
ബിഗ് ബോസില്‍ എലിമിനേഷന്‍ സംഭവിക്കുന്ന ദിവസങ്ങള്‍ ശനിയും ഞായറുമാണ്. എന്നാല്‍ അതിന് ഏറ്റവും സാധ്യതയുള്ള ദിവസം ഞായറാഴ്ചയാണ്. എലിമിനേഷന്‍ സാധാരണ സംഭവിക്കുന്നതും ഞായറാഴ്ചയാണ്. അതുകൊണ്ടുതന്നെ ശനിയാഴ്ച എപ്പിസോഡില്‍ തെസ്‌നി ഖാന്റെ എലിമിനേഷന്‍ മറ്റംഗങ്ങളില്‍ ഞെട്ടലാണ് ഉളവാക്കിയത്. മത്സരാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി കളിചിരിതമാശകളുമായി മുന്നോട്ടുപോയ ശേഷം ഏറ്റവുമൊടുവില്‍ അപ്രതീക്ഷിതമായും അതേസമയം നാടകീയത ഒഴിവാക്കിക്കൊണ്ടുമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. മറ്റുള്ളവര്‍ അമ്പരന്നപ്പോള്‍ തെസ്‌നി ഖാന്‍ സമചിത്തതയോടെയാണ് താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായ വിവരം ഉള്‍ക്കൊണ്ടത്.
എന്തായാലും പോകണ്ടേ, എല്ലാവരെയും കണ്ടുകൊണ്ട് പോകുന്നതല്ലേ ഏറ്റവും ഭാഗ്യമെന്നാണ് ബിഗ് ബോസ് കുടുംബാഗങ്ങളോട് തെസ്‌നി പറഞ്ഞത്. 'നന്നായി ഗെയിം കളിക്ക് എല്ലാരും. എനിക്ക് സന്തോഷമായി. നിന്നാല്‍ ഞാനിങ്ങനെതന്നെ നില്‍ക്കുകയേ ഉള്ളൂ പിള്ളേരെ, എനിക്ക് പറ്റില്ല. ഇതല്ല ഇവിടെ ആവശ്യം. ജഗപൊഗയാണ് ഇവിടെ ആവശ്യം. കറക്ട് ഡിസിഷനാണ് അവര്‍ എടുത്തിരിക്കുന്നത്. ഞാന്‍ ആരെയും വെറുപ്പിച്ചിട്ടല്ലല്ലോ പോകുന്നത്, ആര്‍ക്കും എന്നോട് ദേഷ്യമില്ല എന്നത് ഏന്റെ ഏറ്റവും വലിയ ഭാഗ്യമാ. ഇനിയത്തെ ആഴ്ച തൊട്ടാണ് കളി', പോകുംമുന്‍പ് മറ്റ് മത്സരാര്‍ഥികളോട് തെസ്‌നി പറഞ്ഞു.
ശനിയാഴ്ച പൊടുന്നനെ സംഭവിച്ച എലിമിനേഷനോട് പലരും പല രീതിയിലാണ് പ്രതികരിച്ചത്. 'എനിക്ക് മനസിലാവുന്നില്ല, കാരണം നാളെ ഞായറാഴ്ചയല്ലേ' എന്നായിരുന്നു വീണ നായരുടെ പ്രതികരണം. പോവാന്‍ പരമാവധി സാധ്യത തെസ്‌നിക്ക് തന്നെയാണെന്ന് തനിക്ക് തോന്നിയിരുന്നെന്ന് സാജു നവോദയയോട് പ്രദീപ് വിഷണ്ണനായി പറയുന്നത് കാണാമായിരുന്നു. തെസ്‌നി നിഷ്ടകളങ്കമായാണ് ഹൗസില്‍ നില്‍ക്കുന്നതെന്ന് ആര്യയും പറഞ്ഞു. മറ്റ് മത്സരാര്‍ഥികളുമായി ഏറ്റവും കുറവ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടായ മത്സരാര്‍ഥികളില്‍ ഒരാള്‍ തെസ്‌നി ഖാന്‍ ആയിരിക്കും. അതിനാല്‍ത്തന്നെ തെസ്‌നി പുറത്തായതിന്റെ വിഷമം മിക്കവരുടെയും മുഖത്ത് പ്രകടമായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ