'അന്നത്തെ എന്റെ ചോദ്യം ഇന്‍സള്‍ട്ട് ആയെന്ന് ചേട്ടനറിയാം'; ഫോണില്‍ യേശുദാസിന് നല്‍കിയ മറുപടിയെക്കുറിച്ച് രജിത് കുമാര്‍

By Web TeamFirst Published Jan 11, 2020, 5:53 PM IST
Highlights

'2019 ജൂലൈ 10ന് രാവിലെ 9.23ന് ആലുവയില്‍നിന്ന് കോളെജിലേക്ക് പോകുമ്പോള്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് കഴിഞ്ഞപ്പോള്‍ എന്റെ മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നു...'

ഗാനഗന്ധര്‍വ്വന്‍ ഡോ കെ ജെ യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനമായിരുന്ന വെള്ളിയാഴ്ച ബിഗ് ബോസ് ഹൗസിലും അക്കാര്യം ചര്‍ച്ചയായി. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം മത്സരാര്‍ഥികള്‍ തങ്ങളുടെ യേശുദാസ് അനുഭവങ്ങള്‍ പറഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധേയം രജിത് കുമാര്‍ പറഞ്ഞ അനുഭവമായിരുന്നു. ഒരു ദിവസം കോളെജിലേക്കുള്ള യാത്രയ്ക്കിടെ യേശുദാസ് നേരിട്ട് ഫോണിലേക്ക് വിളിച്ചെന്നും തുടര്‍ന്നുള്ള പരിചയവും മറ്റുള്ളവരോട് അദ്ദേഹം വിശദീകരിച്ചു.

യേശുദാസിന്റെ കോള്‍ ആദ്യം വന്നപ്പോള്‍ ആരെങ്കിലും വിളിച്ച് പറ്റിക്കുകയാണെന്നാണ് കരുതിയതെന്ന് രജിത് കുമാര്‍ പറഞ്ഞു. '2019 ജൂലൈ 10ന് രാവിലെ 9.23ന് ആലുവയില്‍നിന്ന് കോളെജിലേക്ക് പോകുമ്പോള്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് കഴിഞ്ഞപ്പോള്‍ എന്റെ മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നു. ഇത് ഡോ. രജിത് കുമാര്‍ സാര്‍ തന്നെയല്ലേ എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു. അങ്ങയെ എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ആരാണ് എന്നെ വിളിച്ച് കളിയാക്കുന്നത് എന്നായിരുന്നു എന്റെ ചോദ്യം. കളിയാക്കിയതല്ല, ഞാന്‍ യേശുദാസ് ആണെന്ന് പറഞ്ഞു. പക്ഷേ അപ്പോള്‍ ഞാന്‍ ചോദിച്ചത് ഇന്‍സള്‍ട്ട് പോലെയാണെന്ന് ചേട്ടന് അറിയാം', രജിത് കുമാര്‍ തുടര്‍ന്നു.

'ഏത് യേശുദാസ്? ഗാനഗന്ധര്‍വ്വന്‍, പത്മഭൂഷണ്‍, ഡോ. കെ ജെ യേശുദാസ് ആണോ എന്നായിരുന്നു എന്റെ ചോദ്യം. ഇപ്പോള്‍ ദാസേട്ടന്‍ അത് ഓര്‍ക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പൊ അങ്ങ് പറഞ്ഞു, അതൊക്കെ നാട്ടുകാര് തരുന്നതല്ലേ, ഞാന്‍ സാദാ യേശുദാസ് തന്നെയാണെന്ന്. ഞാന്‍ താങ്കളെ കുറേ നാളുകൊണ്ടേ സ്റ്റഡി ചെയ്തുകൊണ്ടിരിക്കുന്നു.' താന്‍ മനസില്‍ ആഗ്രഹിച്ച പല കാര്യങ്ങളും യേശുദാസ് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും രജിത്കുമാര്‍ പറയുന്നു. 'ശരിയാണ്, നമ്മള്‍ നമ്മുടെ കുട്ടികളുടെ മനസിനെ മലിനമാക്കിക്കൊണ്ടിരിക്കുന്നു എന്ന് അങ്ങ് പറഞ്ഞത് ഓര്‍മ്മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. ആ മാലിന്യത്തിനെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന എനിക്ക് അങ്ങ് എല്ലാവിധ സപ്പോര്‍ട്ടും തന്നതും ഓര്‍മ്മയുണ്ടാവും. പിന്നെ ഒരുദിവസം അങ്ങ് എന്നെ വിളിച്ച് പേഴ്‌സണല്‍ നമ്പര്‍ എനിക്ക് തന്നു. ഈ നമ്പര്‍ ആര്‍ക്കും കൊടുക്കരുതെന്നും പറഞ്ഞു. എന്നാല്‍ എനിക്ക് എപ്പോള്‍ തോന്നിയാലും വിളക്കണമെന്നും അങ്ങ് പറഞ്ഞു. 125 വയസ്സുവരെ ഇപ്പോള്‍ എങ്ങനെയാണോ പാടിക്കൊണ്ടിരിക്കുന്നത്, അങ്ങനെ തന്നെ പാടിക്കൊണ്ടിരിക്കാന്‍ എല്ലാവിധ ആരോഗ്യവും ഐശ്വര്യവും സന്തോഷവും നേരുന്നു', മറ്റ് മത്സരാര്‍ഥികളുടെ കൈയടികള്‍ക്കിടെ രജിത് കുമാര്‍ പറഞ്ഞുനിര്‍ത്തി. 

click me!