
ഒരു ജനാധിപത്യരാജത്ത് ആര്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ 'ആരാധനാമൂര്‍ത്തികള്‍' പറയുന്ന ആശയങ്ങളെ ചിന്തിക്കാതെയും പഠിക്കാതെയും സ്വീകരിക്കരുതെന്നും സാബുമോന്‍ അബ്ദുസമദ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു ബിഗ് ബോസ് ഒന്നാം സീസണിലെ വിജയി കൂടിയായ സാബുമോന്റെ പ്രതികരണം.
'ഞാന്‍ കുറച്ച് കാര്യങ്ങള്‍ പറയാനായിട്ട് വന്നതാണ്. ഇപ്പോള്‍ ഭയങ്കരമായിട്ട് ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ്. ചര്‍ച്ചകളുടെ ഭാഗമായിട്ട് കുറച്ച് കാര്യങ്ങള്‍ പറയാന്‍വേണ്ടി വന്നതാണ്. എനിക്ക് ബയോളജിയില്‍ പിഎച്ച്ഡി ഇല്ല. ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേര്‍ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം. ജീന്‍സിലും ജിനിലും മലയാളത്തില്‍ പറയുമ്പോള്‍ 'ജി' മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുമില്ല', സ്വതസിദ്ധമായ ഭാഷയില്‍ സാബു പറഞ്ഞു.
ശാസ്ത്രീയമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിക്കണമെന്നും അല്ലാത്തപക്ഷം കേള്‍ക്കുന്നവരില്‍ കുറേപ്പേര്‍ അത് വിശ്വസിക്കാന്‍ ഇടവരുമെന്നും സാബുമോന്‍ പറഞ്ഞു. 'അല്‍പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്. എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ ഉണ്ട്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ. എഴുന്നേറ്റ് നിന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായിവന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നത്', സാബുമോന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് പലരും ഓര്‍മ്മിപ്പിച്ചിരുന്നെന്നും എന്നാല്‍ അതില്‍ തനിക്ക് ഭയമില്ലെന്നും സാബു പറഞ്ഞു. 'പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍നിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ല', സാബുമോന്‍ പറഞ്ഞവസാനിപ്പിച്ചു. നാല്‍പത് മിനിറ്റ് നീണ്ടുനിന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് സാബു തനിക്ക് പറയാനുള്ളത് പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ