള്‍ നല്‍കിയ മരുന്നോ ഭക്ഷണമോ വെള്ളമോ സ്വീകരിക്കാതെയാണ് രാജിനി ജയിലിനുള്ളില്‍ കഴിഞ്ഞത്.

 

സന്ധ്യ കഴിഞ്ഞതോടെ ഇരുവരെയും തുറന്നുവിടാന്‍ ബിഗ് ബോസ് ക്യാപ്റ്റനോട് നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ച് സാജു നവോദയ ജയില്‍ മുറി തുറക്കുകയും രാജിനിയും രജിത്തും പുറത്ത് കടക്കുകയും ചെയ്തു. പിന്നീട് ആശ്വസിപ്പിക്കാനായെത്തിയ ആര്യയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു രാജിനി ചാണ്ടി.

അതേസമയം 'മോശം പ്രകടനം' കാഴ്ച വച്ചതിന് താന്‍ തെരഞ്ഞെടുക്കപ്പെട്ടതിലും ജയില്‍ ശിക്ഷയിലുമൊക്കെ ഏറെക്കുറെ അക്ഷോഭ്യനായാണ് രജിത് കുമാര്‍ പ്രതികരിച്ചത്. ഇടയ്ക്ക് മാത്രം അദ്ദേഹം താന്‍ വിഷമം ഉള്ളിലൊളിപ്പിച്ചതാണെന്ന് സൂചിപ്പിക്കുകമാത്രം ചെയ്തു. 

click me!