
അറുപത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ജനപ്രീതിയില്‍ ഏറെ മുന്നിലാണ്. മത്സരാര്‍ഥികളുടെ കണ്ണിനസുഖവും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും വാശിയേറിയ ടാസ്‌കുകളുമൊക്കെയായി സംഭവബഹുലമായിരുന്നു ഇതുവരെയുള്ള എപ്പിസോഡുകള്‍. എന്നാല്‍ സംപ്രേഷണ സമയത്തില്‍ നേരിയ വ്യത്യാസം വരുത്താന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരമായ റിയാലിറ്റി ഷോ.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി 9നുമാണ് നിലവില്‍ ബിഗ് ബോസിന്റെ സംപ്രേഷണ സമയം. അതില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളിലെ സമയം ഇനി അര മണിക്കൂര്‍ നേരത്തെ ആയിരിക്കും. അതായത് ശനി, ഞായര്‍ ദിനങ്ങളിലെ സമയമായ രാത്രി ഒന്‍പതിന് തന്നെ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലും ഷോ ആരംഭിക്കും. വരുന്ന തിങ്കളാഴ്ച മുതല്‍ ഈ സമയക്രമം അനുസരിച്ചാവും സംപ്രേഷണം.
അതേസമയം അവതാരകനായി മോഹന്‍ലാല്‍ എത്തുന്ന പുതിയ വാരാന്ത്യ എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുന്ന ഇന്നത്തെ എപ്പിസോഡിന് ശേഷമുള്ള ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഇത്തവണത്തെ എലിമിനേഷനും മോഹന്‍ലാല്‍ പ്രഖ്യാപിക്കും. വീണ നായര്‍, പാഷാണം ഷാജി, സുജോ മാത്യു, അലസാന്‍ഡ്ര, അമൃത-അഭിരാമി എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ആര്യയ്ക്കും രഘുവിനും നോമിനേഷന്‍ ലഭിച്ചിരുന്നുവെങ്കിലും അവര്‍ തങ്ങളുടെ പക്കലുള്ള 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' ഉപയോഗിച്ച് ലിസ്റ്റില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു. പത്താം ആഴ്ചയ്ക്കുള്ളില്‍ കാര്‍ഡ് ഉപയോഗിക്കാത്തപക്ഷം അത് അസാധു ആകുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ പറഞ്ഞിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ