
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആകെ പതിനാറ് പേരാണ് ഇപ്പോള്‍ മത്സരത്തില്‍ ഉള്ളതെങ്കിലും കണ്ണിനസുഖത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ നിലവില്‍ ഹൗസില്‍ ഇല്ല. അതായത് പതിനൊന്ന് പേരാണ് നിലവില്‍ ഹൗസിനുള്ളില്‍ ഉള്ളത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും മറ്റ് മത്സരാര്‍ഥികളെക്കുറിച്ചുള്ള അഭിപ്രായം രസകരമായി പ്രകടിപ്പിക്കാനുള്ള ഒരു ഗെയിം ആണ് മോഹന്‍ലാല്‍ ഇന്ന് നല്‍കിയത്.
ഒരു പഴം ഓരോരുത്തര്‍ക്കും നല്‍കിയതിന് ശേഷം അവര്‍ മികച്ച പ്രതിയോഗിയായി കാണുന്നയാള്‍ക്ക് ആ പഴവും ഏറ്റവും നിസ്സാരമായി കാണുന്ന മത്സരാര്‍ഥിക്ക് അതിന്റെ തൊലിയും നല്‍കാന്‍ ആയിരുന്നു ടാസ്‌ക്. എന്തുകൊണ്ട് ഇവ അവര്‍ക്ക് നല്‍കുന്നു എന്നതിന് കാരണവും പറയണമായിരുന്നു. ഇതനുസരിച്ച് പതിനൊന്ന് പേരും തങ്ങള്‍ മികച്ചതെന്നും മോശമെന്നും കരുതുന്ന മത്സരാര്‍ഥികള്‍ക്ക് പഴവും തൊലിയും നല്‍കി. മറ്റ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും അവതാരകനായി എത്തിയ മോഹന്‍ലാലിനും കൗതുകം പകര്‍ന്ന ടാസ്‌ക് ആയിരുന്നു ഇത്.
ഈ ടാസ്‌ക് അനുസരിച്ച് രജിത് കുമാര്‍ മികച്ച എതിരാളിയായി കണ്ടെത്തിയ ആള്‍ ദയ അശ്വതിയാണ്. അത് എന്തുകൊണ്ടാണെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് രജിത് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. 'ഇന്നത്തെ ഈ പരിപാടിയില്‍ പോലും വമ്പന്‍ എതിരാളികള്‍ ഇരുന്നിട്ടും പേടിയില്ലാതെ, ധൈര്യമായി അവരെ എതിര്‍ക്കാനുള്ള മനക്കട്ടിയും ധൈര്യവും കാണിച്ചത് ദയയാണ്'. ഇന്നലത്തെ എപ്പിസോഡില്‍ ക്യാപ്റ്റന്‍സി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മിക്ക മത്സരാര്‍ഥികളും രജിത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചപ്പോള്‍ രജിത്തിനെ പിന്തുണയ്ക്കുന്ന നിലപാട് ആയിരുന്നു ദയയുടേത്. കഴിഞ്ഞ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവരില്‍ ഏറ്റവുമധികം വോട്ട് നേടിയതും ദയ അശ്വതി ആയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ