
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അറുപത് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. ഒന്‍പതാം വാരം മുന്നോട്ടുപോകുമ്പോള്‍ പ്രധാനമായും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വലിയ മത്സരമാണ് ഹൗസിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ആയ കോടതി ടാസ്‌ക് ആവേശകരമായാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അലസാന്‍ഡ്രയ്‌ക്കെതിരേ വീണ നായര്‍ കൊടുത്ത കേസാണ് ഇന്ന് ആദ്യം വാദിച്ചത്.
കഴിഞ്ഞ വാരത്തിലെ വീക്ക്‌ലി ടാസ്‌കില്‍ (സ്വര്‍ണ്ണ ഖനി) വീണ നായര്‍ അമൃതയോട് വിവസ്ത്രയാക്കും (നേക്കഡ്) എന്ന് പറഞ്ഞതായി അലസാന്‍ഡ്ര ആരോപിച്ചെന്നും ഇക്കാരണം പറഞ്ഞാണ് അലസാന്‍ഡ്ര ജയിലിലേക്ക് തന്നെ നോമിനേറ്റ് ചെയ്തതെന്നും വീണ ആരോപിച്ചു. എന്നാല്‍ താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലായിരുന്നുവെന്നും ആ വാക്ക് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതിന്റെ വിശദീകരണം വേണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും വീണ ആവശ്യപ്പെട്ടു. ഇതായിരുന്നു വീണ സമര്‍പ്പിച്ച കേസ്. ജഡ്ജി ആയി വീണ തെരഞ്ഞെടുത്തത് രഘുവിനെയാണ്. തന്റെ വക്കീലായി അലസാന്‍ഡ്ര തെരഞ്ഞെടുത്തത് ആര്യയെയും.
കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ വീണ തന്റെ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് പറയാനുള്ളത് അലസാന്‍ഡ്രയും പറഞ്ഞു. 'ഖനി'യിലേക്ക് കുതിക്കാനുള്ള ശ്രമത്തിനിടെ വീണ കുനിഞ്ഞപ്പോള്‍ പൊങ്ങിനിന്ന ടീഷര്‍ട്ട് അമൃത പിടിച്ച് താഴ്ത്തി ഇട്ടിരുന്നു. എന്നാല്‍ എന്തിനാണ് തന്റെ ഉടുപ്പ് പിടിച്ച് പൊക്കിയത് എന്നാണ് തിരിഞ്ഞുനിന്നുകൊണ്ട് വീണ ചോദിച്ചത്. പക്ഷേ പൊക്കുകയല്ല, ഷര്‍ട്ട് താഴ്ത്തുകയാണ് താന്‍ ചെയ്തതെന്ന് അമൃത പറഞ്ഞെങ്കിലും വീണ പിന്നെയും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നീ അങ്ങനെ ചെയ്താല്‍ അതിലും മോശമായി ചെയ്യാന്‍ എനിക്ക് അറിയാമെന്ന് വീണ പറഞ്ഞു.' അക്കാര്യം പറഞ്ഞപ്പോള്‍ നേക്കഡ് എന്ന പ്രയോഗം വന്നുപോയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അപ്പോള്‍ത്തന്നെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നുവെന്നും അലസാന്‍ഡ്രയും അലസാന്‍ഡ്രയ്ക്കുവേണ്ടി വക്കീല്‍ ആര്യയും ചൂണ്ടിക്കാട്ടി'.
അലസാന്‍ഡ്ര സാക്ഷിയായി ഹാജരാക്കിയ അമൃതയും ഇതേ രീതിയില്‍ സംസാരിച്ചു. എന്നാല്‍ ഇവര്‍ ഇപ്പോഴും താന്‍ ഉദ്ദേശിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പരസ്യമായി മാപ്പ് പറയണമെന്നുമുള്ള വാദത്തില്‍ വീണ ഉറച്ചുനിന്നു. തുടര്‍ന്ന് അലസാന്‍ഡ്ര പരസ്യമായി മാപ്പ് പറയുകയായിരുന്നു. വീണ ഉന്നയിച്ച കേസ് ന്യായമുള്ളതാണോ എന്ന ചോദ്യത്തിന് ഫുക്രു, ഷാജി, എലീന, ദയ, രേഷ്മ എന്നിവര്‍ ന്യായമാണെന്ന് പറയുകയായിരുന്നു. അമൃത-അഭിരാമി, രജിത്, സുജോ എന്നിവര്‍ ന്യായമല്ലെന്നും അഭിപ്രായപ്പെട്ടു. കൂടുതല്‍ പേര്‍ കേസ് ന്യായമാണെന്ന് പറഞ്ഞതിനാല്‍ ടാസ്‌കില്‍ വീണ ജയിച്ചെന്നും 100 പോയിന്റുകള്‍ നേടിയെന്നും ജഡ്ജിയായ രഘു പ്രഖ്യാപിക്കുകയായിരുന്നു. 'വീണയ്ക്ക് അഭിനയത്തിനുള്ള ഓസ്‌കര്‍ കൊടുക്കുമോ' എന്നായിരുന്നു വിധി കേട്ട അലസാന്‍ഡ്രയുടെ ആദ്യ പ്രതികരണം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ