ജസ്‍ലയ്ക്ക് രജിത് കുമാറിനോടുള്ള വിദ്വേഷത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്ത്?

By Sunitha DevadasFirst Published Feb 28, 2020, 1:00 PM IST
Highlights

ബിഗ് ബോസ് വീട്ടിൽ എത്തിയ അന്നുമുതൽ ജസ്‍ല രജിത് കുമാറിനോട് ഏറ്റുമുട്ടുന്നതാണ് നമ്മൾ കാണുന്നത്. ചില ഏറ്റുമുട്ടലുകൾ എന്തിനാണെന്ന് പോലും പലപ്പോഴും പ്രേക്ഷകർക്ക് മനസിലായില്ല. പലപ്പോഴും രജിത് കുമാർ ചെയ്ത അതേ കാര്യങ്ങൾ മറ്റുചിലർ ചെയ്യുമ്പോൾ ജസ്‍ല പ്രതികരിച്ചതുമില്ല. 

ബിഗ് ബോസ് വീട്ടിൽ എത്തിയ അന്നുമുതൽ ജസ്‍ല രജിത് കുമാറിനോട് ഏറ്റുമുട്ടുന്നതാണ് നമ്മൾ കാണുന്നത്. ചില ഏറ്റുമുട്ടലുകൾ എന്തിനാണെന്ന് പോലും പലപ്പോഴും പ്രേക്ഷകർക്ക് മനസിലായില്ല. പലപ്പോഴും രജിത് കുമാർ ചെയ്ത അതേ കാര്യങ്ങൾ മറ്റുചിലർ ചെയ്യുമ്പോൾ ജസ്‍ല പ്രതികരിച്ചതുമില്ല. ഇതിന്റെ കാരണമായി രജിത് പറഞ്ഞത് ജസ്‍ലയെ തന്നെ അടിക്കാൻ വേണ്ടി പുറത്തു നിന്ന് ആരോ പറഞ്ഞുവിട്ടതാണ്  എന്നാണ്. പ്രേക്ഷകരിൽ ഒരു വിഭാഗം ചിന്തിക്കുന്നത് ജസ്‍ല രജിത് കുമാറിനോടെന്തോ വ്യക്തിവൈരാഗ്യം തീർക്കുന്നു എന്നാണ്.

എന്നാൽ ഇന്നലെ ജസ്‍ല ബിഗ് ബോസിൽ പറഞ്ഞ ചില കാര്യങ്ങൾ കേട്ടപ്പോഴാണ് ജസ്‍ലയ്ക്ക് രജിത് കുമാറിനോടുള്ള യഥാർത്ഥ പ്രശ്നം എന്തെന്ന് മനസിലായത്. ജസ്‍ല അലസാന്‍ഡ്രയോട് പറഞ്ഞ ജീവിതകഥ മലപ്പുറത്തു ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടി എങ്ങനെ യുക്തിവാദിയും മതം വിട്ടവളുമായ ജസ്‍ലയായി എന്നതായിരുന്നു. ജസ്‍ലയുടെ ഉമ്മൂമ്മയെ കുറിച്ചുള്ള സ്നേഹമുള്ള ഓർമകളിൽ മരണ സമയത്തു ജസ്‍ലയ്ക്ക് അവരെ കാണാൻ കഴിയുന്നില്ല. അവരുടെ മയ്യത്തും കാണാൻ കഴിയുന്നില്ല. കാരണം ജസ്‍ല അന്ന് ഫ്ലാഷ് മോബില്‍ പങ്കെടുത്ത് വിവാദം നേരിടുന്ന സമയമായിരുന്നു. മതത്തെ വിമർശിക്കുന്ന, മതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന ജസ്‍ല മയ്യത്തു കണ്ടാൽ ഉമ്മൂമ്മക്ക് ബർക്കത്ത് കിട്ടില്ലെന്ന്‌ ജസ്‍ലയുടെ അമ്മാവന്മാർ ഉൾപ്പെടെയുള്ളവർ നിലപാടെടുക്കുന്നു. 

ജസ്‍ലയും അനിയനും  ബാംഗ്ലൂരിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു. എന്നാൽ വീട്ടുകാർ മരണം അനിയനെ മാത്രം അറിയിക്കുകയും ജസ്‍ലയ്ക്ക് പോകാൻ പറ്റാതിരിക്കുകയും ചെയ്തു. അതിനു മുൻപും ഉമ്മൂമ്മ അസുഖമായി ആശുപതിയിൽ കിടന്നപ്പോഴും അമ്മാവന്മാരും മതവിശ്വാസികളും അവളെ ഉമ്മൂമ്മയെ കാണാൻ അനുവദിച്ചില്ല. ഉമ്മൂമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് അവൾ പർദ്ദയണിഞ്ഞു വന്നിട്ടും സമ്മതിച്ചില്ല.

ഇത്തരത്തിൽ മതമാണ് ആദ്യം ജസ്‍ലയെ ഉപേക്ഷിച്ചത്, തള്ളി പറഞ്ഞത്. മതം അവളെ എങ്ങനെ വേദനിപ്പിച്ചുവെന്നാണ് ജസ്‍ല ഇന്നലെ പറഞ്ഞത്. അവൾ ഒരു ഫ്ലാഷ് മോബ് കളിച്ചതുകൊണ്ട് കുടുമ്പ ബന്ധങ്ങളിൽ പോലുമുണ്ടായി വിള്ളലുകൾ, മതം അവളെ അകറ്റി നിർത്തിയത് ഒക്കെ ജസ്‍ല വേദനയോടെ കരഞ്ഞുകൊണ്ട് തന്നെ അലസാന്‍ഡ്രയോടു പറയുന്നുണ്ടായിരുന്നു. മതം അവളെ ഉപേക്ഷിച്ചതിന് ശേഷമാണ് അവൾ മതം ഉപേക്ഷിച്ചതും യുക്തിവാദി ആയി മാറിയതും മതം വിട്ട പെണ്ണായതും ഒക്കെ.

ജസ്‍ലയുടെ ചേച്ചിയെ വിവാഹം കഴിക്കുന്നത് 15-ാം വയസിലാണ്. ജസ്‍ലയുടെ ചേച്ചി മതവും വിശ്വാസവും വീട്ടുകാരും പറയുന്ന എല്ലാം അനുസരിച്ചു ജീവിക്കുന്ന വിശ്വാസിയായ മുസ്‌ലിം ആണ്. ജസ്‍‍ലയുടെ ചേച്ചിക്കുണ്ടായ കുട്ടി ഓട്ടിസ്റ്റിക് ആയിരുന്നു. അതുകൊണ്ടാണ് ജസ്‍ലയ്ക്ക് രജിത് കുമാർ ഓട്ടിസ്റ്റിക്ക് ആയ കുഞ്ഞുങ്ങളെക്കുറിച്ചും അവരുടെ അമ്മമാരെക്കുറിച്ചും സംസാരിക്കുമ്പോൾ ദേഷ്യം വരുന്നത്. ജസ്‍ലയ്ക്കിതെല്ലാം സ്വന്തം ജീവിതമാണ്. ഓട്ടിസം സെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്കാണ് എന്ന രജിത് കുമാറിന്റെ വാചകം തറയ്ക്കുന്നത് ജസ്‍ലയുടെ ഹൃദയത്തിലാണ്. കാരണം ജസ്‍ലയുടെ ചേച്ചി അവൾ കണ്ടിട്ടുള്ള ഏറ്റവും നല്ല പെൺകുട്ടിയാണ്. എന്നിട്ടും ഓട്ടിസ്റ്റിക് ആയ കുഞ്ഞുണ്ടായി.

'ഞാൻ ഉൾപ്പെടുന്ന പുരുഷ വർഗത്തിന് വെറും പത്തുമിനിറ്റ് മതി, സ്പേം എന്ന് പറയുന്നത് പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ'. അതും ജസ്‍ലയെ വേദനിപ്പിക്കുന്നുണ്ട്. കാരണം ജസ്‍ലയുടെ ചേച്ചി എത്ര എളുപ്പത്തിലാണ് അമ്മയായി മാറിയത് എന്നവൾ കണ്ടിട്ടുണ്ട്. അത് കൂടാതെ വിവാഹം കഴിക്കാതെ വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നില്ക്കാൻ ജസ്‍ല എത്ര കഷ്ടപ്പെടുന്നുണ്ട് എന്നവൾക്ക് അറിയാം. അതും അവളുടെ ജീവിതമാണ്.

ആണ്‍വേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും. അവരെ വിളിക്കുന്ന പേരാണ് ട്രാൻസ്‌ജെൻഡർ‍ എന്ന് രജിത് കുമാർ പറയുമ്പോൾ അതും ജസ്‍ലയെ വേദനിപ്പിക്കും. കാരണം മതം അവളെ ഉപേക്ഷിച്ചത് അവൾ തലയിൽ തട്ടമിടാത്തതിനും ഡാൻസ് കളിച്ചതിനുമാണ്. അതിനോടൊക്കെ പടപൊരുതി സ്വാന്തമായൊരു ഇടം ഉണ്ടാക്കാൻ അവൾ പൊരുതുകയാണ്. അവൾക്ക് വേദനിക്കും.

"താങ്കൾ പറയുന്നത് മുഴുവൻ സ്യൂഡോ സയൻസ് ആണ്.. ഇതിലൊന്നും ശാസ്ത്രീയതയില്ല. ബയോളജി ഡോക്ടറായ നിങ്ങൾക്ക്, മനുഷ്യലിംഗ, ശരീരശാസ്ത്രമോ, മനശാസ്ത്രമോ അറിയില്ല.. നിങ്ങൾ ഈ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് പകരം, പിന്നോട്ട് വലിക്കുകയാണ്.. നിങ്ങളുടെ വാദങ്ങൾ മുഴുവൻ സ്യൂഡോ സയൻസ് മാത്രമാണ് എന്നാണ് ജസ്‍ല നിരന്തരം പറയുന്നത്.  

അതവൾ അവളുടെ ജീവിതത്തിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും പഠിച്ചതാണ്. അതുകൊണ്ടാണ് മറ്റാർക്കും ഇല്ലാത്ത ചൂടും ഊർജവും ജസ്‍ലയ്ക്ക് രജിത് കുമാറിനോട് വിയോജിക്കുമ്പോൾ ഉണ്ടാകുന്നത്. ചിലപ്പോഴൊക്കെ ജസ്‍ലയ്ക്ക് അത് കൃത്യമായി വിവരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. സ്യുഡോ സയൻസ് എന്ന വക്കിൽ അവൾ പലതും ഒതുക്കിയിട്ടുണ്ടാവും, പക്ഷെ ഇന്നലെ മനസിലായത് അതവളുടെ ജീവിതമായിരുന്നു എന്നാണ്.

മതഗ്രന്ഥങ്ങളെക്കുറിച്ചും ഖുർ ആനേ കുറിച്ചും രജിത് കുമാർ വാചാലനാകുമ്പോൾ ജസ്‍ല അസ്വസ്ഥയാവുന്നത് ഇതുകൊണ്ടാണ്. അവളുടെ ഉമ്മൂമ്മ ആശുപത്രിയിൽ കിടക്കുമ്പോൾ കാണാനോ, അവർ മരിച്ചപ്പോൾ അവരുടെ  മയ്യത്തു കാണാനോ അവളെ അനുവദിക്കാത്തതാണ് അവൾക്ക് മതം. അതവൾക്ക് വേദനയാണ്.
മതം ഒരിക്കലും അവളെ കരുണയോടെ കണ്ടിട്ടില്ല. വളരെ ചെറിയ പെൺകുട്ടി എന്ന കാരുണ്യം അവളോട് മതം കാണിച്ചിട്ടില്ല. അവളെ ഏറ്റവും വേദനിപ്പിച്ചതും അകറ്റി നിർത്തിയതും കുടുമ്പത്തില്‍ നിന്ന് പുറത്താക്കിയതും മതമാണ്. അങ്ങനെയാണവൾ  നമ്മൾ ഇന്ന് കാണുന്ന ജസ്‍ലയായത്. അവൾ ഒരു കുറ്റവും ചെയ്തിട്ടല്ല,  മതം അവളെ പുറത്താക്കിയത്. ഫ്ലാഷ് മോബ് കളിച്ചതിനാണ്.

അത്തരമൊരു ജീവിത സാഹചര്യങ്ങളിലൂടെ കടന്നുവരുന്ന എല്ലാ പെൺകുട്ടികളും ആവുന്നതേ ജസ്‍ലയും ആയിട്ടുള്ളു. അവൾ മതം വിട്ടു, യുക്തിവാദിയായി, ഫെമിനിസ്റ്റാവാൻ ശ്രമിച്ചു. സ്യുഡോ സയന്സിനെ എതിർത്തു. മതഗ്രന്ഥങ്ങളെക്കാൾ കൂടുതൽ ഭരണഘടനയാണ് അവൾക്ക് സുരക്ഷിതത്വം നൽകിയത്. അത് കൊണ്ടാണ് ഭരണഘടനാ അവളുടെ സുരക്ഷാ കവചമായത്. ഇന്നലത്തെ എപ്പിസോടോടെ പ്രേക്ഷകരുടെയും കുറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി എന്ന് തോന്നുന്നു. എന്നാൽ ജസ്‍ലയും അലസാന്‍ഡ്രയും തമ്മിൽ സംസാരിച്ചത് കേൾക്കാത്തത് കൊണ്ട് രജിത് കുമാറിന് ഇപ്പോഴും ജസ്‍ലയെ മനസിലായിട്ടുണ്ടാവില്ല. എനിക്ക് ഉറപ്പാണ് ജസ്‍ലയുടെ സംസാരം കേട്ടാൽ രജിത് കുമാറിനും മനസിലാവും ആരാണ് ജസ്‍ലയെന്ന്. 

click me!