'ഏഴില്‍നിന്ന് എട്ടിലേക്ക് ജയിച്ചപ്പോള്‍ ആദ്യമായി സങ്കടം തോന്നി'; കാരണം പറഞ്ഞ് സാജു നവോദയ

By Web TeamFirst Published Jan 9, 2020, 11:53 PM IST
Highlights

'അച്ഛനുമമ്മയും കര്‍ഷകരായിരുന്നു. ഒരു ഹാളും ചെറിയൊരു മുറിയും ഒക്കെയായിട്ടായിരുന്നു വീട്. ചാള അടുക്കിയത് പോലെയായിരുന്നു ഞങ്ങളുടെ കിടപ്പ്.'

ജീവിതത്തില്‍ ആദ്യമായി സങ്കടം തോന്നിയത് ഏഴാം ക്ലാസില്‍ നിന്ന് എട്ടാം ക്ലാസിലേക്ക് ജയിച്ചുകയറിയപ്പോഴാണെന്ന് 'പാഷാണം ഷാജി' എന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വേദിയില്‍ കടന്നുവന്ന ജീവിതവഴികളെക്കുറിച്ച് സംസാരിക്കവെയാണ് സാജു ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് നര്‍മ്മത്തില്‍ പൊതിഞ്ഞാണ് അദ്ദേഹം സംസാരിച്ചത്.

അച്ഛനുമമ്മയ്ക്കും പത്ത് മക്കളായിരുന്നുവെന്നും ആഹാരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നുവെന്നും സാജു പറഞ്ഞു. 'അച്ഛനുമമ്മയും കര്‍ഷകരായിരുന്നു. ഒരു ഹാളും ചെറിയൊരു മുറിയും ഒക്കെയായിട്ടായിരുന്നു വീട്. ചാള അടുക്കിയത് പോലെയായിരുന്നു ഞങ്ങളുടെ കിടപ്പ്. രാവിലെ ആദ്യം എഴുന്നേല്‍ക്കുന്നവര്‍ക്കേ പഴഞ്ചോറ് കിട്ടൂ. അങ്ങനത്തെ ഒരു ലൈഫ് ആയിരുന്നു. ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ മൂത്ത ചേട്ടന്‍ പഠിത്തം നിര്‍ത്തിയിട്ട് അമ്മയുടെയും അച്ഛന്റെയും കൂടെ ജോലിക്ക് പോയി. ഇങ്ങനെയൊക്കെ ആണെങ്കിലും വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. കിട്ടുന്നത് പിച്ചിച്ചീന്തി എല്ലാവരും കൂടെ കഴിക്കും. ആദ്യമായി എനിക്ക് സങ്കടം തോന്നിയത് ഏഴില്‍നിന്ന് എട്ടിലേക്ക് ജയിച്ചപ്പോഴാണ്. കാരണം ഏഴാം ക്ലാസ് വരെയേ കഞ്ഞിയുള്ളൂ. എട്ടാം ക്ലാസില്‍ കഞ്ഞിയില്ല', മറ്റുള്ളവരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ സാജു നവോദയ പറഞ്ഞു.

click me!